രാജസ്ഥാനില്‍ കലാശക്കൊട്ട്, പ്രീണന രാഷ്ട്രീയമെന്ന് ബിജെപിയും ഭിന്നിപ്പിക്കലെന്ന് കോണ്‍ഗ്രസും

രാജസ്ഥാന്‍ നവംബര്‍ 25ന് പോളിംഗ് ബൂത്തിലേക്ക് കയറുമ്പോള്‍ ഇരുഭാഗത്തും വിഭാഗീയതയുടെ ചേരികള്‍ കൊണ്ടാണ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത്. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരടിക്കുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ഇരുവിഭാഗത്തേയും പ്രതിസന്ധിയിലാക്കുന്നു പ്രധാനഘടകം. ഭരണത്തിലുള്ള കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നമാണ് പാര്‍ട്ടിയെ പിന്നോട്ടടിക്കുന്ന ഘടകമെങ്കില്‍ ബിജെപിയെ സംബന്ധിച്ച് കേന്ദ്രനേതൃത്വം രാജസ്ഥാനില്‍ പുതിയ മുഖത്തെ പ്രതിഷ്ടിക്കാന്‍ ശ്രമിച്ചതാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം വിതച്ചത്. പാര്‍ട്ടി പാളയത്തിലെ ഇരു ചേരികളിലെ വിശ്വസ്തര്‍ ഓരോരുത്തര്‍ക്കും പിന്നില്‍ അണിനിരക്കുമ്പോള്‍ പരസ്പരം പോരടിക്കല്‍ കൂടിയാണ് രാജസ്ഥാനില്‍ ഈ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റേത് ന്യൂനപക്ഷ പ്രീണനമെന്ന് ബിജെപിയും ബിജെപിയുടേത് ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസും പറഞ്ഞുകൊണ്ടാണ് രാജസ്ഥാനില്‍ പ്രചരണം കലാശക്കൊട്ടിലേക്ക് കടക്കുന്നത്. പക്ഷേ പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും ചിലരുടെ പ്രീണന തന്ത്രവുമാണ് ഇരുകൂട്ടരേയും രാജസ്ഥാനില്‍ പ്രതിസന്ധിയിലാക്കുന്നത്.

രാജസ്ഥാനിലെ പലയിടങ്ങളിലും ബിജെപിയിലേയും കോണ്‍ഗ്രസിലേയും ഗ്രൂപ്പുകളിലെ വിശ്വസ്തര്‍ തമ്മിലുള്ള മല്‍സരങ്ങള്‍ ത്രികോണ മല്‍സരങ്ങളായി രൂപാന്തരപ്പെട്ടിട്ടുണ്ട്. രാജസ്ഥാനില്‍ ബിജെപിയുടെ മുഖമായിരുന്ന വസുന്ധര രാജെ സിന്ധ്യയെ മാറ്റി പുതിയ ഒരാളെ തലപ്പത്തെത്തിക്കാനുള്ള നരേന്ദ്ര മോദി- അമിത് ഷാ തീരുമാനമാണ് തുടക്കം മുതല്‍ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ തളര്‍ത്തിയത്. തന്റെ മേഖലയില്‍ അതിശക്തയായ വസുന്ധരയ്ക്ക് പിന്നില്‍ അവരുടെ വിശ്വസ്തര്‍ അണിനിരന്നപ്പോള്‍ മോദിയ്ക്കും ഷായ്ക്കും പ്രിയങ്കരനായ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിന് രാജസ്ഥാനില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ വിചാരിച്ചത് പോലെ കളം പിടിക്കാനായില്ല. മുഖ്യമന്ത്രി മുഖമായി ബിജെപി വസുന്ധരയെ ഉയര്‍ത്തിക്കാട്ടാതെ ഷെഖാവത്തിനെ മുന്നിലേക്ക് നിര്‍ത്തിയപ്പോള്‍ വസുന്ധര ക്യാംമ്പ് പ്രചരണത്തില്‍ പിന്നോട്ട് നിന്നു.

