മാർച്ചിൽ ജി.എസ്.ടി വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളിൽ, 2018 - 19 ലെ മൊത്തം വരവ് 11.77 ലക്ഷം കോടി

ജിഎസ്ടി വരുമാനം വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നു. 2019 മാര്‍ച്ചിലെ വരുമാനം 106,577 കോടി രൂപയായി ഉയർന്നു.  റെക്കോഡ് വര്‍ദ്ധനയാണ് ജിഎസ്ടി വരുമാനത്തിലുണ്ടായത്. മാര്‍ച്ചിലെ വരുമാനത്തില്‍ 20,352 കോടി രൂപ കേന്ദ്ര ജിഎസ്‍ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജിഎസ്ടിയില്‍ നിന്നും 50,418 കോടി രൂപ കേന്ദ്ര- സംസ്ഥാന സംയോജിത (ഐജിഎസ്ടി) ഇനത്തിലും ലഭിച്ചതാണ്. 8286 കോടി രൂപയാണ് സെസായി സര്‍ക്കാരിന് പിരിഞ്ഞ് കിട്ടിയത്.

ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചരക്ക് സേവന നികുതി വരുമാനം 11.77 ലക്ഷം കോടി രൂപയായി. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മൊത്ത വരുമാന ലക്ഷ്യം 11.47 ലക്ഷം കോടി രൂപയായിരുന്നു. നികുതി വരുമാനം പുതുക്കിയ ലക്ഷ്യത്തിന് മുകളിലെത്തിയതോടെ സര്‍ക്കാരിനും നേട്ടമായി. ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ ജിഎസ്ടിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനമായി കണക്കാക്കിയിരുന്നത് 13.71 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍, മിക്ക മാസങ്ങളിലും വരുമാനം ഒരു ലക്ഷം കോടിയിലെത്താതിരുന്നതോടെ സര്‍ക്കാര്‍ വരുമാന ലക്ഷ്യം പുനര്‍നിശ്ചയിക്കുകയായിരുന്നു.

ഏപ്രില്‍, ഒക്ടോബര്‍, ജനുവരി മാസങ്ങളിലാണ് ഇതിന് മുന്‍പ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയിലെത്തിയിരുന്നത്. എന്നാല്‍, അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 14.3 ശതമാനം വരുമാന വളര്‍ച്ച സര്‍ക്കാരിന് നേടനായി. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. മാര്‍ച്ചില്‍ 75.95 ലക്ഷം റിട്ടേണുകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഫെബ്രുവരിയില്‍ ഇത് 73.48 ലക്ഷമായിരുന്നു.