ബംഗലൂരുവില്‍ തെരുവോരങ്ങളില്‍ നിന്ന് സ്ത്രീകളുടെ വീഡിയോ അനുവാദമില്ലാതെ എടുത്ത് ഇന്‍സ്റ്റാഗ്രാം പേജുണ്ടാക്കി പങ്കുവെച്ചയാള്‍ അറസ്റ്റില്‍. 26 വയസുള്ള തൊഴില്‍രഹിതനായ യുവാവാണ് സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും അവരുടെ സമ്മതമില്ലാതെ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പലപ്പോഴും അശ്ലീലരീതിയിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതും പങ്കുവെച്ചതും. ഒരു പെണ്‍കുട്ടി തന്റെ ദൃശ്യം ദുരുപയോഗം ചെയ്തത് കണ്ടു നീക്കാന്‍ ആവശ്യപ്പെട്ടിട്ടും അക്കൗണ്ട് ഉടമ തയ്യാറാകാതിരുന്നതോടെയാണ് സോഷ്യല്‍മിഡിയ വിഷയത്തില്‍ പൊലീസ് ഇടപെട്ടത്.
തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് പെണ്‍കുട്ടി അക്കൗണ്ടിനെതിരെ ശക്തമായി പ്രതികരിച്ചതും വിഷയം ഇന്‍സ്റ്റഗ്രാമില്‍ വൈറലായി പൊലീസ് ഇടപെട്ടതും. ഇതോടെ ബെംഗളൂരു പൊലീസ് ഹോട്ടല്‍ മാനേജ്മെന്റ് ബിരുദധാരിയായ ഗുര്‍ദീപ് സിംഗിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകളുടെ വീഡിയോകള്‍ സമ്മതമില്ലാതെ ഓണ്‍ലൈനില്‍ പങ്കുവെച്ചതിന് അറസ്റ്റിലായ ഗുര്‍ദീപ് സിംഗ് നിലവില്‍ തൊഴില്‍രഹിതനായ വ്യക്തിയാണ്. ബെംഗളൂരുവിലെ കെആര്‍ പുരം പ്രദേശത്തെ വസതിയില്‍ നിനനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിന്റെ മധ്യഭാഗത്തുള്ള പ്രശസ്തമായ വാണിജ്യ മേഖലയായ ചര്‍ച്ച് സ്ട്രീറ്റില്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പുകളാണ് ഇയാള്‍ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്. പൊതു ഇടങ്ങളിലൂടെ നടക്കുന്ന സ്ത്രീകള്‍ അറിയാതെയോ ക്യാമറ കാണുമ്പോള്‍ പലപ്പോഴും അമ്പരന്നോ നില്‍ക്കുന്ന വീഡിയോകള്‍ ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സ്ട്രാറ്റ് ചാവോസ്- ‘തെരുവിലെ അവസ്ഥകള്‍’ എന്ന് പറഞ്ഞാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരുന്നത്. സ്ത്രീകളെ പിന്തുടരുന്ന് വീഡിയോ എടുക്കുന്നത് നിരവധി വീഡിയോകളില്‍ കാണാവുന്നതാണ്.
Read more
ഇത്തരം വീഡിയോകള്‍ വള്‍ഗര്‍ രീതിയില്‍ ചിത്രീകരിച്ചു അക്കൗണ്ടില്‍ വന്നതോടെ പല സ്ത്രീകള്‍ക്കം അശ്ലീല ചുവയോടെ മെസേജുകളും വന്നുതുടങ്ങി. ഈ സാഹചര്യത്തിലാണ് പൊലീസ് ഇടപെടലും അറസ്റ്റും. നേരത്തെ ബംഗലൂരൂ മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കലും ബംഗലൂരുവില്‍ നടന്നിരുന്നു. മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അവരറിയാതെ പകര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട അക്കൗണ്ട് ഉടമയെ ബംഗലൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്സ് @മെട്രോ ചിക്സ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടാണ് സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി നിയമവിരുദ്ധമായി പ്രചരിപ്പിച്ചത്. യാത്രികരറിയാതെ പല അടിക്കുറുപ്പുകളില്‍ പങ്കുവെച്ച ദൃശ്യങ്ങള്‍ കാണാന്‍ ഇന്‍സ്റ്റ പേജില്‍ ആറായിരത്തിലധികം ഫോളോവേഴ്സാണ് ഉണ്ടായിരുന്നു. 27 വയസുകാരനായ ദിഗന്താണ് അന്ന് അറസ്റ്റിലായത്.








