എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

ഇന്ന് മെയ് 8, ലോക റെഡ്ക്രോസ് ദിനം. യുദ്ധഭൂമിയിലും ആഭ്യന്തര കലാപ മേഖലകളിലും മനുഷ്യൻ നീറി ഒടുങ്ങേണ്ടി വരുന്ന ചോരചിന്തുന്ന കലാപാന്തരീക്ഷങ്ങളിലും മനുഷ്വത്വത്തിന്റെ തലോടലുമായി കടന്നെത്തുന്ന ഒരുകൂട്ടം ആതുര സേവകർ. കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ആതുരസേവന സംഘടനയാണ് റെഡ്ക്രോസ്. മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയായ റെഡ്ക്രോസിന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിലായി ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

റെഡ്‌ക്രോസിന്റെ സ്ഥാപകൻ ജീൻ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് റെഡ്ക്രോസ് ദിനമായി ആചരിക്കുന്നത്. ലോക റെഡ് ക്രോസ് ദിനം റെഡ് ക്രസൻ്റ് ദിനം എന്നും ഈ ദിനം അറിയപ്പെടുന്നു. ഇതിന് പിന്നിലും ഒരു കഥയുണ്ട്. പത്തൊൻപതാം നൂറ്റാമണ്ടിൻറെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. 1859-ൽ നോർത്ത് ഇറ്റലിയിലെ സോൾഫെറിനോയിൽ ഒരു കടുത്ത യുദ്ധം നടന്നു. യുദ്ധത്തിൽ നാൽപതിനായിരത്തിലധികം സൈനികർ മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

സോൾഫിറിനോ യുദ്ധം വിതച്ച ഭീകരതയും നഷ്ടവും നേരിൽ കാണാനിടവന്ന ഹെന്റി എന്ന വ്യവസായി യുദ്ധമുഖത്ത് പരിക്കേൽക്കുന്ന സൈനികർക്ക് പക്ഷം നോക്കാതെ അടിയന്തര വൈദ്യസഹായം നൽകുന്ന ഒരു പദ്ധതിയെപ്പറ്റി ആലോചിക്കുകയുണ്ടായി. യുദ്ധസമയത്തെ കഷ്ടപ്പാടുകളിൽ നിന്ന് മോചനം നേടുന്നതിനും നിഷ്പക്ഷമായ സഹായം നൽകുന്നതിനുമായി പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി ദേശീയ ദുരിതാശ്വാസ സൊസൈറ്റികൾ സൃഷ്ടിക്കാൻ അദ്ദേഹം തീരുമാനിച്ചു.

ഇതോടെ, 1863ൽ ജനീവയിൽ ഒരു കമ്മിറ്റി സ്ഥാപിക്കപ്പെട്ടു. ഇത് പിന്നീട് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയായി മാറി. 1948 ലാണ് ലോക റെഡ് ക്രോസ് ദിനം ആദ്യമായി ആചരിച്ചത്. 1910 ഒക്ടോബറിലാണ് ഡ്യൂനൻ അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ജീൻ ഹെന്റി ഡ്യൂനന്റിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര റെഡ്‌ക്രോസ് ദിനമായ് ആചരിക്കുന്നത്.

1828 മെയ് 8 ന് സ്വിറ്റ്‌സർലൻഡിലെ ജനീവ നഗരത്തിലാണ് റെഡ്‌ക്രോസിന്റെ സ്ഥാപകനായ ജീൻ ഹെന്റി ഡുനന്റ് ജനിച്ചത്. 1901-ൽ ലോകത്തിലെ ആദ്യത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു. ജനീവയിൽ തിരിച്ചെത്തിയ ഡ്യൂനൻ തന്റെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് 1862ൽ ‘എ മെമ്മറി ഒഫ് സോൾ ഫെറിനോ’ എന്ന കൃതി പ്രസിദ്ധീകരിച്ചു.

1864ൽ ജനീവയിൽ നടന്ന രണ്ടാമത്തെ സമ്മേളനത്തിൽ 12 രാഷ്ട്രങ്ങൾ പങ്കെടുത്തിരുന്നു. ഈ സമ്മേളനം അംഗീകരിച്ച പ്രഖ്യാപനം ജനീവ കൺവെൻഷൻ എന്നറിയപ്പെടുന്നു. തുടർന്ന് 1906ൽ നാവികയുദ്ധങ്ങളിൽ പരിക്കേൽക്കുന്നവരെ സംബന്ധിച്ചും 1929ൽ യുദ്ധത്തടവുകാരെ സംബന്ധിച്ചുമുള്ള ജനീവ കൺവെൻഷനുകൾ നിലവിൽ വന്നു.

ഇന്ത്യയിൽ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത് 1920ലാണ്. ലോകമെമ്പാടും ഉള്ള റെഡ് ക്രോസ് സംഘടനകൾ ജനങ്ങൾക്ക് സ്വാതന്ത്ര്യം, മാനവികത, നിക്ഷ്പക്ഷത, ഒരുമ, സാർവലൗകികത, സമഭാവം എന്നിവ ഉറപ്പാക്കാൻ ഈ ദിനം ആചരിച്ച് വരുന്നു. യുദ്ധത്തിൽ പരിക്കേറ്റ സൈനികരെയും സാധാരണക്കാരെയും സഹായിക്കുക എന്നതാണ് ലോക റെഡ് ക്രോസ് ദിനം ആഘോഷിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

കോവിസ് കാലഘട്ടത്തിലും റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങി ഏത് സമയത്തും റെഡ്ക്രോസ് എല്ലായ്‌പ്പോഴും മനുഷ്യരാശിയെ സംരക്ഷിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും മോശം സാഹചര്യങ്ങളിലും മനുഷ്യരാശിയെ സേവിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ രൂപീകരണത്തിന്റെ ലക്ഷ്യം.

Read more

“I give with joy, and the joy I give is a reward”അഥവാ’ഞാൻ സന്തോഷത്തോടെ നൽകുന്നു, ഞാൻ നൽകുന്ന സന്തോഷം ഒരു പ്രതിഫലമാണ്’എന്നതാണ് 2024 ലെ ലോക റെഡ് ക്രോസ്, റെഡ് ക്രസൻ്റ് ദിനത്തിനായി പ്രഖ്യാപിച്ച തീം. മാനവികതയുടെ കരുത്ത് എന്നതാണ് ഇന്റർനാഷനൽ റെഡ് ക്രോസ് കമ്മിറ്റിയുടെ മുദ്രാവാക്യം.