കൂറ്റൻ റാലി തുടരുന്നു, സെൻസെക്‌സ് 37,500നു മുകളിൽ, ഒറ്റദിനത്തിലെ നേട്ടം 481 പോയിന്റ്

തുടർച്ചയായ രണ്ടാം ദിനവും ഓഹരി കമ്പോളത്തിലെ വമ്പൻ മുന്നേറ്റം തുടർന്നു. സെൻസെക്‌സ് വ്യാപാരത്തിനിടയിൽ 37,500 പോയിന്റ് എന്ന നിർണ്ണായക നാഴികക്കല്ല് മറികടന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രത്യേകത. ഐ സി ഐ സി ഐ ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർ ടെൽ, പവർ ഗ്രിഡ്, അദാനി പോർട്സ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് ഇന്നത്തെ റാലിക്ക് നേതൃത്വം കൊടുത്തത്.

എൻ എസ് ഇ നിഫ്റ്റി 11,300 പോയിന്റും മറികടന്ന് കുതിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായ തകർപ്പൻ റാലിയാണ് വിപണിയിൽ പ്രകടമാകുന്നത്. എൻ ഡി എ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മ വിശ്വാസത്തിലാണ് ഓഹരി കമ്പോളം. വിദേശ ഫണ്ടുകളുടെ പണമൊഴുക്കും ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ സെൻസെക്‌സ് 800 പോയിന്റിന്റെ നേട്ടമാണ് കൈവരിച്ചത്. 481 .56 പോയിന്റ് ഉയർന്ന സെൻസെക്‌സ് 37,535 .66 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ നിഫ്റ്റി 133 .15 പോയിന്റ് നേട്ടത്തോടെ 11,301 .22 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.