ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന സംഭവത്തിൽ വൻ അനാസ്ഥ എന്ന് ആരോപണം. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും നടപടി ഒന്നും ഉണ്ടായില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
1985ലാണ് ഗതാഗതത്തിനായി ഈ പാലം തുറന്ന് കൊടുത്തത്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം നിർമിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. 212 കോടി ഇതിനായി പാസായിട്ടുണ്ട്. എന്നിട്ടും പുതിയ പാലത്തിൻറെ നിർമ്മാണം തുടങ്ങുകയോ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം തടയുകയോ ചെയ്തില്ല.
പാലത്തിൽ തെരുവു വിളക്കുകളും ഉണ്ടായിരുന്നില്ല. 3 വർഷത്തിനിടെ ഗുജറാത്തിൽ തകർന്നത് 10 പാലങ്ങളാണ്. അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും. ദുരന്തത്തിൽ രണ്ട് കുഞ്ഞുങ്ങളടക്കം 9 പേരാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത്.