ആകാശത്ത് നിന്നും ബഹിരാകാശത്തേക്ക്; സൂര്യകുമാർ യാദവിനെതിരെ ട്രോൾ മഴ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 101 റൺസിന്‌ കൂറ്റൻ ജയം. ബോളർമാരുടെ സംഹാരതാണ്ഡവത്തിനായിരുന്നു പ്രോട്ടീസ് ഇരയായത്. ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, ഹാർദിക്‌ പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

കട്ടക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ് ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. തുടക്കം മുതല്‍ ഇന്ത്യ തകര്‍ച്ച നേരിട്ട ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് രക്ഷിച്ചത്. 28 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Read more

എന്നാൽ ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിച്ചിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. നാളുകൾ ഏറെയായി മോശം ഫോമിൽ തുടരുന്ന സൂര്യ വീണ്ടും മോശം പ്രകടനമാണ് ഇന്നലെ നടന്ന മത്സരത്തിലും കാഴ്ച വെച്ചത്. ഇതോടെ അടുത്ത വർഷം നടക്കാൻ പോകുന്ന ടി-20 ലോകകപ്പിൽ നിന്നും താരത്തിനെ പുറത്താക്കണം എന്ന ആവശ്യവുമായി നിരവധി ആരാധകർ രംഗത്ത് എത്തുകയാണ്. 11 പന്തിൽ ഒരു ഫോറും ഒരു സിക്‌സും അടക്കം 12 റൺസ് മാത്രമാണ് താരം നേടിയത്.