ബിജെപിയ്ക്ക് കേവലഭൂരിപക്ഷം പോയത് മാത്രമേ സിപിഎമ്മിന് തിരിഞ്ഞുള്ളു?; കേരളത്തിലെ പരാജയം ഇടത് പക്ഷം താത്വിക അവലോകനത്തില്‍ എത്രകാലം മറയ്ക്കും

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം അലയടിച്ചതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ജൂണ്‍ നാലിന്റെ തിരഞ്ഞെടുപ്പ് ഫലം. കേരളത്തിന്റെ ചരിത്രത്തില്‍ അത്രമേല്‍ ദുര്‍ബലമായ ഒരു പ്രതിപക്ഷം അടിച്ചുകയറി വന്ന തിരഞ്ഞെടുപ്പ് എന്നാണ് ഒറ്റവാക്കില്‍ ഫലത്തെ കുറിച്ച് പറയാനാവുക. ഭരണവിരുദ്ധ വികാരം എന്നതിനപ്പുറം സിപിഎം മറയ്ക്കാന്‍ ശ്രമിച്ചാലും ഇരുട്ടുകൊണ്ട് അടയ്ക്കാനാകാത്ത ഓട്ട പോലെ വ്യക്തമായിരുന്നു കേരളത്തിലെ സിഎം വിരുദ്ധ വികാരം. ആലത്തൂരിലെ കനലൊരു തരിയും 2019ലെ ആലപ്പുഴയിലെ കനലൊരു തരിയും കൊണ്ട് എത്രകാലം ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിന് പിടിച്ചു നില്‍ക്കാനാകും. ചിഹ്നം പോകുമെന്ന പേടിയില്‍ നിന്ന് ഇന്ന് ഇടതുപക്ഷത്തെ കാത്തത് രാജസ്ഥാനിലെ അംറാറാമിന്റെ വിജയമാണ്. ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നിന്ന് രണ്ട് സീറ്റ് നേടിയതാണ് പാര്‍ലമെന്റിലെ സിപിഎമ്മിന്റെ വലിയ വിജയം. ആകെ മൊത്തം 543ല്‍ 4 ആണ് സിപിഎമ്മിന്റെ പാര്‍ലമെന്റിലെ സമ്പാദ്യം.

പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ നിറഞ്ഞ കാലങ്ങളില്‍ 2004 ആണ് മുന്നില്‍. 43 എംപിമാര്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന ഇടത്ത് 20 വര്‍ഷങ്ങള്‍ക്കിപ്പുറം നാല് എംപിമാരായി സിപിഎം ചുരുങ്ങി. ബംഗാളില്‍ സംഭവിച്ചതിന് നേര്‍ക്ക് കണ്ണടച്ചാലും കേരളത്തില്‍ നിന്ന് കഴിഞ്ഞ രണ്ട് ടേമുകളില്‍ കനലൊരു തരിയിലേക്ക് ഒതുങ്ങിയതിനെ കുറിച്ച് പാര്‍ട്ടിയ്ക്ക് ആവലാതിയില്ലെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ സമീപകാല പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ 3000 വോട്ടിന് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ കുതിച്ചു കയറുമ്പോള്‍ തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് മറിച്ചെന്ന ആരോപണത്തില്‍ കടിച്ചു തൂങ്ങുകയാണ് ഒരു പ്രസ്ഥാനവും അതിന്റെ അണികളും.

കേരളത്തിലെ 20 സീറ്റുകളില്‍ ഒന്നൊഴിയാതെ ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരത്തില്‍ അടിപതറാതെ കഷ്ടിച്ച് പിടിച്ചു നിന്ന കെ രാധാകൃഷ്ണന്‍ മാത്രമാണ്. അത് പോലും നിലവിലെ പാര്‍ട്ടി സാഹചര്യങ്ങള്‍ക്കപ്പുറത്തേക്ക് നില്‍ക്കുന്ന മണ്ണിന്റെ മകന്‍ വികാരത്തിനൊപ്പം അടിയുറച്ച കമ്മ്യൂണിസ്്റ്റുകാരന്‍ വ്യക്തിത്വം പ്രഭാവം കൊണ്ടു കൂടിയാണ് സാധ്യമായത്. ആലത്തൂരില്‍ 20,000 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കെ രാധാകൃഷ്ണനെ പോലൊരു നേതാവിന് പിടിച്ചുനില്‍ക്കാന്‍ പറ്റിയതെന്ന് കൂടി ചേര്‍ത്ത് വായിക്കുമ്പോഴാണ് ഇടത് പക്ഷം ഗൗരവകരമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്ന മുന്നറിയിപ്പുണ്ടാകുന്നത്.

ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറയുമ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരാജയത്തെ കുറിച്ച് ആര്‍ക്കും മനസിലാകാത്ത ഭാഷയിലാണ് ആശയം പങ്കുവെച്ചത്. സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുമ്പോള്‍ വോട്ട് വിഹിതത്തിന്റെ കണക്കു പറഞ്ഞു കഴിഞ്ഞ തവണ ഞങ്ങള്‍ക്ക് കിട്ടിയത് ഇക്കുറിയും കിട്ടിയിട്ടുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് സിപിഎം.

