ഗവര്‍ണ്ണര്‍- പിണറായി ഏറ്റുമുട്ടല്‍, ബി ജെ പി - സി പി എം തന്ത്രത്തിന്റെ ഭാഗമോ?

കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പരസ്പരമുള്ള കള്ളനും പൊലീസും കളിയാണെന്ന് വസ്തുതകള്‍ പഠിക്കുന്നവര്‍ക്കറിയാം. ഭരണഘടനയിലെ 152 മുതല്‍ 162 വരെ ആര്‍ട്ടിക്കിളുകളില്‍ പറഞ്ഞിരിക്കുന്ന അധികാരങ്ങളേ ഒരു സംസ്ഥാന ഗവര്‍ണ്ണര്‍ക്കുള്ളു. സര്‍വ്വകലാശാലകളുടെ സ്റ്റാറ്റിയുട്ടില്‍ ചാന്‍സലറായ ഗവര്‍ണ്ണറാണ് അധികാരി എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ സര്‍വ്വകലാശാലകളുടെ തലവന്‍ ഗവര്‍ണ്ണറായിരിക്കും. ഇന്ത്യയില്‍ പല സര്‍വ്വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന്് ഗവര്‍ണ്ണര്‍മാരെ അതാതിടത്തെ നിയമസഭകള്‍ ഭേദഗതികള്‍ അവതിപ്പിച്ച് നീക്കം ചെയ്തിട്ടുമുണ്ട്. സംസ്ഥാനങ്ങളുടെ നാമമാത്ര ഭരണത്തലവന്‍ അഥവാ titular head എന്നാണ് ഗവര്‍ണ്ണറെക്കുറിച്ച് ഭരണഘടന പറയുന്നത്. സംസ്ഥാന ഭരണത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വവും അധികാരവും മന്ത്രി സഭക്കാണ് എന്നാണ് ഇതിനര്‍ത്ഥം.

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടാലെ നിയമമാവുകയുളളു. എന്നാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടാത്ത ബില്ലുകള്‍ വീണ്ടും അദ്ദേഹത്തിന്റെ പരിഗണനക്ക് മുന്നില്‍ സമര്‍പ്പിച്ചാല്‍ അത് അദ്ദേഹം ഒപ്പുവച്ചെ മതിയാകൂ. അത് ഗവര്‍ണ്ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ചില ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനക്കയക്കാം എന്നുമാത്രം. ചുരുക്കത്തില്‍ ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നൊക്കെയുളളത് വെറും കണ്ണുപൊത്തിക്കളിയാണ്. തങ്ങള്‍ സംഘപരിവാറിനെതിരെ എന്തോ വലിയൊരു പോരാട്ടം നടത്തുവെന്ന് ജനങ്ങളെ പ്രത്യേകിച്ച് മത ന്യുനപക്ഷങ്ങളെ ധരിപ്പിക്കാനുളള സി പി എമ്മിന്റെ ഒരു തന്ത്രവും അടവും മാത്രമാണിതെല്ലാം. ബി ജെ പിക്കോ, ഗവര്‍ണ്ണറെ ഉപയോഗിച്ച് തങ്ങള്‍ പിണറായിയെ മൂക്കകൊണ്ട് ക്ഷ വരപ്പിച്ചുവെന്ന് സ്വന്തം അണികള്‍ക്ക് മുന്നില്‍ മേനി നടിക്കാനും, അത് വഴി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള വളരെ ദുര്‍ബലമായ സംസ്ഥാന നേതൃത്വത്തിന് പിടിച്ചു നില്‍ക്കാനൊരു പ്രതലം ലഭിക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ സി പി എമ്മും ബി ജെ പിയും തമ്മിലുള്ള ഒരു കണ്ണ് പൊത്തിക്കളിമാത്രമാണ് ഈ ഗവര്‍ണ്ണര്‍ – സര്‍ക്കാര്‍ ഏററുമുട്ടല്‍.

കേന്ദ്ര സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും തമ്മില്‍ യാതൊരു വിധ പ്രശ്‌നങ്ങളുമില്ലന്ന് മാത്രമല്ല വളരെ നല്ല ബന്ധത്തിലുമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തന്നെ പരിഹരിക്കപ്പെട്ടത് കേന്ദ്രത്തിന്റെ കയ്യയച്ചുളള സഹായം കൊണ്ടാണ്. മാത്രമല്ല കൊച്ചി മെട്രോ ഉള്‍പ്പെടെയുളള വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ കേരളം ആവശ്യപ്പെടുന്ന സാമ്പത്തിക സഹായം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നുമുണ്ട്. മുഖ്യമന്ത്രിയാകട്ടെ പ്രധാനമന്ത്രിയടക്കമുളള നേതാക്കളുമായി നല്ല വ്യ്ക്തിബന്ധം കാത്തുസൂക്ഷിക്കുന്നയാളുമാണ്. അത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഈ പിണറായി വിജയനോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ യാതൊരു ബുദ്ധിമുട്ടുമില്ല.

