സാമ്പത്തിക പ്രതിസന്ധി രൂക്ഷം, പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യൻ കമ്പനികൾക്ക് വിമുഖത

പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ വിമുഖത കാണിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ കമ്പനികള്‍ ആരംഭിച്ച പുത്തന്‍ സംരംഭങ്ങളില്‍ ഗണ്യമായ കുറവുണ്ടാകുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ (സിഎംഐഇ) സര്‍വേയിലാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.

ഇന്ത്യയിലെ സംരംഭക മേഖലയിലുണ്ടായ മുരടിപ്പിന് മാറ്റമുണ്ടാവുക എന്നത് വിദൂര സാധ്യതയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കാര്യമായ കുറവ് ഉണ്ടാവുന്നതിനും ഇത് കാരണമായിട്ടുണ്ട്. 2017 ലെ അവസാന മാസങ്ങളിലാണ് പുതിയ സംരംഭങ്ങളോട് നിക്ഷേപകര്‍ വ്യക്തമായ അകലം പാലിക്കുന്നത് ശക്തമായത്. ഇതിനു മുന്‍പ് 2004 ലാണ് ഇത്തരമൊരു പ്രതിസന്ധി നിക്ഷേപക മേഖലയിലുണ്ടായത്. എന്നാല്‍ 2017 ലെ പുതിയ സംരംഭങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ അതിനേക്കാള്‍ കുറവാണ്.

നിര്‍മാണ മേഖലയിലാണ് ഏറ്റവും കനത്ത വീഴ്ച ഉണ്ടായതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മുന്‍ പദ്ധതികളെ നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിലും അവയെ സാമ്പത്തിക മേഖലയിലേക്ക് ഉപകാരമാവും വിധം ഉപയോഗിക്കാത്തതും പുതിയ പദ്ധതികള്‍ തുടങ്ങുന്നതില്‍ നിന്നും നിക്ഷേപകരെ പിന്തിരിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കുകളുടെ കിട്ടാകടം വര്‍ദ്ധിച്ചതും സംരംഭക മേഖലയെ പ്രതികൂലമായി ബാധിച്ചു. പുതിയ പദ്ധതികള്‍ക്ക് ലോണുകള്‍ നല്‍കുന്നതില്‍ ബാങ്കുകള്‍ വിമുഖത കാണിക്കുന്നതും കാരണമായി. സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളും സംരംഭകരെ നിരുത്സാഹപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.