വരിക്കാരുടെ എണ്ണത്തില്‍ ഇടിവ്; ഡിസ്നി 7000 ജീവനക്കാരെ പിരിച്ചുവിട്ടു

ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിന്റെയും വഴിയേ കൂട്ടപ്പിരിച്ചുവിടലുമായി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്നി. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ് നടപടി.

ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബര്‍ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1 ദശലക്ഷം ഉപഭോക്താക്കളായി. ഇതാണ് കൂട്ടപ്പിരിച്ചുവിടലിനു കമ്പനിയെ നിര്‍ബന്ധിച്ചതെന്നാണ് കരുതുന്നത്.

2021ലെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഒരുലക്ഷത്തിതൊണ്ണൂറായിരത്തോളം പേര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഡിസ്നിയില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ എണ്‍പതു ശതമാനം പേരും മുഴവന്‍ സമയ ജീവനക്കാരായിരുന്നു.

ടെക് കമ്പനിയായ സൂമും കൂട്ടപിരിച്ചുവിടലിനൊരുങ്ങുകയാണ്. 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂം അറിയിച്ചു. പിരിച്ചുവിടല്‍ സ്ഥാപനത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുമെന്ന് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ സൂമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എറിക് യുവാന്‍ പറഞ്ഞു.

Read more

കോവിഡ് കുറഞ്ഞതോടെ ആളുകള്‍ തിരികെ ഓഫീസുകളില്‍ എത്തിയതാണ് സൂം കമ്പനിയ്ക്ക് തിരിച്ചടിയായത്. കോവിഡിനെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തുടങ്ങയതോടെയാണ് സൂം ജനശ്രദ്ധ നേടിയത്. പല കമ്പനികളും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി സൂമിനെ വന്‍തോതില്‍ ആശ്രയിച്ചിരുന്നു. സാഹചര്യം മാറിയതോടെ വന്‍തോതില്‍ ആളുകള്‍ സൂം ഉപേക്ഷിച്ചു തുടങ്ങി.