തിരഞ്ഞെടുപ്പ് ഒന്നു കഴിഞ്ഞോട്ടെ, കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ

Advertisement

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടവും തീരുന്ന മെയ് 19 മുതൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരും. ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. കഴിഞ്ഞ ദിവസം ഒരു ബാരലിന്റെ നിരക്ക് 75 ഡോളറിലേക്ക് ഉയർന്നിരുന്നു. ഈ സാഹചര്യമാണ് പെട്രോൾ, ഡീസൽ വില കൂട്ടാൻ എണ്ണക്കമ്പനികൾക്ക് പ്രേരണയാകുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന്റെ സാഹചര്യമായതിനാൽ  വില ഉയർത്താൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് വോട്ടെടുപ്പ് തീരുന്ന മെയ് 19 മുതൽ വില കാര്യമായി ഉയർത്താനുള്ള തീരുമാനത്തിലാണ് എണ്ണക്കമ്പനികൾ.

2018 -19ൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപയോഗത്തിന്റെ 83.7 ശതമാനം ഇറക്കുമതി വഴിയായിരുന്നു. ഇതിന്റെ 10.6 ശതമാനം വാങ്ങിയത് ഇറാനിൽ നിന്നായിരുന്നു. ഇറാനെതിരെ യു എസ് ഉപരോധം വന്നതോടെ ലോക വിപണിയിലെ സപ്ലൈ നാലു ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കും എന്നത് ഉറപ്പാണ്. അമേരിക്കയുടെ പ്രഖ്യാപനം വന്നതിനു ശേഷം ലോക മാർക്കറ്റിൽ തുടർച്ചയായി വില വർദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ സ്ഥിരമായി തുടരുകയാണ്. പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദം മൂലം വില ഉയർത്താതെ പിടിച്ചു നിർത്തുകയായിരുന്നു. രാജ്യാന്തര മാർക്കറ്റിൽ ക്രൂഡിന്റെ വില ഇക്കാലയളവിൽ പത്തു ശതമാനം  ഉയർന്നിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്ന അന്നു തന്നെ എണ്ണ വിതരണ കമ്പനികൾ വില കുത്തനെ കൂട്ടുമെന്ന് സാമ്പത്തിക മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.