സ്ഥിരനിക്ഷേപമാണോ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളാണോ നല്ലത്? എവിടെ നിക്ഷേപിച്ചാലാണ് നികുതി ലാഭമെന്ന് അറിയാം

അപകട സാദ്ധ്യതയില്ലാത്ത നിക്ഷേപങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളവയാണ് സ്ഥിര നിക്ഷേപങ്ങളും ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളും. ഉയര്‍ന്നുകൊണ്ടിരിക്കുന്ന പലിശനിരക്കിലും ഇന്ത്യന്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ആശ്രയിക്കാവുന്ന ഓപ്ഷനാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നത് തെളിയിക്കപ്പെട്ടതാണ്. ഡെറ്റ് സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് വളരെ കുറഞ്ഞ റിസ്‌ക് പ്രൊഫൈലാണെങ്കിലും സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയര്‍ന്ന വാര്‍ഷിക റിട്ടേണുകള്‍ ഡെറ്റ് ഫണ്ടുകളില്‍ കിട്ടാറുണ്ട്.

റിസ്‌കിന്റെയും റിട്ടേണിന്റെയും കാര്യത്തില്‍ ഈ രണ്ട് നിക്ഷേപ മാര്‍ഗങ്ങളും ഏതാണ്ട് ഒരുപോലെയാണെങ്കിലും നികുതിയുടെ കാര്യത്തില്‍ പറയത്തക്ക ചില വ്യത്യാസങ്ങളുണ്ട് ഇവ രണ്ടും തമ്മില്‍.

സ്ഥിരനിക്ഷേപവും ഡെറ്റ് മ്യൂച്വല്‍ ഫണ്ടും നികുതി കാര്യത്തില്‍ എങ്ങനെ വ്യത്യാസപ്പെടുന്നു?

ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളുടെ നികുതി ആ ഫണ്ട് എത്രകാലം ഹോള്‍ഡ് ചെയ്തുവെന്നതിനെ ആശ്രയിച്ചിരിക്കും. ആദായ നികുതി നിയമം 161ലെ സെക്ഷന്‍ 2(42എ) പ്രകാരം 36 മാസംവരെയുള്ള ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ ഹ്രസ്വകാല മൂലധന നേട്ടങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. നിക്ഷേപകന് ബാധകമായ നികുതി സ്ലാബ് നിരക്ക് അനുസരിച്ചാണ് ഈ റിട്ടേണിന് നികുതി ഈടാക്കുന്നത്. എന്നാല്‍ 36 മാസത്തിനുമുകളില്‍ ഹോള്‍ഡ് ചെയ്ത യൂണിറ്റുകള്‍ ദീര്‍ഘകാല മൂലധന നേട്ടങ്ങളുടെ വിഭാഗത്തിലാണ് പെടുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 112 പ്രകാരം 20% നികുതി ഈടാക്കുകയും ചെയ്യും. ഡെറ്റ് ഫണ്ടുകളില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള ഡിവിഡന്റുകള്‍ കിട്ടുകയാണെങ്കില്‍ അതിന് നിക്ഷേപകന് ബാധകമായ നികുതി സ്ലാബ് നിരക്ക് പ്രകാരം നികുതി ഈടാക്കുന്നതായിരിക്കും.

സ്ഥിരനിക്ഷേപത്തിലൂടെ കിട്ടുന്ന പലിശക്ക് മാര്‍ജിനല്‍ ഇന്‍കം ടാക്സ് സ്ലാബ് നിരക്കില്‍ നികുതി ചുമത്തുന്നു. ഒരു ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ മെച്യൂരിറ്റി വരുമാനത്തിന് നികുതി ചുമത്തില്ല. എന്നാല്‍ നിക്ഷേപകന് പലിശയിനത്തില്‍ 40,000 രൂപയ്ക്ക് മുകളില്‍ നല്‍കിയിട്ടുണ്ടെങ്കില്‍ ബാങ്ക് പത്തുശതമാനം ടി.ഡി.എസ് കുറയ്ക്കും. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തില്‍ 50000 രൂപയ്ക്ക് മുകളിലുള്ള പലിശ വരുമാനത്തിനാണ് നികുതി നല്‍കേണ്ടത്. ഇതില്‍ ഏതാണ് നികുതി കാര്യത്തില്‍ കാര്യക്ഷമം എന്നത് നിക്ഷേപത്തില്‍ നിന്നുലഭിക്കുന്ന റിട്ടേണ്‍, നിക്ഷേപകന് ബാധകമായ നികുതി ബ്രാക്കറ്റ്, ഹോള്‍ഡിങ് ടൈം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

എഫ്.ഡിയും ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍:

1. ഡെറ്റ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയെ ആശ്രയിച്ചാണ് റിട്ടേണ്‍ നല്‍കുന്നത്. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളെ ഇത്തരം വിപണി ചാഞ്ചാട്ടങ്ങള്‍ ബാധിക്കാറില്ല.

