വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് മറ്റു വായ്പകള്‍ക്ക് പിറകേ പോകണം! അറിയാം ഗോള്‍ഡ് ലോണിന്റെ സൗകര്യങ്ങള്‍

 

 

ഭാവിയിലേക്ക് മുതല്‍കൂട്ടാകുന്ന എന്തെങ്കിലും ആസ്ഥി സ്വന്തമാക്കാനോ നിലവിലെ ചെലവുകള്‍ ലാഭിക്കുന്നതിനോ അല്ലാതെ ലോണ്‍ എടുക്കാന്‍ പോകരുത് എന്ന് ആദ്യമേ പറയാം. പിന്നെ ബിസിനസുകാര്‍ മൂലധനന ആവശ്യങ്ങള്‍ക്കായി ഹ്രസ്വകാല വായ്പയെടുക്കാറുണ്ട്. എങ്കിലും ചില അത്യാവശ്യഘട്ടങ്ങളില്‍ അപ്രതീക്ഷിതമായ ചില ചെലവുകള്‍ വരുമ്പോള്‍ മറ്റ് ഫണ്ടുകളൊന്നും കരുതിവെച്ചില്ലെങ്കില്‍ ലോണ്‍ തന്നെ ശരണം.

രണ്ട് തരത്തിലുള്ള ലോണുകളുണ്ട്. സെക്വേര്‍ഡ് ലോണുകളും അണ്‍സെക്വേര്‍ഡ് ലോണുകളും. സെക്വേര്‍ഡ് ലോണുകള്‍ ലഭിക്കാന്‍ സെക്യൂരിറ്റിയായി നമ്മള്‍ എന്തെങ്കിലും നല്‍കണം. വായ്പയെടുത്തയാള്‍ മുതലും പലിശയും അടയ്ക്കാത്തപക്ഷം സെക്യൂരിറ്റിയായി നല്‍കിയ വസ്തു വിറ്റ് അത് ഈടാക്കാനുള്ള അധികാരം വായ്പ നല്‍കിയ സ്ഥാപനത്തിനുണ്ടായിരിക്കും.

സെക്യൂരിറ്റി നല്‍കുന്നതുകൊണ്ടുതന്നെ ഇത്തരം ലോണുകള്‍ക്ക് ചെലവ് കുറവാണ്. സെക്യൂരിറ്റി നല്‍കാതെയുള്ള ലോണുകള്‍ക്ക് ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശയും മറ്റും ഈടാക്കുകയും ചെയ്യും. പേഴ്സണല്‍ ലോണ്‍ ഇതിന് ഉദാഹരണമാണ്.

സെക്വേര്‍ഡ് ലോണുകളില്‍ വളരെയധികം സാധാരണമാണ് ഗോള്‍ഡ് ലോണുകള്‍. സ്വര്‍ണം വെറുതെ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നത് അല്പം ടെന്‍ഷനുള്ള പണിയാണ്. ലോക്കറില്‍ സൂക്ഷിക്കാനും പണം നല്‍കണം. അതിനാല്‍ അടിയന്തരമായ ആവശ്യങ്ങള്‍ക്ക് ഗോള്‍ഡ് ലോണ്‍ എടുക്കുന്നത് സ്വര്‍ണത്തിന്റെ സുരക്ഷിതത്വത്തിനും നല്ലതാണ്.

ഇന്ത്യന്‍ കുടുംബങ്ങളില്‍ 80% പേരുടെ പക്കലും വീടുകളിലോ ബാങ്ക് ലോക്കറുകളിലോ വെറുതെ കിടക്കുന്ന സ്വര്‍ണമുണ്ടെന്ന് പറഞ്ഞാല്‍ അത്ഭുതം തോന്നും. സിറ്റിയില്‍ ഒരു ഫ്ളാറ്റ് വാങ്ങി വര്‍ഷം ഒന്നോ രണ്ടോ മാസം മാത്രം ഉപയോഗിച്ച് ബാക്കി സമയത്തെല്ലാം അടച്ചിടുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ. വലിയൊരു വരുമാനമുണ്ടാക്കാനുള്ള സാധ്യതകളാണ് അതുവഴി അടയുന്നത്. അതുപോലെ തന്നെയാണ് സ്വര്‍ണത്തിന്റെ കാര്യവും.

ഗോള്‍ഡ് ലോണ്‍ എടുക്കുന്നതിന്റെ ഗുണങ്ങള്‍:

പലിശ നിരക്ക് വളരെ കുറവായിരിക്കും. ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് എപ്പോള്‍ വേണമെങ്കിലും പലിശയോ മുതലോ അടയ്ക്കാമെന്നതും സൗകര്യമാണ്. അതായത് ഇ.എം.ഐ ശല്യമില്ലയെന്നര്‍ത്ഥം.

പ്രോസസിങ് ഫീസോ ലോണ്‍ ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജോ നല്‍കേണ്ട ആവശ്യമില്ല. കൂടാതെ ലോണ്‍ സൗജന്യമായി പുതുക്കുകയും ചെയ്യാം. യാതൊരു സങ്കീര്‍ണതകളുമില്ലാതെ തന്നെ.

ഗോള്‍ഡ് ലോണ്‍ നേടാന്‍ വരുമാനം കാണിക്കുന്ന രേഖകളോ ക്രഡിറ്റ് സ്‌കോറോ ഒന്നും നോക്കേണ്ട കാര്യമില്ല. വളരെ കുറഞ്ഞ രേഖകള്‍ കൊണ്ടുതന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലോണ്‍ നേടിയെടുക്കാം.