വിശ്വാസം, രാഷ്ട്രീയം, പൊതുജനാരോഗ്യം

ഡോ. റാം പുനിയാനി

കോവിഡ് 19 ന്റെ രണ്ടാമത്തേതും ഗുരുതരവുമായ തരംഗം വായുവിൽ കൂടിയാണ്.  നമ്മുടെ സമൂഹത്തിൽ  ആവശ്യമായ കിടക്കകളുടെയും  ഓക്സിജൻ സിലിണ്ടറുകളുടെയും  മരുന്നകളുടെയും കുറവനുഭവപ്പെടുന്നുണ്ടെങ്കിലും  പകർച്ചവ്യാധിയുടെ ആഘാതം പരമാവധി കുറയ്ക്കാൻ ആരോഗ്യപ്രവർത്തകർ അശ്രാന്തം ജോലി ചെയ്യുന്നു. പല സന്നദ്ധ സംഘടനകളും ഭക്ഷണത്തിന്റെയും   മറ്റു ദുരിതാശ്വാസ സാമഗ്രികളുടെയും കാര്യങ്ങളിൽ സഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. രോഗത്തോടു പൊരുതുന്നതിൽ മനുഷ്യരാശിയുടെ ഏറ്റവും ഉജ്ജ്വലമായൊരു  മുഖം നമ്മുടെ  പരിഷ്കൃത വശത്ത്  ദർശിച്ചപ്പോൾ ചില ഭാഗങ്ങളിൽ നിന്നും അതിനു യോജിക്കാത്ത മറ്റു പലതും കൂടി കാണേണ്ടിവന്നു.

നമ്മുടെ  രാഷ്ട്രീയരംഗത്തേക്കു നോക്കുക.  അഞ്ചു സംസ്ഥാനങ്ങളിൽ വൻ റാലികളാണ് അരങ്ങേറിയത്. പ്രധാനമായും ബംഗാളിൽ. ബുദ്ധിപൂർവ്വമോ അതിന്റെ കുറവു മൂലമോ ഇലക്ഷൻ കമ്മീഷൻ  എട്ടു ഘട്ടങ്ങളായി നടത്തിയ തിരഞ്ഞെടുപ്പ് വലിച്ചിഴക്കപ്പെട്ട ഒന്നായിരുന്നു.  കോവിഡ് വ്യാപനം കൈവിട്ടുപോകുന്ന അവസ്ഥയെത്തുമെന്നു തോന്നിയ സാഹചര്യത്തിൽ  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ നേതാവ് മമതാ ബാനർജിയും  അവരവരുടെ ബംഗാളിലെ റാലികൾ ഉപേക്ഷിച്ചിരുന്നു.  ഈ സമയത്ത് ബിജെപി നേതാവ് അമിത് ഷാ പറഞ്ഞതാകട്ടെ ബംഗാളിൽ മഹാരാഷ്ട്രയേക്കാൾ രോഗികൾ കുറവായതിനാൽ തങ്ങളുടെ പ്രചാരണങ്ങളും റാലികളും കൊണ്ടൊന്നും കുഴപ്പമുണ്ടാകില്ല എന്നാണ്. എത്ര വഞ്ചനാപരമായ ഒരു പ്രസ്താവനയായിരുന്നു അത് . ആൾക്കൂട്ടങ്ങൾ രോഗവ്യാപ്തിയുടെ വലിപ്പം കൂട്ടും എന്നറിയാത്തവർ ആരുമുണ്ടാകില്ല. കോടിക്കണക്കിന് മാസ്കുകൾ തങ്ങൾ വിതരണം ചെയ്തു എന്നാണ് അമിത്ഷാ അവകാശപ്പെട്ടത്. എന്നാൽ അവരുടെ റാലികളിൽ ആളുകൾ മാസ്കുകൾ ധരിക്കുന്നില്ല എന്ന് പല വീഡിയോ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.  ഇത് കോവിഡ് പ്രോട്ടോകോളിന്റെ നഗ്നമായ ലംഘനമല്ലാതെ മറ്റെന്താണ്. തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കായി പൊതുജനത്തിന്റെ ആരോഗ്യം അപകടത്തിലായാൽ തങ്ങൾക്കൊന്നുമില്ല എന്ന ചിന്താഗതിയാണിത്.

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് ഭരണകക്ഷിക്ക് നൽകിയ നിർദേശങ്ങളിൽ കാണുന്നതു പോലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഭരണകക്ഷിയായ ബിജെപിയ്ക്ക് നല്ല നിർദേശങ്ങൾ നൽകുന്നു എന്നത്  ഹൃദയസ്‌പർശിയായ കാര്യമാണ്.
മറ്റൊരിടത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ മതസമ്മേളനം എന്നു പറയാവുന്ന കുംഭമേള ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടക്കുകയാണ്. ജീവദായിനിയായ നദിയുടെ കരയിൽ നടക്കുന്ന വിശ്വാസികളുടെ ഒരു മഹാസംഗമത്തിൽ ആത്മീയാനുഭൂതിയിൽ ഭക്തർ ലയിക്കുന്നു. മതവിശ്വാസപരമായ എന്തിനുമുള്ള സ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്.  പക്ഷെ അത് ഒരു വിശ്വാസി തനിക്കും മറ്റുള്ളവർക്കും അപകടം വരുത്തിവെക്കുന്ന രീതിയിലാകരുതെന്നുമാത്രം.    കൊവിഡ് വ്യാപനവേളയിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരാത്ത്‌ സിംഗ്‌ റാവത്തിന്റെ പ്രസ്താവന ഭക്തി രോഗമുക്തിക്ക് കാരണമാകുമെന്നത്രെ !

