കര്‍ണാടക തിരഞ്ഞെടുപ്പ് 2023, ഒരു ദിശാസൂചിക

കര്‍ണ്ണാടക നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഈ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു ദിശാ സൂചികയാവുമെന്നകാര്യത്തില്‍ സംശയമില്ല. ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ സംസ്ഥാനമാണ് കര്‍ണ്ണാടക. ആര്‍ എസ് എസിനും ഹിന്ദു മഹാസഭക്കും അവയുടെ രൂപീകരണ കാലം മുതല്‍ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനം കൂടിയാണിത്. അതേ പോലെ തന്നെ കോണ്‍ഗ്രസിനും സോഷിലിസ്റ്റുകള്‍ക്കുംവലിയ രാഷ്ട്രീയ സ്വാധീനവും കര്‍ണ്ണാടകയിലുണ്ടായിരുന്നു. 1970 കള്‍ക്ക് ശേഷം കോണ്‍ഗ്രസും സോഷിലിസ്റ്റുകളുമായിട്ടാണ് രാഷ്ട്രീയ രംഗത്ത് ഏറ്റുമുട്ടിയിരുന്നതെങ്കില്‍ 90 കളുടെ അവസാനം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലായി രാഷ്ട്രീയ പോരാട്ടം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സല്‍ ആണ് കര്‍ണ്ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് തെലങ്കാനാ തിരഞ്ഞെടുപ്പുകള്‍. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കുമ്പോള്‍ മറ്റുനാല് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പുകള്‍ 2024 ജനുവരിയിലാണ് നടക്കുന്നത്. എന്നുവച്ചാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് നാല് മാസം മുമ്പ്. ഇതില്‍ മൂന്നിലും ബി ജെ പിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റമുട്ടുന്നത്. അത് കൊണ്ടാണ് 2024 ലെ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ എന്നീ തിരഞ്ഞെടുപ്പുകളെവിളിക്കുന്നത്.

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് ശക്തമായ സംഘടനാ സംവിധാനവും നേതാക്കളും ഉളള സംസ്ഥാനമാണ് കര്‍ണ്ണാടക. 224 അംഗ അസംബ്‌ളി സീറ്റില്‍ 113 സീറ്റുകിട്ടുന്നവര്‍ ഭരണം കൈപ്പിടിയിലൊതുക്കും. ബി ജെ പിയുടെ ഇപ്പോഴത്തെ അഗംബലം 118 ആണ.് കോണ്‍ഗ്രസിന് 72 ഉം ജനതാദള്‍ എസ് നു 32 ആണും കക്ഷിനില. എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കേവലം 104 സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുളളു. കോണ്‍ഗ്രസിന് 82 ഉം ജനതാദള്‍ എസിന് 32 ഉം ആയിരുന്നു കക്ഷി നില. അന്ന് ഭരണത്തിലേറിയ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജനതാദള്‍ മന്ത്രി സഭയെ എം എല്‍ എ മാരെ വിലക്കെടുത്ത്ുകൊണ്ട് ബി ജെ പി അട്ടിമറിച്ചു. പന്ത്രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാരെയും മൂന്ന് ജനതാദള്‍ എസ് എം എല്‍ മാരെയും മറുകണ്ടം ചാടിച്ചുകൊണ്ടാണ് ഒരു കൊല്ലത്തിനുള്ളില്‍ കോണ്‍ഗ്രസ് ജനതാദള്‍ കൂട്ടകക്ഷി മന്ത്രി സഭയെ ബി ജെ പി വലിച്ചിട്ടത്.

