സംസ്ഥാനത്ത് സമ്പൂർണ മാറ്റത്തിനൊരുങ്ങി കേരള ബിജെപി. ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. നിലവിലെ ഭാരവാഹികളെ ഒന്നാകെ മാറ്റി വലിയൊരു മാറ്റം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. നിലവിലെ ഭാരവാഹി പട്ടികയിൽ നിന്നും കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷത്തെ തഴഞ്ഞേക്കുമെന്നും അതേസമയം എം ടി രമേശിനെ നിലനിർത്തുമെന്നും സൂചനയുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നതിന് മുൻപായി പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് ബിജെപിയുടെ നടപടി. പത്ത് ഉപാധ്യക്ഷന്മാർ ഉൾപ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവർ ജനറൽ സെക്രട്ടറിമാരയേക്കും. പി സുധീർ, സി കൃഷ്ണകുമാർ എന്നിവരെ മാറ്റും. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോർച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും.
നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം ടി രമേശ് തുടർന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രൻ എത്തുമെന്നാണ് സൂചന. അതേസമയം മുരളീധരൻ പക്ഷത്തുനിന്നുളള പി സുധീർ, സുരേന്ദ്രൻ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാർ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കുമെന്നും സൂചനയുണ്ട്. അതേസമയം സംഘടനയെ ചലിപ്പിക്കാൻ തനിക്ക് കൂടി സ്വീകാര്യരായ നേതാക്കളെ രാജീവ് ചന്ദ്രശേഖർ പരിഗണിക്കാൻ തീരുമാനിച്ചാൽ ഷോൺ ജോർജ്, എസ് സുരേഷ് എന്നിവരെ ജനറൽ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവന്നേക്കും.