എന്നാല്‍ വസുന്ധരയുടെ അപ്രീതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെ ബിജെപി കേന്ദ്രനേതൃത്വം തന്നെ അനുനയ ശ്രമം നടത്തി. ഒടുവില്‍ രാജസ്ഥാനില്‍ മോദിക്കൊപ്പം വസുന്ധര രാജെ സിന്ധ്യ വേദി പങ്കിട്ടതോടെ കാര്യങ്ങള്‍ സുരക്ഷിത പാളയത്തിലെത്തിയെന്നാണ് ബിജെപി കരുതുന്നത്. പ്രധാനമന്ത്രിയും താമരയുമാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പിന്റെ മുഖമെന്ന് പറഞ്ഞ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് മുഖ്യമ്ര്രന്തി കസേരയിലുള്ള തര്‍ക്കം മറച്ചുപിടിച്ചു. പാര്‍ട്ടിയുടെ പാര്‍ലമെന്റി ബോര്‍ഡും എംഎല്‍എമാരും കൂടി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് ബിജെപി എംപി പറഞ്ഞുവെച്ചത് തിരഞ്ഞെടുപ്പിന് ശേഷം മോദിയും അമിത് ഷായും പറയുന്നയാള്‍ മുഖ്യമന്ത്രിയാകുമെന്ന സ്ഥിരം പല്ലവിയാണ്. ബിജെപി സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പട്ടത്തിനുണ്ട്. ജയ്പൂരിന്റെ മകളെന്ന് അറിയപ്പെടുന്ന റോയല്‍ മുഖമായ ദിയ കുമാരിയെ ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്നത് വസുന്ധരയ്ക്ക് തടയിടാനാണ്.

രാജസ്ഥാനിലെ രാജ്ഞിയെന്ന് അറിയപ്പെടുന്ന ബുണ്ടി രാജവംശത്തിലെ വസുന്ധരയെ അതേ രാജപദവിയുള്ള ഒരാളെ കൊണ്ട് വെട്ടുകയെന്ന സമര്‍ത്ഥതന്ത്രവും ബിജെപി കേന്ദ്രനേതൃത്വത്തിനുണ്ടായിരുന്നു. ജയ്പൂരിന്റെ മകളെ വിജയിപ്പിക്കണമെന്നാണ് ജയ്പൂര്‍ രാജകുടുംബാംഗമായ ദിയാകുമാരിയുടെ പ്രചാരണ വാചകം. പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന സിപി ജോഷിയുടേയും ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റേയും അതേ നിലപാടിലാണ് കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹാശിസുകളോടെ നിലവിലെ എംപിയായ ദിയാകുമാരി ഇറങ്ങുന്നത്.

കേന്ദ്രനേതൃത്വത്തെ വകവെയ്ക്കാതെ മോദി- ഷാ അപ്രമാദിത്യത്തില്‍ മുട്ടുവളയ്ക്കാത്ത ബിജെപിയിലെ ചുരുക്കം ചില നേതാക്കളില്‍ പ്രബലയാണ് വസുന്ധര. അതുകൊണ്ട് തന്നെയാണ് കേന്ദ്രനേതൃത്വവുമായി കലഹിച്ചു നില്‍ക്കുന്ന വസുന്ധരയെ അതേ രാജപ്രൗഢിയുടെ പേരില്‍ വെട്ടാന്‍ ദിയാകുമാരിയെ മോദിയും ഷായും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇറക്കിയത്.

കോണ്‍ഗ്രസിലും മുഖ്യമന്ത്രി കസേരയുടെ കാര്യങ്ങള്‍ ഇത്തരത്തില്‍ തന്നെയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം അശോക് ഗെഹ്ലോട്ട് ഉയര്‍ത്തിക്കാട്ടുമ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരും പാര്‍ട്ടി ഹൈക്കമാന്‍ഡും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന നിലപാടിലാണ് യുവനേതാവായ സച്ചിന്‍ പൈലറ്റ്. സച്ചിനെ ഇനിയും കണ്ടില്ലെന്ന് നടിച്ച് അശോക് ഗെഹ്ലോട്ടിന്റെ താന്‍പോരിമയ്ക്ക് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും നിന്നു കൊടുക്കുമോയെന്ന സംശയമുണ്ട്. കാരണം 2018ല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന്റെ ക്രെഡിറ്റില്‍ സച്ചിന്‍ പൈലറ്റിനെ പോലെ അവകാശമുള്ള മറ്റൊരാളില്ല എന്നത് തന്നെ.

