റിലയൻസ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കൾ വാങ്ങാൻ അംബാനിമാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി

അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷന്റെ സ്വത്തുക്കൾ റിലയൻസ് ജിയോ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് ഇരുകമ്പനികളും പിൻവാങ്ങി. ഈ ഇടപാട് പൂർത്തിയാക്കുന്നതിന് സർക്കാർ തലത്തിലും ബാങ്കുകളുടെ കാര്യത്തിലും ചില നിയമക്കുരുക്കുകൾ ഉള്ളതിനാൽ കഴിയുന്നില്ല എന്നാണ് ആർ കോം അറിയിച്ചരിക്കുന്നത്.

2017 ഡിസംബറിലും 2018 ഓഗസ്റ്റിലും ഇതിനായി ഉണ്ടാക്കിയ കരാറുകൾ ഇരുകക്ഷികളും തമ്മിൽ ഉണ്ടാക്കിയ പുതിയ ധാരണയുടെ അടിസ്ഥാനത്തിൽ അവസാനിപ്പിക്കുന്നതായി റിലയൻസ് ജിയോ ഒരു പ്രസ്താവനയിൽ അറിയിച്ചു. ആർ കോമിന്റെ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ 28000 കോടി രൂപക്ക് കൈമാറാനായിരുന്നു കരാർ.

ആർ കോമിന്റെ ഫൈബർ ശ്രംഖലയും സ്പെക്ട്രവും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ജിയോയ്ക്ക് കൈമാറാനുള്ള കരാറാണ് ഇരുകമ്പനികളും തമ്മിൽ ഉണ്ടാക്കിയിരുന്നത്. ഇതിൽ ഫൈബർ ശ്രംഖല 5000 കോടി രൂപക്ക് ജിയോ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ 15 മാസത്തിനിടയിൽ ബാങ്കുകളുടെ ക്ലിയറൻസ് ലഭിക്കുന്നതിന് 45 തവണ ചർച്ച നടത്തിയെങ്കിലും ബാങ്കുകൾ അനുമതി നൽകാൻ തയ്യാറായില്ല. വായ്പ നൽകിയ 40 ധനകാര്യ സ്ഥാപനങ്ങളും വിൽപനയ്ക്ക് അനുമതി നൽകാൻ തയ്യാറായില്ല. ടെലികോം ഡിപ്പാർട്ടമെന്റും അനുമതി നൽകാൻ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കരാർ റദ്ദാക്കുന്നതെന്ന് ജിയോ പത്രക്കുറിപ്പിൽ അറിയിച്ചു. സ്വീഡിഷ് കമ്പനിയായ എറിക്സന് നൽകാനുള്ള 560 കോടി രൂപ അനിൽ അംബാനിക്ക് വേണ്ടി മുകേഷ് അംബാനിയാണ് നൽകിയത്.