ഇനി മനസ്സ് തുറന്ന് ചിരിക്കാം; പല്ലിലെ കറ കളയാന്‍ പ്രകൃതിദത്ത വഴികള്‍

Advertisement

മനസ്സ് തുറന്ന് ചിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പല്ലുകളിലുണ്ടാകുന്ന കറ നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ത്തുകളയും. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും. പല്ലിലെ കറ കളയാന്‍ ദന്ത ഡോക്ടറെ സമീപിക്കുകയോ മരുന്നുകള്‍ പരീക്ഷിക്കുകയോ വേണ്ട.  പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ വഴി നിങ്ങള്‍ക്കിനി ആത്മവിശ്വാസത്തോടെ ചിരിക്കാം.

ഉമിക്കരിയേക്കാള്‍ മികച്ചതൊന്നുമില്ല പല്ലിനെ മനോഹരമാക്കാന്‍. ഉമിക്കരി നന്നായി പൊടിച്ച് തള്ളവിരല്‍ കൊണ്ട് അമര്‍ത്തി തേയ്ക്കുക. പല്ലുകള്‍ക്ക് നല്ല തിളക്കം ലഭിക്കും. പല്ലുകള്‍ക്ക് തിളക്കം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേയ്ക്കുന്നതും നല്ലതാണ്.

അടുപ്പുകള്‍ക്ക് പകരം സ്റ്റൗവുകളും ഇന്‍ഡക്ഷന്‍ കുക്കറുകളും കയ്യേറിയ അടുക്കളയില്‍ എവിടെ കിട്ടും ഉമിക്കരി എന്നാണോ ചിന്തിക്കുന്നത്. വെളിച്ചെണ്ണയില്ലാത്ത അടുക്കളകള്‍ അന്യം നിന്നു പോയിട്ടില്ലാത്തതിനാല്‍ ആ വഴി തന്നെ പരീക്ഷിക്കാം. ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ 15 ,20 മിനിറ്റ് കവിള്‍ കൊള്ളുക,ഇത് വായിലെ ബാക്ടീരിയകള്‍ ഇല്ലാതാക്കുന്നു.ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറും.

ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ്. ടൂത്ത് ബ്രഷില്‍ അല്‍പം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും. ബേക്കിങ് സോഡയോടൊപ്പം ഒരല്‍പം തക്കാളി നീരും മിക്‌സ് ചെയ്തു എന്നും രാവിലെ പല്ലു തേച്ചു നോക്കൂ. 10 മിനിറ്റ് ഇതുകൊണ്ടു പല്ലു തേച്ചാല്‍ 10 ദിവസത്തിനുള്ളില്‍ വെളുത്ത പല്ലുകള്‍ നിങ്ങള്‍ക്ക് സ്വന്തം.

”നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ” എന്നൊന്നും നോക്കണ്ട. ഉപ്പുപയോഗിച്ച് മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. പല്ലിന്റെ മഞ്ഞ നിറം പോകാന്‍ മരത്തിന്റെ കരിയും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക. ഉണക്ക നെല്ലിക്ക കരിച്ചെടുത്ത് അതില്‍ ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക. അതില്‍ പഴുത്ത മാവിന്റെ ഇല ചുരുട്ടി മുക്കി പല്ല് തേയ്ക്കുക.

ഓറഞ്ച് ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. ഓറഞ്ച് കഴിച്ച് കഴിഞ്ഞ് തൊലി കളയാനാണ് പദ്ധതിയെങ്കില്‍ വേണ്ട്. .ഓറഞ്ച് തൊലി ഉപയോഗിച്ച് കിടക്കാന്‍ നേരം 15 മിനിറ്റ് പല്ലില്‍ മസ്സാജ് ചെയ്യുക.ഒരാഴ്ച രാത്രി സ്ഥിരമായി ഓറഞ്ച് തൊലി ഉപയോഗിക്കാം.പ്രകടമായ വ്യത്യാസം ഉണ്ടാവും. അത്തിപ്പഴമാണ് മറ്റൊരു പ്രകൃതിദത്ത പരിഹാരം. അത്തിപ്പഴം കഴിക്കുന്നത് പല്ലിനു ആരോഗ്യവും ഉറപ്പും നല്‍കുന്നു. അത്തിപ്പഴത്തിന്റെ കറ പല്ലിലെ കറ ഇല്ലാതാക്കുന്നു.

തൊടിയില്‍ മാവും പ്ലാവുമൊക്കെയുള്ളവരാണോ നിങ്ങള്‍. മാവിന്‍ തണ്ടുകൊണ്ട് പല്ലുതേക്കുന്ന മാര്‍ഗമൊക്കെ അമ്മൂമ്മമാര്‍ പറഞ്ഞ് കേട്ടുകാണും. അതിനൊന്നും നേരമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറാന്‍ വരട്ടെ. മാവിന്റെ പഴുത്ത ഇല കൊണ്ട് ആത്മവിശ്വാസമുണര്‍ത്തുന്ന പുഞ്ചിരി നേടാം. മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗങ്ങളിലും നന്നായി ബ്രഷ് ചെയ്ത് നോക്കൂ. പാല്‍പുഞ്ചരി നേടാം.