ഉബറിന്റെ ഫ്ലയിംഗ് ടാക്സി ഇന്ത്യയിലേയ്ക്കും

ഉബറിന്റെ പുതിയ ഫ്ലയിംഗ് ടാക്സി സർവീസ് ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നതിന് ഉബർ എയർ ഒരുങ്ങുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് കമ്പനി ഭാവിയുടെ വ്യക്തിഗത ഗതാഗത സംവിധാനമായ ഫ്ലയിംഗ് ടാക്സി അവതരിപ്പിക്കുന്നത്. ‘ഭാവിയിൽ വളരെയേറെ മാർക്കറ്റ് സാധ്യത കാണുന്നതിനാൽ ഇന്ത്യയിൽ ഞങ്ങൾക്ക് ഏറെ താത്പര്യമുണ്ട്’ – ഉബർ എലിവേറ്റിന്റെ ഹെഡ് എറിക് അലൈസൻ പറഞ്ഞു.
അമേരിക്കയിലെ ഡാലസ്, ലോസ് ഏഞ്ചൽസ് എന്നീ നഗരങ്ങളിലാണ് കമ്പനി ഇതിന്റെ പൈലറ്റ് പ്രോജക്ട് അവതരിപ്പിച്ചത്. മുംബൈ, ഡൽഹി, ബെംഗളൂരു എന്നീ നഗരങ്ങൾ പരീക്ഷണ പറക്കൽ നടത്തുന്നതിനുള്ള ലിസ്റ്റിൽ ഉബർ ഉൾപ്പെടുത്തിയിട്ടുണ്ട്.

2023- ൽ ഈ ഫ്ലയിംഗ് ടാക്സി വാണിജ്യാടിസ്ഥാനത്തിൽ അവതരിപ്പിക്കാനാണ് പദ്ധതി. മെൽബണിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ഇത് കൊണ്ട് വരും. ഇതിൽ ഒന്ന് ഒരു ഇന്ത്യൻ നഗരമായിരിക്കുമെന്നാണ് സൂചന. ദുബായിലും ഇതിന്റെ ട്രയൽ നടത്തിയിരുന്നു. പൈലറ്റില്ലാതെ പറക്കുന്ന ചെറിയ വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. വൈദ്യുതിയിലാണ് ഇവ പ്രവർത്തിക്കുന്നത്. ഉബർ കാറുകൾ ബുക്ക് ചെയ്യുന്ന രീതിയിൽ തന്നെ മൊബൈൽ ആപ്പ് വഴി ഇവ ബുക്ക് ചെയ്യാം. ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, ചെറിയ എയർക്രാഫ്റ്റുകൾ, ജെറ്റ് പവറുള്ള വാഹനങ്ങൾ എന്നിവ ഈ സർവീസിനായി ഉപയോഗിക്കും. കുറഞ്ഞ ഏരിയയിൽ കുത്തനെ ഉയരാനും താഴാനും കഴിവുള്ള വാഹനങ്ങളാണ് ഇവ.