തകര്‍ന്നടിഞ്ഞ് രൂപ; സ്വര്‍ണവിലയും കൂപ്പുകുത്തി; പവന് 480 രൂപ കുറഞ്ഞു

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ രൂപയ്ക്ക് റെക്കോഡ് താഴ്ച. വിനിമയത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 75-ന്റെ അടുത്ത് വരെ താഴ്ന്നു. 74.96-ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 75 രൂപയോളം നല്‍കേണ്ട അവസ്ഥ.

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ തുടരുന്ന തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഓഹരിവിപണിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം തുടരുകയാണ്. രൂപയുടെ മൂല്യം പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണ് എന്ന വിലയിരുത്തലാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

ഈ വര്‍ഷം ഒന്നടങ്കം ഓഹരി, കടപത്ര വിപണികളില്‍ ആയി ഏകദേശം 1000 കോടി ഡോളറിന്റെ വില്‍പ്പനയാണ് വിദേശ നിക്ഷേപകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണം.

സ്വര്‍ണവില ഇന്ന് വീണ്ടും താഴ്ന്നു. പവന് 480 രൂപ കുറഞ്ഞ് സ്വര്‍ണവില ചൊവ്വാഴ്ചത്തെ അതേ നിലവാരത്തില്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 29,600 രൂപയിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 480 രൂപ ഉയര്‍ന്ന് സ്വര്‍ണവില വീണ്ടും കുതിപ്പിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

Read more

60 രൂപ താഴ്ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3700 രൂപയായി. കൊറോണ വൈറസ് ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണികള്‍ എല്ലാം കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും കാര്യങ്ങള്‍ അനുകൂലമല്ല. തുടര്‍ച്ചയായ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.