ഐ സി ഐ സി ഐ ബാങ്കിന്റെ മുൻ മാനേജിംഗ് ഡയറക്ടറായ ചന്ദ കൊച്ചാർ ബാങ്കിൽ നിന്നും വാങ്ങിയ ബോണസ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ഇനിയും തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വിവിധ ഇനങ്ങളിലായി സേവന കാലത്ത് കൈപ്പറ്റിയ പത്തു കോടി രൂപയാണ് അവർ തിരിച്ചടക്കാനുള്ളത്. 2009 ഏപ്രിൽ മാസം മുതലുള്ള തുകയാണ് തിരിച്ചടക്കണമെന്ന് ബാങ്ക് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ തുടർച്ചയായി പല തവണ ഓര്‍മ്മപ്പെടുത്തി കൊണ്ട് കത്തുകൾ അയച്ചുവെങ്കിലും ഒരു രൂപ പോലും അവർ തിരിച്ചടച്ചട്ടില്ല.
Read more
തുക തിരിച്ചടക്കണമെന്ന് ജനുവരി മാസത്തിലാണ് ബാങ്ക് നോട്ടീസ് നൽകിയത്. വിഡിയോകോണിന് വൻ തുക ലോൺ നൽകിയതിൽ ചന്ദ കൊച്ചാർ ബാങ്ക് നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതായി കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സി ഇ ഓ എന്ന നിലയിൽ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കുന്നതിന് ബാങ്ക് നടപടി ആരംഭിച്ചത്. എന്നാൽ ഒമ്പതു മാസം പിന്നിട്ടിട്ടും തുക തിരിച്ചടക്കാൻ അവർ തയ്യാറായിട്ടില്ല. അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അവരെ ബാങ്കിന്റെ സി ഇ ഓ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.