പണമില്ലാത്തതു കൊണ്ട് ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുത്; മെട്രോയുടെ പാലത്തിനു താഴെയുള്ള ഈ സ്‌കൂളില്‍ ആര്‍ക്കും വരാം

ഡല്‍ഹിയില്‍ യമുനാ ബാങ്ക് മെട്രോ സ്റ്റേഷനു സമീപം വെറും രണ്ടു കുട്ടികളുമായാണ് രാജേഷ് കുമാര്‍ “ഫ്രീ സ്‌കൂള്‍ അണ്ടര്‍ ദ ബ്രിഡ്ജ്” ആരംഭിക്കുന്നത്. ഇന്ന് ഈ സ്‌കൂളില്‍ പഠിക്കാനെത്തുന്നത് ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്നൂറോളം കുട്ടികളാണ്. പണമില്ലാത്തതുകൊണ്ട് ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്ന ചിന്തയാണ് ഇങ്ങനെയൊരു സ്‌കൂള്‍ തുടങ്ങാന്‍ രാജേഷിനെ പ്രേരിപ്പിച്ചത്. നാലിനും പതിന്നാലിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവിടേക്കെത്തുന്നത്.

സര്‍ക്കാരിന്റെയോ സന്നദ്ധസംഘടനകളുടെയോ സഹായമില്ലാതെ കഴിഞ്ഞ എട്ടുവര്‍ഷമായി രാജേഷ് കുമാര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ഹഥരസ് ജില്ലാ സ്വദേശിയാണ് 49കാരനായ രാജേഷ് കുമാര്‍. ഇപ്പോള്‍ ലക്ഷ്മി നഗറിലാണ് താമസം.

പലചരക്കുകട നടത്തുന്ന ഒഴിവു സമയങ്ങളിലാണ് കുട്ടികളെ പഠിപ്പിക്കാനെത്തുന്നത്. ലക്ഷ്മി ചന്ദ്ര, ശ്യാം മഹ്തോ, രേഖ, സുനിത, മനീഷ, ചേതന്‍ ശര്‍മ, സര്‍വേഷ് എന്നീ ഏഴ് അധ്യാപകരുടെ സഹായവും രാജേഷിന് ലഭിക്കുന്നുണ്ട്. യാതൊരു പ്രതിഫലവും പറ്റാതെയാണ് ഇവരുടെ സേവനം.

ചേരിയില്‍ നിന്നുള്ളവരുടെയും ആക്രി പെറുക്കുന്നവരുടെയും റിക്ഷാവലിക്കുന്നവരുടെയും മക്കളാണ് രാജേഷിന്റെ സ്‌കൂളില്‍ പഠിക്കാനെത്തുന്നത്.
നിലവില്‍ രണ്ട് ഷിഫ്റ്റിലായാണ് കുട്ടികള്‍ക്ക് ക്ലാസ് ലഭിക്കുന്നത്. രാവിലെ 9 മുതല്‍ 11വരെ 120 ആണ്‍കുട്ടികള്‍ക്കും ഉച്ചയ്ക്കു ശേഷം 2 മുതല്‍ 4.30 വരെ 180 പെണ്‍കുട്ടികള്‍ക്കും. അഞ്ച് ബോര്‍ഡുകളാണ് സ്‌കൂളിലുള്ളത്.

കുടുംബത്തിന്റെ മോശം സാമ്പത്തികസ്ഥിതി മൂലം ബി.എസ്.സി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നയാളാണ് രാജേഷ്. പണമില്ലാത്തതുകൊണ്ട് ആര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നാണ് രാജേഷിന്റെ പക്ഷം. ആഴ്ചയില്‍ അമ്പതുമണിക്കൂറോളം കുട്ടികള്‍ക്കു വേണ്ടി മാറ്റിവെക്കുന്നുണ്ടെന്ന് രാജേഷ് പറയുന്നു.

ഇതുവരെ ഒരു സര്‍ക്കാരും തന്നെ സഹായിക്കാനായി എത്തിയിട്ടില്ലെന്നും രാജേഷ് കൂട്ടിച്ചേര്‍ക്കുന്നു. ആദ്യം ചില സന്നദ്ധ സംഘടനകള്‍ സഹായത്തിനായി എത്തിയിരുന്നു. എന്നാല്‍ ചില സംശയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ സഹായം നിരസിച്ചു. സത്യസന്ധമായതും പണമല്ലാത്തതുമായ സംഭാവനകള്‍ മാത്രമേ താന്‍ സ്വീകരിക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.