സ്‌കോഡ സ്ലാവിയ മാര്‍ച്ചില്‍ എത്തും; മിഡ്-സൈസ് സെഡാന്റെ പുതിയ വീഡിയോ ഇറങ്ങി

സ്‌കോഡയുടെ പുതിയ സെഡാന്‍ സ്ലാവിയ മാര്‍ച്ചില്‍ പുറത്തിറങ്ങും. കമ്പനിയുടെ മറ്റൊരു സെഡാനായ റാപ്പിഡിന് പകരക്കാരനായാണ് സ്ലാവിയ എത്തുന്നത്. ഒക്ടാവിയയും സൂപ്പര്‍ബും ഉള്‍പ്പെടുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കാകും സ്ലാവിയായെ സ്‌കോഡ ചേര്‍ക്കുക. ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിലാകും പുതിയ വാഹനം പുറത്തിറക്കുകയെന്ന് സ്‌കോഡ അറിയിച്ചു. സ്ലാവിയയുടെ ഒരു പുതിയ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

സ്ലാവിയയെ വ്യത്യസ്തമാക്കുന്നത്

വാഹനത്തിന്റെ മുന്‍ഭാഗത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ബട്ടര്‍ഫ്ലൈ ഗ്രില്‍ എന്ന് പൊതുവേ അറിയപ്പെടുന്ന സ്‌കോഡയുടെ ഗ്രില്ലിനൊപ്പമാണ് സ്ലാവിയ പുറത്തിറങ്ങുന്നതെന്ന് വീഡിയോ നിന്നും വ്യക്തമാകുന്നു. ഈ പ്രത്യേക ഗ്രില്ലിന് ചുറ്റും ക്രോം സറൗണ്ടുമുണ്ട്. ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലാമ്പുകളും മുന്‍വശത്തെ സവിശേഷതയാണ്. എല്‍ഇഡി ഘടകങ്ങള്‍ ഉപയോഗിക്കുന്നതും സ്പ്ലിറ്റ് ഡിസൈന്‍ ഉള്ളതുമായ സ്ലാവിയയുടെ ടെയില്‍ ലാമ്പുകളും വീഡിയോയില്‍ കാണാന്‍ സാധിക്കും.

എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോട് കൂടിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളാണ് മുന്‍വശത്തെ മറ്റൊരു സവിശേഷത. റിഫ്ളക്ടറുകളുള്ള ഒരു ബ്ലാക്ക് ഹണികോമ്പ് പാറ്റേണിലെ സിമ്പിള്‍ ബാക്ക് ബമ്പറും വാഹനത്തിന്റെ പ്രത്യേകതകളില്‍പ്പെടുന്നു. ബൂട്ട് ലിഡിന്റെ മധ്യഭാഗത്തായി സ്‌കോഡ ബാഡ്ജിംഗുണ്ട്. പിന്‍ ബമ്പറില്‍ ഘടിപ്പിച്ച പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സ്ലാവിയയെ വേറിട്ടു നിര്‍ത്തുന്നു. മുന്‍വശത്തെ ഫെന്‍ഡറുകളിലും സ്‌കോഡ ബാഡ്ജിംഗുണ്ട്.

ഒരു ഷാര്‍ക്ക്-ഫിന്‍ ആന്റിന, ആന്റി-പിഞ്ച് സാങ്കേതികവിദ്യയുമായി വരുന്ന ഒരു ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോ-ഫോള്‍ഡ് ഫംഗ്ഷനോടുകൂടിയ പുറം റിയര്‍വ്യൂ മിററുകളില്‍ ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, കീലെസ് എന്‍ട്രി, ക്രോം സ്ട്രിപ്പുള്ള ബോഡി-കളര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ സ്ലാവിയയ്ക്ക് സ്‌കോഡ നല്‍കിയിരിക്കുന്നു.സ്‌കോഡ നേരത്തെ തന്നെ വാഹനത്തിലെ മറ്റു ചില ഫീച്ചറുകള്‍ പുറത്തുവിട്ടിരുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സ്‌കോഡ പ്ലേ ആപ്പുകള്‍ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായാണ് സ്ലാവിയ എത്തുന്നത്.

1.0 ലിറ്റര്‍, ത്രീ സിലിണ്ടര്‍ എഞ്ചിന്‍, 1.5 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളിലാണ് സ്‌കോഡ സ്ലാവിയയിലുള്ളത്. രണ്ടും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാകും ജോടിയാക്കുക.1.0 ടി.എസ്.ഐ എഞ്ചിന്‍ പരമാവധി 115 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 178 ചാ ന്റെ പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ഇതിനൊപ്പം ലഭിക്കും.

8 സ്പീക്കറുകളും ഒരു സബ് വൂഫറും ഉള്‍പ്പെടുന്ന സ്‌കോഡയുടെ ഹൈ-പെര്‍ഫോമന്‍സ് സ്പീക്കര്‍ സിസ്റ്റവുമായിട്ടാണ് 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കണക്ട് ചെയ്യുന്നത്. 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. കൂടാതെ ഒരു മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേയും സ്ലാവിയയ്ക്കുണ്ടാകും. സുഷിരങ്ങളുള്ള ലെതര്‍ അപ്ഹോള്‍സ്റ്ററിയും ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകളും വാഹനത്തിന്റെ ഹൈലൈറ്റുകളാണ്.

ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓഡിയോ കണ്‍ട്രോളുകളുള്ള ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ-ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ എന്നിവയാണ് സ്‌കോഡ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രത്യേകതകള്‍.

സുരക്ഷയ്ക്കായി, സ്‌കോഡ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 6 എയര്‍ബാഗുകള്‍, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നു.1.5 ലിറ്റര്‍ ടി.എസ്.ഐ. എഞ്ചിന്‍ പരമാവധി 150 ബിച്ച്പി പവറും 250 എന്‍.എം. പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. 7-സ്പീഡ് ഡി എസ്ജി ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കും. 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.