2. മിക്ക ഡെറ്റ് ഫണ്ടുകളും ഓപ്പണ്‍ എന്റഡ് ആണ്. അതായത് ഇന്‍വെസ്റ്റ്മെന്റിനും റഡീം ചെയ്യാനും എപ്പോഴും കഴിയുന്നത്. ഇവയ്ക്ക് എക്സിറ്റ് ലോഡ് അഥവാ ഫണ്ട് റഡീം ചെയ്യുമ്പോഴോ എക്സിറ്റ് ചെയ്യുമ്പോഴോ അസറ്റ്മാനേജ്മെന്റ് കമ്പനി നിക്ഷേപകരില്‍ നിന്നും ഈടാക്കുന്ന ചാര്‍ജ് ബാധകമല്ല. സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തില്‍ കാലാവധി കഴിയുംമുമ്പ് പണം പിന്‍വലിച്ചാല്‍ അതിന് പിഴ നല്‍കേണ്ടിവരും.

3. പലിശ നിരക്കുകളില്‍ മയംവന്നാല്‍, ലിക്വിഡ് ഫണ്ടുകള്‍ക്ക് പോര്‍ട്ട്ഫോളിയോ യീല്‍ഡിനേക്കാള്‍ കൂടിയ റിട്ടേണ്‍ നല്‍കാന്‍ കഴിയും. എന്നാല്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശ അതിന്റെ കാലാവധി പൂര്‍ത്തിയാകുംവരെ മാറ്റമില്ലാതെ തുടരും.

4. ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപകര്‍ മൂന്നുവര്‍ഷത്തേക്കോ അതിന് മുകളിലോ നിക്ഷേപിച്ചാല്‍ 20% നികുതി നിരക്കാണ് ബാധകമാകുക. എന്നാല്‍ ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തില്‍ മാര്‍ജിനല്‍ നിരക്കില്‍ നിക്ഷേപകര്‍ നികുതി നല്‍കേണ്ടിവരും, ഇത് 30% മുതല്‍ 40% വരെയാകാം.

5. ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ അണ്‍സെക്വേര്‍ഡ് ആണ്. എന്നാല്‍ ഡെറ്റ് ഫണ്ടുകള്‍ അവ പിടിച്ചുവെക്കുന്ന സെക്യൂരിറ്റികളാല്‍ സുരക്ഷിതമാക്കിയതാണ്. എഫ്.ഡിയേക്കാള്‍ പ്രിയം ഡെറ്റ് ഫണ്ടുകള്‍ക്കാവാം, കാരണം ഇവ സെക്വേര്‍ഡും മികച്ച ലിക്വിഡിറ്റി വാഗ്ദാനം ചെയ്യുന്നതും ഉയര്‍ന്ന റിട്ടേണ്‍ സാധ്യതയുള്ളതും നികുതി കാര്യക്ഷമവുമാണ്.

റിട്ടേണ്‍ കാര്യത്തിലുള്ള വ്യത്യാസം: ഇന്ത്യക്കാര്‍ക്ക് സ്ഥിര നിക്ഷേപങ്ങളോട് പ്രത്യേക മമതയുണ്ട്. ഇന്ത്യന്‍ പോര്‍ട്ട്ഫോളിയോയുടെ ഒരു വലിയ ഭാഗം സ്ഥിര നിക്ഷേപങ്ങളിലാണ്. റിസ്‌കിന്റെ കാര്യത്തില്‍ എഫ്.ഡിയോട് അടുത്ത് നില്‍ക്കുന്ന ഒന്നാണ് ഡെറ്റ് ഫണ്ടുകള്‍. സ്ഥിര നിക്ഷേപങ്ങളുടെ 6-8% എന്ന നിരക്കിനേക്കാള്‍ അല്പം ഉയര്‍ന്ന 7-9%നിരക്കില്‍ ഡെറ്റ് ഫണ്ടുകള്‍ റിട്ടേണ്‍ നല്‍കുന്നു. ഉയര്‍ന്ന ലിക്വിഡിറ്റിലും എസ്.ഐ.പി സാധ്യതയുമെല്ലാം ഡെറ്റ് ഫണ്ടുകള്‍ക്കുള്ള സൗകര്യമാണ്.

സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് സാഹചര്യത്തില്‍ ഡെറ്റ് ഫണ്ടുകള്‍ സ്ഥിരനിക്ഷേപങ്ങളേക്കാള്‍ മെച്ചമാണ്. റിസ്‌ക് രണ്ട് നിക്ഷേപങ്ങള്‍ക്കും സമാനമാണെങ്കിലും ഡെറ്റ് ഫണ്ടുകള്‍ ഉയര്‍ന്ന റിട്ടേണുകള്‍ നല്‍കുന്നു. കൂടാതെ ഉയര്‍ന്ന നികുതി സ്ലാബില്‍പ്പെട്ടവര്‍ക്ക് നേട്ടം നല്‍കുകയും ചെയ്യുന്നു.