കോണ്‍ഗ്രസിലെ പച്ച പോരാഞ്ഞ് അക്കരപ്പച്ച തേടുന്നവര്‍

പദ്ഘട്ടത്തില്‍ വക്താക്കള്‍ മറുകണ്ടം ചാടുന്നത് പ്രസ്ഥാനത്തിന് കനത്ത ആഘാതമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം മൂന്ന് വക്താക്കളാണ് കോണ്‍ഗ്രസിനു നഷ്ടപ്പെട്ടത് – ശക്കീല്‍ അഹമദ്, ടോം വടക്കന്‍, പ്രിയങ്ക ചതുര്‍വേദി. രണ്ടു പേര്‍ ബി.ജെ.പിയിലും ഒരാള്‍ ശിവസേനയിലും ചേക്കേറി. ആര്‍ക്കു ലാഭം ആര്‍ക്കു നഷ്ടം എന്നതിലുപരി ഇതെങ്ങിനെ സംഭവിക്കുന്നു എന്നാണ് ആലോചിക്കേണ്ടത്.

വക്താക്കള്‍ മാത്രമല്ല സഹയാത്രികരും അന്തിക്കൂട്ടിന് വേറെ ഇടം തേടുന്നുണ്ട്. വക്താവിനു സമാനമായി ചാനലുകളില്‍ സംസാരിക്കുകയും യുഡിഎഫിന്റെ ഭരണകാലത്ത് ഔദ്യോഗികമായ പദവികള്‍ വഹിക്കുകയും ചെയ്തയാളാണ് ടി പി ശ്രീനിവാസന്‍. എസ്എഫ്‌ഐ ധര്‍ണ സാഹസികമായി മുറിച്ചു.കടന്ന് വീരപരിവേഷമുണ്ടാക്കിയ ഈ മുന്‍ നയതന്ത്രജ്ഞന്‍ നയവും തന്ത്രവും വിട്ട് ഇപ്പോള്‍ ബിജെപിയിലാണ്.

കോണ്‍ഗ്രസിന്റെ ആനുകൂല്യത്തില്‍ ഡിജിപിയായ ടി പി സെന്‍കുമാര്‍ സിപിഎമ്മിനോടുള്ള വിരോധം മൂത്ത് ബിജെപിയിലെത്തി. കോണ്‍ഗ്രസിന്റെ കാരുണ്യത്തില്‍ സമുന്നതപദവികള്‍ കരസ്ഥമാക്കിയ കെ. എസ് രാധാകൃഷ്ണന്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി. കോണ്‍ഗ്രസിന്റെ താത്വികപ്രഭാഷകന്‍ എന്ന നിലയിലാണ് വീക്ഷണത്തിലെ ഈ മുന്‍ ജീവനക്കാരന്‍ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറും പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാനും ആയത്. വെള്ളം കയറിയാല്‍ ഏതു വള്ളവും മുങ്ങുമെന്ന് തുഴച്ചില്‍ നല്ല വശമുള്ള രാധാകൃഷ്ണന് ആലപ്പുഴയില്‍ ബോധ്യമായി. മുങ്ങാന്‍ തുടങ്ങിയ വള്ളത്തില്‍ നിന്ന് നാട്ടുകാരാണ് അദ്ദേഹത്തെ രക്ഷിച്ചത്.

സമാനമായ രക്ഷാപ്രവര്‍ത്തനം പോളിംഗ് ബൂത്തിലുണ്ടാവില്ല. അങ്കമാലി ഫോര്‍ കാലടി എന്നാണ് അങ്കമാലി റെയില്‍വേ സ്‌റ്റേഷനിലെ ബോര്‍ഡ്. ഇത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും ബാധകമാണെന്ന് ലോനപ്പന്‍ നമ്പാടന്‍ പറയുമായിരുന്നു. കോണ്‍ഗ്രസ് വഴി ബിജെപിയിലേക്കുള്ള യാത്ര എന്തുകൊണ്ട് എന്ന് കോണ്‍ഗ്രസുകാര്‍ പരിശോധിക്കണം. തെക്കും വടക്കും ഓരോ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കുറിച്ചുതന്നെ ജയിച്ചാല്‍ വടക്കന്‍ അവര്‍ക്ക് വഴികാട്ടിയാകുമോ എന്ന് സംശയമുണ്ട്. വിപദ്ഘട്ടത്തില്‍ ഒരു എം.പിയുടെ വിലയെന്തെന്ന് 2008 ലെ വിശ്വാസവോട്ടിന്റെ സമയത്ത് രാജ്യം കണ്ടതാണ്.

കര്‍ണാടകയില്‍ ഇപ്പോള്‍ ഒരു എം.എല്‍.ഏയുടെ വില നൂറു കോടിയാണ്. അപ്പോള്‍ ഡല്‍ഹിയില്‍ ഒരു എം.പിയുടെ വില എന്തായിരിക്കുമെന്ന് നിര്‍ണയിക്കാന്‍ ഗണിതത്തില്‍ മികവ് വേണമെന്നില്ല. കച്ചവടത്തിനുള്ള കുതിരകളെയല്ല രണാങ്കണത്തില്‍ ബ്യൂസിഫാലസിനെ പോലെ കുതിക്കുന്ന അശ്വങ്ങളെയാണ് നാം തിരഞ്ഞെടുത്തയക്കേണ്ടത്.