യു.ഡി.എഫിന് 42.51 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ 31.96 ശതമാനം വോട്ടാണ് ഇടതുപക്ഷത്തിന് കിട്ടിയത്. 2019-ല്‍ 47.21 ശതമാനമുണ്ടായിരുന്ന യുഡിഎഫ് വോട്ട് ഇക്കുറി കുറഞ്ഞുവെന്നത് വ്യക്തമാണ്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണത്തിലും ശതമാനത്തിലും ഇക്കുറി കുറവ് പ്രകടവുമായിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും പക്ഷേ യുഡിഎഫ് മികച്ച പ്രകടനം കാഴ്ച വെച്ചു, വന്‍ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സ്ഥാനാര്‍ത്ഥികള്‍ പലയിടത്തും ജയിച്ചത്. ത്രികോണ മല്‍സരത്തിലേക്ക് തിരുവനന്തപുരത്തും ആറ്റിങ്ങലും ആലപ്പുഴയിലും തൃശൂരും ബിജെപി കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് വലിയ ചലനം തന്നെയാണ് കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അപ്പോഴും 2019ല്‍ കിട്ടിയ 31.90 ശതമാനം വോട്ട് ആവര്‍ത്തിച്ചതാണ് സിപിഎമ്മിന് തോല്‍വിയ്ക്കിടയിലും പറയാനുള്ളത്. പക്ഷേ 2019ലെ വോട്ട് ഷെയര്‍ കണക്കില്‍ സ്വതന്ത്രരായി മല്‍സരിച്ച ജോയ്‌സ് ജോര്‍ജിന്റേയും പി വി അന്‍വറിന്റേയും വോട്ട് സിപിഎമ്മിന്റെ പെട്ടിയിലല്ല തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിലുള്ളതെന്ന് കൂടി ഓര്‍ത്തു വേണം പാര്‍ട്ടി കണക്ക് പറയാന്‍. ഇക്കുറി ഈ സീറ്റില്‍ മല്‍സരിച്ച കെ എസ് ഹംസയും ജോയ്‌സ് ജോര്‍ജും സിപിഎം സ്ഥാനാര്‍ത്ഥികളായാണ് മല്‍സരിച്ചത്. അപ്പോള്‍ സ്വാഭാവികമായും ഈ കണക്ക് കൂടി കൂടിയതാണ് 2024ലെ കണക്ക്. എന്നിട്ടാണ് കഴിഞ്ഞ തവണത്തേതിലും വോട്ട് ഷെയര്‍ കുറഞ്ഞതെന്ന് കൂടി ഓര്‍ത്ത് വേണം ക്യാപ്‌സൂളുകള്‍ പടയ്ക്കാന്‍.

മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ കേരളത്തില്‍ പാര്‍ട്ടി നേരിട്ട തോല്‍വികള്‍ക്കിടയിലും ബിജെപിയ്ക്കുണ്ടായ തോല്‍വിയെ വലിയ പാഠമായാണ് അവതരിപ്പിക്കുന്നത്. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നുണ്ട്. മാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന്റെയും ഭരണസംവിധാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും പണക്കൊഴുപ്പിന്റെയും പിന്തുണയോടെ നടത്തിയ പ്രചരണങ്ങളെല്ലാം ജനങ്ങള്‍ തള്ളി എന്നാണ് ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് സിപിഎമ്മിനെ ജനം തള്ളിയെന്ന ചോദ്യത്തിന് കൂടി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ച മുഖ്യമന്ത്രി പറയേണ്ടതില്ലേ.

പക്ഷേ കേരളത്തില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും പിണറായി പറഞ്ഞു. അപ്പോഴും 2019ല്‍ നിന്ന് എന്ത് പാഠം ഉള്‍ക്കൊണ്ടെന്ന് വ്യക്തമല്ല. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാപ്‌സൂളുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നാണോ പറഞ്ഞുവെയ്ക്കുന്നത്. ന്യായീകരണ വരട്ടുവാദം കേട്ട് മടുത്ത ഒരു ജനതയ്ക്ക് മുന്നില്‍ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ സിപിഎം ഇനിയും മടിച്ചു നിന്നാല്‍ കനലൊരുതരി അണയാന്‍ കാലതാമസം ഉണ്ടാവില്ലെന്ന് കൂടി ഈ തിരഞ്ഞെടുപ്പ് സൂചന നല്‍കുന്നുണ്ട്. ഏകാധിപത്യ പ്രവണത മൂലവും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്തത് മൂലവും പല വെട്ടി നിരത്തലുകളുടേയും ഭാഗമായി സംഘടനാപരമായും നേതൃത്വപരമായും വലിയൊരു പ്രതിസന്ധി സിപിഎമ്മിന് മുന്നിലുണ്ടെന്നത് ഇനിയും മറച്ചുവെയ്ക്കാനാകില്ല.