മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരളം നിയമനിര്‍മാണം നടത്തും; നാടിന്റെ പൊതുവായ കാര്യങ്ങളില്‍ യോജിച്ച് ഇടപെടണമെന്ന് എംപിമാരോട് മുഖ്യമന്ത്രി പിണറായി

മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണെന്നും കരട് ബില്‍ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എംപിമാരുടെ യോഗത്തില്‍ അറിയിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം ചേര്‍ന്നത്.

ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ നിന്നും ഒഴിവാക്കിയ ‘സെക്ഷന്‍ 13’ പുനഃസ്ഥാപിക്കുന്നതിന് കൂട്ടായ ഇടപെടല്‍ വേണം. വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കാര്യങ്ങളില്‍ പ്രാദേശിക ആവശ്യങ്ങള്‍ കണക്കിലെടുത്ത് ലഘൂകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്തെ റെയില്‍ വികസനത്തെക്കുറിച്ച് വിശദമായ മെമ്മോറാണ്ടം കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍കണ്ട് മുഖ്യമന്ത്രി സമര്‍പ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി തലശ്ശേരി – മൈസൂര്‍, നിലമ്പൂര്‍ – നഞ്ചന്‍ഗുഡ് റെയില്‍ പദ്ധതി, കാഞ്ഞങ്ങാട് – പാണത്തൂര്‍ – കണിയൂര്‍ റെയില്‍വേ ലൈന്‍, അങ്കമാലി – എരുമേലി – ശബരി റെയില്‍വേ ലൈന്‍, സംസ്ഥാനത്ത് മൂന്നാമതും നാലാമതും റെയില്‍വേ ലൈനുകള്‍ അനുവദിക്കുന്നത്, കൊച്ചി മെട്രോ – എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്‍ വരെ നീട്ടുന്നതിനുള്ള തുക അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read more

നിലവിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുള്ള സഹകരണം എല്ലാ പാര്‍ലമെന്റംഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടല്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സ്വീകരിക്കുമെന്ന് എം പിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. നാടിന്റെ പൊതുവായ കാര്യങ്ങളില്‍ യോജിച്ച് ഇടപെടണമെന്നും യോഗം അഭിപ്രായപ്പെട്ടു.