പുതുവർഷത്തിലും രക്ഷയില്ല, വാഹന വിൽപ്പന ജനുവരിയിലും ഇടിഞ്ഞു

ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായ രംഗത്തെ കടുത്ത മാന്ദ്യം പുതിയ വർഷത്തിലും തുടർക്കഥയാവുന്നു . ജനുവരി മാസത്ത വിൽപ്പനയുടെ കണക്കുകൾ സൊസൈറ്റി ഫോർ ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് പുറത്ത് വിട്ടു. ജനുവരിയിൽ കാറുകളുടെ വിൽപ്പന 8.1 ശതമാനം കുറഞ്ഞു. 164,793 കാറുകളാണ് കഴിഞ്ഞ മാസം വിൽപനയായത്. കഴിഞ്ഞ ജനുവരിയിൽ ഇത് 179,324 യൂണിറ്റായിരുന്നു. മോട്ടോർ സൈക്കിളുകളുടെ കാര്യത്തിൽ സ്ഥിതി കുറേക്കൂടി പരിതാപകരമാണ്. 15.17 ശതമാനം ഇടിവ്. മൊത്തം വിൽപ്പന 871,886 ആയി താഴ്ന്നു. 2019 ജനുവരിയിൽ ഇത് 10.27 ലക്ഷം യൂണിറ്റായിരുന്നു.

പാസഞ്ചർ വാഹനങ്ങളുടെ ജനുവരി മാസത്തെ വിൽപ്പന 6.2 ശതമാനം കുറഞ്ഞു. 262,714 യൂണിറ്റുകളാണ് വിറ്റത് . കഴിഞ്ഞ ജനുവരിയിൽ 280,091 വാഹനങ്ങളാണ് ഈ വിഭാഗത്തിൽ വില്പനയായത്. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വിൽപ്പന 75289 യൂണിറ്റായി കുറഞ്ഞു. 14.04 ശതമാനം ഇടിവ്. എല്ലാ വിഭാഗങ്ങളിലെയും വാഹനങ്ങളുടെ വില്പനയിൽ രേഖപ്പെടുത്തിയത് 13.83 ശതമാനം ഇടിവാണ്. 20,19,253 യൂണിറ്റിൽ നിന്ന് വിൽപ്പന 17,39,975 യൂണിറ്റായി കുറഞ്ഞതായി വിൽപ്പനയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മാസമായി തുടർച്ചയായി വാഹന വിൽപ്പന താഴ്ന്ന സ്ഥിതിയാണ്.