അപ്പോള്‍ കേന്ദ്രത്തിന്റെ നോമിനിയായ ബി ജെ പി നേതൃത്വത്തിന്റെ വിശ്വസ്തനായ ആരിഫ് മുഹമ്മദ് ഖാന്‍ പിണറായിക്കും സി പി എം സര്‍ക്കാരിനുമെതിരെ തിരിയുമെന്ന് അരിയാഹാരം കഴിക്കുന്നയാരും വിശ്വസിക്കില്ല. അപ്പോള്‍ പിന്നെ ഈ ഏറ്റുമുട്ടിലിന്റെ അന്തര്‍ധാര എന്തായിരിക്കും. സി പി എം – ബി ജെ പി എന്നീ രണ്ട് ദ്വന്ദങ്ങളില്‍ കേരളരാഷ്ട്രീയം നിലകൊളളണമെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ സി പി എമ്മിലും ബി ജെ പിയിലുമുണ്ട്. എങ്കില്‍ മാത്രമേ കേരളത്തില്‍ യു ഡി എഫ് ഒരു രാഷ്ട്രീയ ശക്തിയല്ലാതെയാവുകയുളളു. ശബരിമല പ്രക്ഷോഭകാലം മുതല്‍ രണ്ട് പാര്‍ട്ടിക്കാരും പയറ്റിവരുന്ന ഒരു രാഷ്ട്രീയ തന്ത്രമാണിത്. ബി ജെ പിയെ നേരിടാന്‍ സി പി എം മാത്രമേയുളളുവെന്ന നിലവന്നാല്‍ ന്യുനപക്ഷ വോട്ടുകള്‍ മുഴുവന്‍ സി പി എമ്മിന്റെ പെട്ടിയില്‍ വരുമെന്നു പിണറായി കൃത്യമായി കണക്കു കൂട്ടി, ആ കണക്ക് കൂട്ടല്‍ നൂറുശതമാനം ശരിയായിരുന്നു. അത് കൊണ്ടാണ് 2021 ല്‍ വീണ്ടും പിണറായിയുടെ നേതൃത്വത്തില്‍ സി പിഎം ഭരണത്തിലേറിയത്.

ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടില്‍ വളരെ നിസാരമായ പ്രശ്‌നങ്ങളില്‍ കയറിപ്പിടിച്ചാണ് എന്ന് വിഷയങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകും. അസംബ്‌ളി വിളിച്ചു ചേര്‍ക്കാനുളള നോട്ടിഫിക്കേഷനില്‍ ഒപ്പിടാതിരിക്കുക, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയം എടുത്തിടുക, അല്ലങ്കില്‍ ഹിസ്റ്ററി കോണ്‍ഗ്രസിലുണ്ടായ സംഭവങ്ങള്‍ ഇവയൊക്കെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം താരതമ്യേന അപ്രധാനമാണ്. എന്തിന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയായ പ്രിയവര്‍ഗീസിന്റെ നിയമന വിവാദം പോലും സര്‍ക്കാരിനെ കാര്യമായി ബാധിക്കുന്നതല്ല. അപ്പോള്‍ ഈ ഗവര്‍ണ്ണര്‍ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ഒരു തലവേദനയും ഉണ്ടാക്കുന്നില്ലന്ന് കാണാം. ക്രിക്കറ്റുകളിയിലൊക്കെ കാണുന്ന മാച്ച് ഫിക്‌സിംഗ് ആണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്.

ഇപ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തിലൂടെ നടത്തുന്ന ഭാരത് ജോഡോ യാത്രക്ക് കിട്ടുന്ന വാര്‍്ത്താ പ്രധാന്യം കുറക്കുക എന്ന ഉദ്ദേശവും ഇപ്പോഴത്തെ ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രി ചക്കളത്തിപ്പോരാട്ടത്തിനുണ്ട്. ഈ കണ്ണപൊത്തിക്കളി ഇനിയും അഭംഗുരം തുടരാനാണ് സാധ്യത. കാരണം സി പി എമ്മിനും ബി ജെ പിക്കും ജനങ്ങള്‍ക്ക് മുന്നില്‍ വയ്കാന്‍ കാര്യമായ കാര്യപരിപാടികളൊന്നുമില്ല. മന്ത്രിമാരുടെ കഴിവുകേടുകള്‍ക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയരുന്നു.

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്തു നില്‍ക്കുകയാണ്, കേരളത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 500 കോടിയുടെ വ്യവസായ നിക്ഷേപം പോലും വന്നിട്ടില്ല. ഇതൊന്നും കേരളീയ സമൂഹത്തില്‍ ചര്‍ച്ചയാകാന്‍ സി പി എം ആഗ്രഹിക്കുന്നില്ല. അതിന് കൃത്യമായി ബി ജെ പിയെ സി പി എം ഉപയോഗിക്കുന്നു. ബി ജെ പിയുടെ സംസ്ഥാന നേതൃ്വം ആകട്ടെ അഴിമതിയിലും വിവിധങ്ങളായ ആരോപണങ്ങളിലും പെ്ട്ടു വലയുകയാണ്. അപ്പോള്‍ ഗവര്‍ണ്ണറെ വച്ചുള്ള കളി അവരുടെ മുഖം രക്ഷിക്കാനും നല്ലതാണ്. ഈ അന്തര്‍ധാര സജീവമായി ഇനിയും മുന്നേറിക്കൊണ്ടിരിക്കുമെന്ന കാര്യത്തില്‍ വലിയ തര്‍ക്കം വേണ്ടാ.