2013ല്‍ രാജസ്ഥാനില്‍ വീണുടഞ്ഞ കോണ്‍ഗ്രസിന് ഒന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഉശിരന്‍ പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചത് പിസിസി അധ്യക്ഷനായ സച്ചിന്‍ പൈലറ്റായിരുന്നു. 2014ല്‍ രാജസ്ഥാന്‍ക്കാരുടെ പരമ്പരാഗത പ്രൗഢിയുടെ ഭാഗമായ തലപ്പാവില്‍ തൊട്ടൊരു പ്രതിജ്ഞയെടുത്ത് പൈലറ്റ് 2018ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് രാജസ്ഥാനില്‍ ഉടനീളം നടത്തിയ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചാണ്. കോണ്‍ഗ്രസ് അധികാരത്തിലേറിയിട്ടെ ഇനി തലപ്പാവു വെയ്ക്കുകയുള്ളുവെന്ന് പറഞ്ഞ പൈലറ്റ് 96 സീറ്റില്‍ നിന്ന് 21ലേക്ക് വീണുപോയൊരു പാര്‍ട്ടിയെ
100 സീറ്റുമായി അധികാരത്തിലെത്തിച്ചു 2018ല്‍.

മുഖ്യമന്ത്രി കസേര പ്രതീക്ഷിച്ച പൈലറ്റിന് പക്ഷേ അനുഭവസമ്പത്തിന്റെ പേര് പറഞ്ഞു അശോക് ഗെഹ്ലോട്ടും സംഘവും നടത്തിയ ചരടുവലിയില്‍ ഉപമുഖ്യമന്ത്രിയാകേണ്ടി വന്നു. പിന്നീടുള്ള അധികാരത്തര്‍ക്കത്തിലും വടംവലിയിലും പാര്‍ട്ടി വിട്ടു പോവയെങ്കിലും ബിജെപി ക്യാമ്പില്‍ കയറാന്‍ തയ്യാറാവാതെ രാഹുല്‍ ഗാന്ധിയുടെ വാക്കില്‍ തിരിച്ചെത്തുകയായിരുന്നു സച്ചിന്‍ പൈലറ്റ്. പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനവും ഉപമുഖ്യമന്ത്രി കസേരയും ഉപേക്ഷിച്ച് സച്ചിന്‍ കോണ്‍ഗ്രസിനായി നിലകൊള്ളുകയായിരുന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന് കരുതി കോണ്‍ഗ്രസിന് പിന്നില്‍ അണിനിരന്ന രാജസ്ഥാനിലെ പ്രബലമായ ഗുജ്ജാര്‍ വിഭാഗം തിരഞ്ഞെടുപ്പിന് ശേഷം തങ്ങള്‍ ചതിക്കപ്പെട്ടുവെന്ന് കരുതി. ഇത് ഈ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്.

തുടര്‍ഭരണം നേടി രാജസ്ഥാനിലെ 3 പതിറ്റാണ്ടായുള്ള രണ്ടാം അവസരം ഒരു പാര്‍ട്ടിയ്ക്കും നല്‍കാത്ത ചരിത്രത്തിന് അറുതി വരുത്താമെന്ന കോണ്‍ഗ്രസ് ധാരണ എങ്ങനെയാവുമെന്ന് അറിയാന്‍ നവംബര്‍ 25ന് രാജസ്ഥാനികള്‍ പോളിംഗ് ബൂത്തിലെത്തണം. ഡിസംബര്‍ 3ന് നടക്കുന്ന വോട്ടെണ്ണലില്‍ അറിയാം ഏത് പക്ഷത്തെ ചേരിതിരിവാണ് രാജസ്ഥാനിലെ ഫലം നിര്‍ണയിച്ചതെന്ന്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെ കൈകടത്തലില്‍ രാജസ്ഥാന്‍ പാര്‍ട്ടിയെ കൈവിടുമോ അതോ വസുന്ധരയ്ക്കപ്പുറം മോദി പ്രഭാവം രാജസ്ഥാനില്‍ രജപുത്ര വോട്ടുകളെ സ്വാധീനിക്കുമോ?. തുടര്‍ഭരണം നേടിയാല്‍ കോണ്‍ഗ്രസിനുള്ളില്‍ ഇനി ഗെഹ്ലോട്ട് കസേരയില്‍ ഉറച്ചിരിക്കുമോ അതോ സച്ചിന്‍ ക്യാമ്പ് രാജസ്ഥാനില്‍ പാര്‍ട്ടിയെ നയിക്കുമോ?. പാര്‍ട്ടികളിലെ ചേരികളുടെ വിധിയെഴുത്തു കൂടിയാണ് നവംബര്‍ 25ലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പെന്ന് ചുരുക്കം.