മാധ്യമങ്ങളുടെ അസംബന്ധ നാടകങ്ങള്‍ നിര്‍ത്താന്‍ പ്രേക്ഷകര്‍ റിമോട്ട് കൈയിലെടുക്കണം

ജ്യോതിര്‍മയി

കേരളത്തില്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നവരാണ് ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. മാധ്യമങ്ങള്‍ തന്നെ മാധ്യമ വിമര്‍ശകരാവുന്നു. വിമര്‍ശനം നേരിടുന്നവരും വിശ്വാസ്യത നഷ്ടം സംഭവിച്ചവരും ഉദാത്ത മാധ്യമത്തിന്റെ ഏറ്റവും മികച്ച വക്താക്കള്‍ തങ്ങളാണെന്ന് സ്വയം അഭിനന്ദിക്കുന്നു. എന്താണ് ഇവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതെന്ന് അറിയാതെ പ്രേക്ഷകര്‍ ഇവര്‍ അവതരിപ്പിക്കുന്ന വാര്‍ത്തയെ അസംബന്ധ നാടകമായി കണ്ടു രസിക്കുന്നു. ഇതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

കേരളത്തിലെ ദൃശ്യമാധ്യമങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പറയുക എളുപ്പമല്ല. കേവലമായ മൂല്യശോഷണത്തിന്റെയോ മത്സരം മുറുകുന്നതിന്റെയോ പ്രശ്‌നവുമല്ല ഇത് എന്നത് ഉറപ്പാണ്. കാല്‍നൂറ്റാണ്ട് പിന്നിട്ട കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലാണ് ഈ അപഹാസ്യ നാടകങ്ങള്‍ അരങ്ങേറുന്നതെന്നതാണ് പ്രധാനം.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേരളത്തില്‍ ഉണ്ടായ രണ്ട് പ്രധാന ആരോപണങ്ങളാണ്. ഒന്ന് മൂട്ടില്‍ മരംമുറി കേസും, രണ്ടാമത്തെത് മോന്‍സന്റെ വ്യാജ പുരാവസ്തു കേസും. ഈ രണ്ട് കേസിലും പ്രതികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ, അവരുടെ കുറ്റകൃത്യങ്ങള്‍ നേരത്തെ തന്നെ അറിയുകയോ അവര്‍ക്ക് വേണ്ടി ഇടപെടുകയോ ചെയ്തവരില്‍ രണ്ട് ദൃശ്യമാധ്യമ പ്രവര്‍ത്തകരുണ്ട്. ഒരേ സ്ഥാപനത്തില്‍ നിന്നുള്ളവര്‍. അവരെ ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ തന്നെ ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ക്രിമിനില്‍ കേസിലെ പ്രതികളുമായുള്ള മാധ്യമ പ്രവര്‍ത്തകരുടെ ബന്ധം സ്ഥിരീകരിക്കപ്പെടുന്നത്. ഒരിടത്ത് അത്. മറ്റൊരു ചാനലില്‍ ഒരു പ്രമുഖ അവതാരകന്‍, ദിവസം പ്രതിയെന്നോണം മാപ്പ് പറഞ്ഞാണ് പരിപാടി തുടങ്ങുന്നത് തന്നെ. അത് സ്ത്രീകളെ അപമാനിച്ചതിനും, നിയമസഭ സാമാജികരെ അപഹസിച്ചതിനുമെല്ലാം. മറ്റൊരു സ്ഥാപനത്തിലെ പ്രമുഖന്‍ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് പുറത്താക്കപ്പെടുന്നു. ഇങ്ങനെ മാധ്യമങ്ങള്‍ തന്നെ തെറ്റായ കാരണത്തിന്റെ പേരില്‍ വാര്‍ത്തയാകുന്നതിന്റെ തുടര്‍ സംഭവങ്ങളാണ് ഈയിടെ അരങ്ങേറിയത്.