അങ്ങിനെ യദിയൂരപ്പയുടെ നേതൃത്വത്തില്‍ നാലാം തവണയും ബി ജെ പി മന്ത്രി സഭ കര്‍ണ്ണാടത്തില്‍ അധികാരത്തില്‍ വന്നു. എന്നാല്‍ സ്ഥാനമേറ്റെടുത്ത് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും മോദിയും ഷായും കൂടി യദിയൂരപ്പയെ പിടിച്ചു പുറത്താക്കി. ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി. മുന്‍ ജനതാദള്‍ നേതാവും മുഖ്യമന്ത്രിയുമായ എസ് ആര്‍ ബൊമ്മൈയുടെ മകനാണ് ബസവരാജ് ബൊമ്മൈ. എന്നാല്‍ താന്‍ യാതൊരു കഴിവുമില്ലാത്ത മുഖ്യമന്ത്രിയാണെന്ന് ബി ജെ പിക്കാരെക്കൊണ്ടുവരെ പറയിക്കാന്‍ കഴിഞ്ഞുവെന്നതാണ് ബസവരാജ് ബൊമ്മൈയുടെ ഏക നേട്ടം. ആയിരിക്കണക്കിന് കോടിരൂപയുടെ കേന്ദ്ര പദ്ധതികളാണ് കര്‍ണ്ണാടകയില്‍ ഈ വര്‍ഷത്തിനടിയില്‍ പൂര്‍ത്തിയായത്. മൈസൂര്‍ ബാംഗ്‌ളൂര്‍ എക്ല്പ്രസ് ഹൈവേ ഉള്‍പ്പെടെ.

എന്നാല്‍ ഭരണം പിടിക്കാന്‍ ഇതൊന്നും പോരാ എന്ന് അറിയാവുന്ന ബി ജെപി കഴിഞ്ഞ മൂന്ന് വര്‍ഷമായി കര്‍ണ്ണാടകയില്‍ വലിയ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയായിരുന്നു. ടിപ്പു സുല്‍ത്താന്റെ പേരില്‍ തുടങ്ങിയ ആ വര്‍ഗീയ ചേരിതിരിവ് മംഗാലപുരത്തെ ഹിജാബ് നിരോധ വിഷയമായപ്പോഴേക്കും പുകഞ്ഞു കത്താന്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് മംഗലാപുരത്തും സമീപ പ്രദേശങ്ങളിലും നിരവധി സംഘര്‍ഷങ്ങളുണ്ടായി. ് മംഗലാപുരത്തെ ബി ജെ പി – പി എഫ് ഐ സംഘര്‍ഷങ്ങളാണ്‌പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിലേക്ക് വരെ നയിച്ചത്. ഇതിനിടയില്‍ ബസവരാജ് ബൊമ്മൈക്കെതിരെ ബി ജെപിക്കുള്ളില്‍ നിന്ന് തന്നെ പടപ്പുറപ്പാടുണ്ടായി. ആര്‍ എസ് എസ് പശ്ചാത്തലമില്ലാത്ത അടുത്തകാലത്ത് മാത്രം ബി ജെ പിയിലേക്ക വന്ന ബൊമ്മൈയോട് സംഘനേതൃത്വത്തിന് വലിയ താല്‍പര്യമുണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ കാലാവസ്ഥ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ പ്രശ്‌നം അതല്ല തിരഞ്ഞെടുപ്പിന് ശേഷം ബി ജെ പി അധികാരത്തിന് പുറത്തായാല്‍ പകരം വരുന്ന ബി ജെ പി ഇതര മന്ത്രി സഭയെ മോദിയും ഷായും ചേര്‍ന്ന് അട്ടിമറിക്കുമോ എന്നതാണ് കൂടുതല്‍ ആശങ്കാജനകമായിട്ടുള്ള കാര്യം. കര്‍ണ്ണാടക പോലുള്ള സംസ്ഥാനത്ത് തങ്ങള്‍ക്ക് ഭരണം നഷ്ടപ്പെടുന്ന കാര്യം ബി ജെ പിക്ക് ആലോചിക്കാനേ വയ്യ. അത് കൊണ്ട് ഭരണം കൈവിട്ടു പോകുന്ന ഘട്ടത്തില്‍ എന്തു കടുംകയ്യും അവര്‍ പ്രവര്‍ത്തിക്കുന്ന കാര്യത്തിലും സംശയം വേണ്ട. എന്നാല്‍ കേവല ഭൂരിപക്ഷത്തോടെ ്രപ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയാണെങ്കില്‍ ബി ജെ പിയെ സംബന്ധിച്ചിടത്തോളം അട്ടിമറി അത്ര എളുപ്പമാകില്ല. മികച്ച മാര്‍ജിനില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞാല് അത് ബി ജപിക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും. അത് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യും