ഒമ്പതു മാസം ഗര്‍ഭിണി, 315 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്ത് യുവതി, വിമര്‍ശനങ്ങള്‍

ഒമ്പതു മാസം ഗര്‍ഭിണിയായിരിക്കെ ഭാരോദ്വഹനം നടത്തിയ യുവതിക്ക് എതിരെ സോഷ്യല്‍ മീഡിയ. ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയായ യാന്‍യാ മില്യുട്ടിനോവിക് എന്ന ന്യൂയോര്‍ക്ക് സ്വദേശിനി 315 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

വിമര്‍ശനങ്ങള്‍ ശക്തമായതോടെ താന്‍ സുഖമായിരിക്കുന്നുവെന്നും ഒമ്പതാം മാസത്തില്‍ തന്റെ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും യാന്‍യാ ജിമ്മില്‍ നിന്നുള്ള വീഡിയോക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഏറ്റവും ആരോഗ്യത്തോടെയിരിക്കേണ്ട സമയമാണ് ഗര്‍ഭകാലം, ജിമ്മില്‍ വര്‍ക്കൗട്ട് നടത്തുന്നത് തനിക്ക് ശരീരത്തിന് ഏറെ സുഖം നല്‍കുന്നതായും ഇവര്‍ പറയുന്നു. ഭാരമുള്ള ഡംബല്‍ കയ്യിടുത്ത് ചാടി വ്യായാമം ചെയ്യുന്നതിന്റെയും ട്രെഡ്മില്ലില്‍ ഓടുന്നതിന്റെയെല്ലാം ചിത്രങ്ങള്‍ യാന്‍യാ പങ്കുവെച്ചിട്ടുണ്ട്.

പോലീസ് ഓഫീസര്‍ കൂടിയായ ഭര്‍ത്താവ് റിസല്‍ മാര്‍ട്ടിനെസാണ് പരിശീലനങ്ങളില്‍ യാന്‍യയെ സഹായിക്കുന്നത്. ജിമ്മില്‍ എത്തുന്നവര്‍ക്ക് പരിശീലനം നല്‍കാനും താന്‍ സമയം കണ്ടെത്തുന്നതായി യാന്‍യാ പറയുന്നു.