പാർട്ടികൾക്ക് സംഭാവന നൽകാൻ തിരക്ക്, ഇലക്ടറൽ ബോണ്ടുകളുടെ വിൽപ്പന കൂടി

തിരഞ്ഞെടുപ്പ് കാലമായതോടെ രാഷ്ട്രീയ പാർട്ടികൾക്ക് നിയമവിധേയമായി സംഭാവന നൽകാൻ കഴിയുന്ന ഇലക്ടറൽ ബോണ്ടുകളുടെ വിൽപനയിൽ വലിയ മുന്നേറ്റം. കഴിഞ്ഞ വർഷം മാർച്ച് മുതലുള്ള ആറ് മാസകാലയളവിനെ അപേക്ഷിച്ച് ഈ വർഷം ബോണ്ടുകളുടെ വിൽപന 62 ശതമാനമാണ് ഉയർന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് വഴി സംഭാവന നൽകുന്നതിന് സൗകര്യം ഒരുക്കുന്നത്. 2019 ജനുവരി – മാർച്ച് കാലയളവിൽ 1716.05 കോടി രൂപയുടെ ബോണ്ടുകളാണ് വിൽപനയായത്. 2018ൽ മാർച്ച് മുതലുള്ള ആറ് മാസത്തിനിടയിൽ 1056.73 കോടി രൂപയുടെ ബോണ്ടുകളാണ് ഇഷ്യു ചെയ്തത്.

ഏറ്റവും കൂടുതൽ ബോണ്ടുകൾ എടുത്തിട്ടുള്ളത് മുംബൈ നഗരത്തിലാണ്, 495.60 കോടിയുടെ ബോണ്ടുകൾ മുംബൈയിൽ വിൽപനയായി. 370.07 കോടിയുടെ വിൽപനയുമായി കൊൽക്കത്തയാണ് രണ്ടാം സ്ഥാനത്ത്. ഹൈദരാബാദിൽ 290.50 കോടി രൂപയുടെയും ഡൽഹിയിൽ 205.92 കോടിയുടെയും ഭുവനേശ്വറിൽ 194 കോടിയുടെയും ബോണ്ടുകൾ ഇഷ്യു ചെയ്തിട്ടുണ്ട്.

എന്താണ് ഇലക്ടറൽ ബോണ്ട് ?

അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് നിയമവിധേയമായി സംഭാവന നൽകാൻ കഴിയുന്ന പദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. 2018ലാണ് സർക്കാർ ഇതിനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചത്. പൊതുതിരഞ്ഞെടുപ്പുകളിൽ മൊത്തം പോൾ ചെയ്ത വോട്ടുകളിൽ ഒരു ശതമാനത്തിൽ കുറയാത്ത വോട്ടുകൾ നേടിയ അംഗീകൃത
പാർട്ടികൾക്കാണ് ബോണ്ടുകൾ സ്വീകരിക്കാൻ കഴിയുക. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എസ് ബി ഐയിൽ പണം അടച്ച് ബോണ്ടുകൾ വാങ്ങാം. ഇവ പാർട്ടികൾക്ക് കൈമാറാം. പതിനഞ്ചു ദിവസത്തിനകം ബാങ്ക് അക്കൗണ്ട് വഴി പാർട്ടികൾക്ക് ബോണ്ടുകൾ പണമാക്കി മാറ്റാം. ഇങ്ങനെ പണം സ്വീകരിക്കുമ്പോൾ അതിന് വ്യക്തമായ കണക്ക് ഉണ്ടാകും എന്നതാണ് ബോണ്ടിന്റെ പ്രത്യേകത.
എന്നാൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ് എന്ന സംഘടനയും സി പി ഐ എമ്മും ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.