ക്രിമിനല്‍ കേസിലെ പ്രതികളുമായി ബന്ധപ്പെട്ട രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ജോലി ചെയ്ത സ്ഥാപനം കഴിഞ്ഞ ദിവസം നടത്തിയ ഒരു ചര്‍ച്ച അവതാരകര്‍ അതിരു വിടുന്നോ എന്നതായിരുന്നു. അവതാരകരുടെ അതിരുകള്‍ നിശ്ചയിക്കുകയായിരുന്നില്ല ചാനലിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. മറ്റൊരു ചാനലിനെയും വിവാദ നായകനായ അവതാരകനയെും ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ച. സിപിഎം നേതാവ് എം സ്വരാജ് ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു. മാധ്യമ വിമര്‍ശനവും നടത്തി. എന്നാല്‍ എന്തുകൊണ്ടാണ് തുടരെതുടരെ തങ്ങളുടെ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരോപണവിധേയരാകുന്നതെന്നും മാധ്യമ ധാര്‍മ്മികതയുടെ കണിക പോലും ഇല്ലാത്ത ചിലര്‍ എങ്ങനെയാണ് തങ്ങളുടെ സ്ഥാപനത്തിലെ സുപ്രധാന പദവികളില്‍ എത്തിയതെന്നും വിശദീകരിക്കാനോ ഇവര്‍ തയ്യറായിട്ടുമില്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഏറ്റവും രൂക്ഷമായ ആരോപണങ്ങള്‍ നേരിടുന്ന മാധ്യമ പ്രവര്‍ത്തകരോ അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനോ ഒരു വിശദീകരണവും നല്‍കേണ്ടി വരുന്നില്ലെന്നതാണ് നമ്മുടെ വിഭാഗീയ ചര്‍ച്ചകള്‍ കൊണ്ടുണ്ടാകുന്ന ഫലം. അതേ സമയം നിര്‍ഭയമായി നേരറിയിക്കുന്നുവെന്ന് പറയുന്നവര്‍ക്കാകട്ടെ രാജ്യത്ത് കര്‍ഷകരെ വണ്ടി കയറ്റികൊലപ്പെടുത്തിയാല്‍ പോലും അത് ചര്‍ച്ച ചെയ്യേണ്ട വിഷയമായി തോന്നുന്നുമില്ല. രാഷ്ട്രീയദാസ്യം അത്ര വലുതാണ് ഈ അവതാരക പ്രമുഖന്.

രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം തന്നെ ക്രിമിനില്‍ പ്രവര്‍ത്തനമാണെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപി ഭരണകൂടം ശ്രമിക്കുമ്പോഴാണ് കേരളത്തിലെ വലിയ മാധ്യമങ്ങള്‍ അസംബന്ധ നാടകങ്ങള്‍ അരങ്ങില്‍ ആടി തീര്‍ക്കുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഉത്തര്‍പ്രദേശില്‍ വാര്ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെടുകയും യുഎപിഎ അടക്കമുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തി ജയിലിലിടുകയും ചെയ്ത സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തിലാണ് മാധ്യമ പ്രവര്‍ത്തനത്തെ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനമായി കാണുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുള്ളത്. പൗരത്വ നിയമഭേദഗതിക്കെതിരായ സമര റിപ്പോര്‍ട്ടുകളാണ് സിദ്ദീഖിന്റെ രാജ്യ ദ്രോഹ പ്രവര്‍ത്തനത്തിന് ഉദാഹരണമായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അത്രയും ഭീകരമാണ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളി. കേരളത്തിലെ കൊമ്പന്‍ മാരായ അവതാരകര്‍ക്കോ അവരുടെ പിന്നിലെ വിശ്രുതരായ എഡിറ്റര്‍മാര്‍ക്കോ, സെല്‍ഫ് റൈറ്റിയൂസ്‌നെസിന്റെ അപോസ്തലന്മാരായ മുതലാളി പ്രതാധിപര്‍ക്കോ ഈ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യണമെന്നോ പ്രശ്‌നങ്ങള്‍ പൊതു ചര്‍ച്ചയാക്കണമെന്നോ തോന്നിയില്ല. സാമൂഹ്യമാധ്യമ കാലത്ത് മാധ്യമ പ്രവര്‍ത്തനം കൂടുതല്‍ വിചാരണ ചെയ്യപ്പെടുന്നുണ്ടെന്ന് യാഥാര്‍ത്ഥ്യമാണ്. അത് അങ്ങനെയായിരിക്കുകയും വേണം. എന്നാല്‍ കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ കക്ഷികളുടെ കോടാലികൈകളായി നിന്ന് മാധ്യമ പ്രവര്‍ത്തനത്തെ അപഹസിക്കുന്നവര്‍ ചെയ്യുന്നതും ഭരണകൂടം ആഗ്രഹിക്കുന്നത് തന്നെയാണ്. വിശ്വാസ്യത ഇല്ലെന്ന് വരുത്തിയാല്‍ പിന്നെ മാധ്യമങ്ങളെ അവഗണിക്കുക എളുപ്പമാണ്. ഇതാണ് പല രീതിയില്‍ നടക്കുന്നത്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ വെട്ടുകിളി കൂട്ടങ്ങളെക്കാള്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നശിപ്പിച്ചത് ഇപ്പോള്‍ സ്‌ക്രീനില്‍ അപഹാസ്യ നാടകങ്ങള്‍ കളിക്കുന്നവരാണ്. സ്വന്തം സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകരുടെ വഴിവിട്ട ഇടപെടലുകളെ കുറിച്ച് മൗനം പാലിച്ച് ധാര്‍മ്മിക പ്രഘോഷണങ്ങള്‍ നടത്തി കൈയടി നേടുന്നവരും, അതുപോലെ, സ്ത്രീ വിരുദ്ധവും അപഹാസ്യവും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ ഇടപെടലുകള്‍ നടത്തുന്നതാണ് നിര്‍ഭയ മാധ്യമ പ്രവര്‍ത്തനമെന്ന് നടിക്കുന്നവരുമാണ് ഈ അവസ്ഥയില്‍ കേരളത്തിലെ ദൃശ്യമാധ്യമങ്ങളെ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളില്‍ ചിലരെ വിളിച്ച് അവരുടെ അപദാനങ്ങള്‍ വാഴ്ത്തിയാല്‍ മാത്രം അവതാരകര്‍ക്ക് അതിരു നിശ്ചയിക്കാന്‍ കഴിയുമെന്ന വിഡ്ഢിവേഷം കെട്ടുന്നവര്‍ കൂടിയാണ് ഈ അവസ്ഥയില്‍ ദൃശ്യമാധ്യമങ്ങളുടെ നിലവാരത്തെ തള്ളിയിട്ടത്.

രാത്രിചര്‍ച്ചയിലൂടെ കേരളം കൂടുതല്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയോ, മലയാളികള്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ കൂടുതല്‍ വ്യത്യസ്തമായ അഭിപ്രായങ്ങളെ കുറിച്ച് അറിയാനോ കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട് തന്നെ ആ ചര്‍ച്ചകള്‍ നിന്നു പോയാലോ, കാണില്ലെന്ന് വെച്ചാലോ മലയാളിക്ക് ഒന്നും സംഭവിക്കാനും പോകുന്നില്ല. ഈ അംസബന്ധ നാടകം നിര്‍ത്താന്‍ മലയാളി റിമോട്ട് കൈയിലെടുക്കുക തന്നെ വേണം. മാധ്യമ പ്രവര്‍ത്തനത്തെ അതിന്റെ എല്ലാ അന്തസ്സോടെയും വീണ്ടെടുക്കാന്‍ റിമോട്ട് എടുക്കുക തന്നെ വേണ്ടിവരും.