മോദിയുടെ നൂറ് ദിവസത്തെ ഭരണം, നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 12.5 ലക്ഷം കോടി രൂപ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സർക്കാരിന്റെ കാലാവധി 100 ദിവസം പിന്നിടുമ്പോൾ നിക്ഷേപകർക്ക് നഷ്ടമായത് 12.5 ലക്ഷം കോടി രൂപയുടെ സ്വത്ത്. എൻ.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്നലെ വിപണി സമാപന സമയത്ത്, ബി‌എസ്‌ഇയിൽ ലിസ്റ്റു ചെയ്തിട്ടുള്ള കമ്പനികളുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷന്‍ അഥവാ മാർക്കറ്റ് മൂല്യം. 1,41,15,316.39 കോടി രൂപയായിരുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാർ മെയ് 30-ന് അധികാരത്തിൽ വരുന്നതിന് ഒരു ദിവസം മുമ്പ് 1,53,62,936.40 കോടി രൂപയായിരുന്നു ഇത്.

മെയ് 30- ന് ശേഷം സെൻസെക്സ് 5.96 ശതമാനം അഥവാ 2,357 പോയിൻറ് ഇടിഞ്ഞു. എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 7.23 ശതമാനം അഥവാ 858 പോയിൻറ് ഇടിഞ്ഞു.

മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും വിദേശ ഫണ്ടുകളുടെ ഒഴുക്കും ദുർബലമായ കോർപ്പറേറ്റ് വരുമാനവും ആണ് ഇക്വിറ്റി മാർക്കറ്റുകളുടെ മാന്ദ്യത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.

ഇന്ത്യൻ വിപണിയിൽ വിദേശ നിക്ഷേപകർ നെറ്റ് സെല്ലർമാരാണ്. രണ്ടാം എൻ‌.ഡി‌.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ നിക്ഷേപകർക്ക്മേൽ അതിസമ്പന്ന നികുതി (സൂപ്പർ റിച്ച് ടാക്സ്) എർപ്പെടുത്തിയതോടെ വിൽപ്പനയ്ക്കുള്ള സമ്മർദ്ദം വർദ്ധിച്ചു, ഈ നികുതി നടപ്പിലാക്കി ഒരു മാസത്തിനുശേഷം പിൻവലിച്ചു.

നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻ‌എസ്‌ഡി‌എൽ) സമാഹരിച്ച കണക്കുകൾ പ്രകാരം നിലവിലെ സർക്കാർ രൂപീകരിച്ചതിനു ശേഷം വിദേശ പോർട്ട് ഫോളിയൊ നിക്ഷേപകർ 28,260.50 കോടി രൂപയുടെ ഓഹരികൾ വിറ്റു.

“പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തിൽ വരുന്നതിന് മുമ്പാണ് വിപണികളിലെ മാന്ദ്യം ആരംഭിച്ചത്. 2018 ഫെബ്രുവരിയിൽ ബജറ്റിൽ ദീർഘകാല മൂലധന നേട്ടനികുതിയും ഡിവിഡന്റ് വിതരണനികുതിയും അവതരിപ്പിച്ചത് ഇക്വിറ്റി മാർക്കറ്റ് മൂല്യനിർണയത്തിൽ ഇടിവുണ്ടാക്കുകയും IL&FS പ്രതിസന്ധിക്കു ശേഷം വിപണികളിലെ മാന്ദ്യം ത്വരിതപ്പെടുകയും ചെയ്തു, ” ഐ‌ഡി‌ബി‌ഐ ക്യാപിറ്റലിലെ ഗവേഷണ വിഭാഗം മേധാവി എ കെ പ്രഭാക്കർ എൻ‌ഡി‌ടി‌വിയോട് പറഞ്ഞു.