കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ഇനി പ്രവാസി ചിട്ടിയിൽ ചേരാം

 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇനി കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയിൽ ചേരാം. തൃശൂരിൽ ഇന്ന് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ്.ഇയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തൃശൂരിലെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം നിർവഹിച്ചു. വിവിധ രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഗൾഫ് നാടുകളിലും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ഉള്ള പ്രവാസി മലയാളികളിൽ നിന്നും മികച്ച പ്രതികരണമാണ് കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ലഭിച്ചിരിക്കുന്നത്. പ്രവാസി ചിട്ടിയുടെ ഗുണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ലഭ്യമാക്കുക എന്നതാണ് കെ.എസ്.എഫ്.ഇ ലക്ഷ്യം വയ്ക്കുന്നത്. പ്രവാസി ചിട്ടിവഴി 2021 മാർച്ചിനുള്ളിൽ പതിനായിരം കോടി രൂപ കിഫ്ബിയിൽ നിക്ഷേപിക്കാനാകും എന്നാണ് കണക്കാക്കുന്നത്. ഇതിനകം 63.11 കോടിരൂപ കിഫ്ബിയിൽ നിക്ഷേപിച്ചു കഴിഞ്ഞു. പ്രവാസി ചിട്ടി ഫണ്ട് മാത്രമേ കിഫ്ബിയിൽ നിക്ഷേപിക്കൂ. നടപ്പുവർഷം ഗ്രാമങ്ങളിൽ 100 ബ്രാഞ്ചുകൾ കൂടി ആരംഭിക്കും. കുടുംബശ്രീ പ്രവർത്തകർക്കായുള്ള ചിട്ടി പരിഗണനയിലാണ്. ചിട്ടി മുടക്കം കൂടാതെ അടയ്ക്കുന്നവർക്ക് അവസാനം 25,000 രൂപ വരെ സമ്മാനമായി നൽകും. മുഴുവൻ ബ്രാഞ്ചുകളിലും ക്യാമറ സ്ഥാപിച്ച് പൊലീസിന്റെ സൈബർ വിഭാഗവുമായി ബന്ധിപ്പിക്കും. യുവതലമുറയെ ചിട്ടികളിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളും കെ.എസ്.എഫ്.ഇ ആസൂത്രണം ചെയ്യുന്നുണ്ട്.