ആർ.സി.ഇ.പി: തൊഴിലാളികളുടെ സ്വതന്ത്ര നീക്കം അനുവദിക്കണമെന്ന് ഇന്ത്യ

ആർ സി ഇ പി കരാർ ഒപ്പിടുമ്പോൾ ഒരു വിൻ വിൻ സാഹചര്യം ഉണ്ടാകുന്നതിനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി. കരാറിനെ കുറിച്ചുള്ള ചർച്ചകളിൽ ഇത്തരം ഒരു തന്ത്രമാണ് ഇന്ത്യ പിന്തുടരുന്നതെന്ന് ബാങ്കോക് പോസ്റ്റ് എന്ന പത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

സാധനങ്ങൾ, സേവനങ്ങൾ, നിക്ഷേപം എന്നിവയുടെ കാര്യത്തിൽ ഒരു ബാലൻസിംഗ് ആണ് ഇന്ത്യയുടെ ലക്‌ഷ്യം. തൊഴിലാളികളുടെ കാര്യത്തിൽ ഈ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായ നീക്കം അനുവദിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ മാർക്കറ്റ് തുറന്ന് നൽകുന്നതിന് പകരമായി ഇത് നൽകേണ്ടതാണ്. കരാറിൽ ഏർപ്പെടുന്ന എല്ലാ രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കുന്നതായിരിക്കണം അതിലെ വ്യവസ്ഥകൾ എന്ന് മോദി വ്യക്തമാക്കി. സഖ്യത്തിലെ മിക്ക രാജ്യങ്ങളുമായി ഇന്ത്യക്കുള്ള വ്യാപാര കമ്മി ഒരു പ്രധാന വിഷയമാണ്. അതുകൊണ്ട് ഇന്ത്യൻ കമ്പോളം വിശാലമായി തുറന്നിടുമ്പോൾ ഇന്ത്യക്കും നേട്ടമുണ്ടാകുന്നതാകണം ആർ സി ഇ പി കരാറിലെ വ്യവസ്ഥകളെന്ന് അദ്ദേഹം പറഞ്ഞു.