ക്രിക്കറ്റിൽ കോളടിച്ചത് ടി വി കമ്പനികൾ

Advertisement

ലോക കപ്പ് ക്രിക്കറ്റ് ആദ്യ റൌണ്ട് പിന്നിടുമ്പോൾ വൻനേട്ടം കൊയ്തത് ടെലിവിഷൻ മാർക്കറ്റ്. 55 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള മിക്ക ബ്രാൻഡുകളുടെയും വില്പന ഇതിനകം 100 ശതമാനം കൂടിയതായി മാർക്കറ്റ് വൃത്തങ്ങൾ പറഞ്ഞു. പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽ ജി , സോണി, പാനാസോണിക് തുടങ്ങിയവയുടെ വില്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനം വർദ്ധന രേഖപ്പെടുത്തി. പ്രധാന നഗരങ്ങളിൽ മാത്രമല്ല, വില്പന കൂട്ടിയിരിക്കുന്നത്  കൊച്ചി ഉൾപ്പടെയുള്ള പ്രാദേശിക നഗരങ്ങളിലും ടി വി വില്പനയിൽ വലിയ മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്.

ടൂർണമെന്റ് നോക്ക് ഔട്ട് റൗണ്ടിലേക്ക് കടക്കുന്നതോടെ ആവേശം കൂടുകയും വില്പന തകർത്തു കയറുമെന്നും കമ്പനികൾ കണക്കുകൂട്ടുന്നു. താരതമ്യേന മാന്ദ്യത്തിലായിരുന്ന ടി വി വിപണിക്ക് ലോക കപ്പ് നൽകിയത് പുതിയ ഉണർവാണ്.

ചെറിയ സ്‌ക്രീൻ ടി വിയിൽ നിന്ന് വലിയ ടി വിയിലേക്ക് മാറുന്നതാണ് 55 ഇഞ്ചിന് മുകളിലുള്ള ടി വികൾക്ക് ഡിമാൻഡ് കൂടാൻ കാരണമെന്ന് സാംസങ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രാജീവ് ഭൂട്ടാനി പറഞ്ഞു. 50,000 രൂപ മുതൽ 1.75 ലക്ഷം രൂപ വരെയാണ് വിവിധ ബ്രാൻഡുകളുടെ വലിയ ടി വി കളുടെ വില. സാംസങ് ഈയിടെ ഏറ്റവും പുതിയ മോഡലായ 8 കെ യു എച്ച് ഡി ടി വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 10.99 ലക്ഷം രൂപ മുതൽ 59.99 ലക്ഷം രൂപ വരെയാണ് വില. 1.25 കോടി ടെലിവിഷൻ സെറ്റുകളാണ് ഇന്ത്യയിൽ ഒരു വർഷം വിറ്റഴിയുന്നത്.