മാസ്ക് പോയിട്ട് വസ്ത്രം പോലും ധരിക്കാതെ എത്തിയ ലക്ഷക്കണക്കിനാളുകളാണ് ഗംഗയിൽ മുങ്ങി നിവർന്നത്. ഈ പുണ്യസ്നാനത്തിനു ശേഷം അധികം താമസിയാതെ പലരിലും രോഗലക്ഷണങ്ങൾ ദൃശ്യമായി. സന്യാസിമാരിൽ രോഗം പടർന്നു പിടിക്കുകയും “നിരഞ്ജനി അഖാഡ”  സന്യാസ സംഘത്തിലെ മുതിർന്ന സന്യാസിവര്യൻ  മഹാമണ്ഡലേശ്വർ കപിൽ ദേവ് ദാസ് (65) ചൊവ്വാഴ്ചയോടെ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ നിരഞ്ജനി അഖാര കുംഭമേളയിൽ നിന്നും പിന്മാറുകയും ചെയ്തു. “ഞങ്ങളിൽ പലർക്കും കോവിഡ് പോസിറ്റിവ് ആണ്”   അഖാരയുടെ ഒരു വക്താവ് ഹരിദ്വാറിൽ പറഞ്ഞു. ഹരിദ്വാറിലെ പ്രസ്തുത സ്നാനചടങ്ങുകൾക്ക് ഒരു ദിവസം മുമ്പ്  പ്രവർത്തകർ തിങ്ങിനിറഞ്ഞ ഒരു പാർട്ടി റാലിയിൽവെച്ച് പ്രധാനമന്ത്രി കുംഭമേള പ്രതീകാത്മകമാകണം എന്നഭ്യർത്ഥിച്ചിരുന്നു.  എന്നാൽ അതിനുമുമ്പു തന്നെ നദീതീരത്തെത്തിയിരുന്ന ആളുകൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരുന്നു. അവർ മടങ്ങിപ്പോയാലും രോഗവുമായിട്ടായിരിക്കും മടങ്ങുക.

നേരത്തെ തടയാമായിരുന്ന ഈ സ്ഥിതിവിശേഷത്തിൽ   മാദ്ധ്യമങ്ങൾക്കോ മറ്റു വാർത്താവിനിമയ ഉപാധികൾക്കോ ഒന്നും ചെയ്യാൻ കഴിയില്ല. തിരഞ്ഞെടുപ്പിന്റെയും കുംഭമേളയുടെയും പരിണതഫലങ്ങൾ നമ്മൾ വരും ദിവസങ്ങളിൽ കാണാനിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പുകൾ അവഗണിച്ച് വരുത്തിവെച്ച ഈ വ്യാപനത്തിന്റെ ആഘാതം കുറയ്ക്കാനായി എത്ര പണമാണ് ചെലവായതെന്ന് ഓർക്കേണ്ടതാണ്.  മുഖ്യമന്ത്രി പറഞ്ഞത് കുംഭമേളയെ തബ്‌ലീഗുമായി താരതമ്യം ചെയ്യാൻ കഴിയില്ല എന്നത്രെ !  തബ്‌ലീഗ് സമ്മേളനം നടക്കുന്നത് ഹാളുകൾക്കുള്ളിലും എന്നാൽ കുംഭമേള തുറസ്സായ സ്ഥലത്തുമാണ് അവിടെ കോവിഡ് പകരില്ല എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. അടഞ്ഞ മുറിയിലായാലും തുറസ്സായ സ്ഥലത്തായാലും ഒരു തന്മാത്ര മതി രോഗം പകരാൻ എന്നത് അറിയാത്ത യുക്തതിബോധമില്ലാത്ത ഇത്തരമാളുകൾ നിരാശയാണ് നമുക്കു സമ്മാനിക്കുന്നത്.

തബ്‌ലീഗ് ജമാഅത്തുകാർക്ക് കോവിഡ് പകർന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. രോഗം  ചില രാജ്യങ്ങളിൽ  പടർന്നു തുടങ്ങുന്ന കാലമേ ആയിരുന്നുള്ളൂ. അധികൃതരുടെ അനുമതിയോടു കൂടിയാണ് കഴിഞ്ഞ 2020  മാർച്ചിൽ  നിസാമുദ്ദീൻ മർക്കസിൽ  സമ്മേളനം ആരംഭിച്ചത്.  അതിനിടയിലാണ് ലോക്ക്ഡൗൺ പ്രഖ്യാപനമുണ്ടാകുകയും അവർ കുടുങ്ങിപ്പോകുകയും ചെയ്തത്.  ആ മൂന്നുദിവസത്തെ സമ്മേളനത്തിന്റെ പേരിലാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയും ചില മാധ്യമങ്ങളും അവരുടെ തലയിൽ സകല ഉത്തരവാദിത്വവും  വെച്ചുകെട്ടാനുള്ള പ്രചാരണമാരംഭിച്ചത്. ചില ലോകരാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഒരു സമ്മേളനം നടത്താൻ തീരുമാനിച്ചതിൽ  തീർച്ചയായും ദീർഘവീക്ഷണപരമായ  പാളിച്ച സംഭവിച്ചിട്ടുണ്ട് എന്നത് ഒരു വാദത്തിന് സമ്മതിക്കാം. നിരവധി തബ്‌ലീഗുകാരെ അറസ്റ്റ് ചെയ്യുകയും   അവരെ ബലിയാടാക്കുകയും ചെയ്തതിന്  പൊലീസിനെ കോടതി ശാസിക്കുകയുമുണ്ടായി.  മതത്തിന്റെ പേരിൽ എങ്ങനെ സമൂഹം ധ്രുവീകരിക്കപ്പെടുന്നു എന്ന് നമ്മളെ ബോദ്ധ്യപ്പെടുത്തിയ സംഭവങ്ങളാണ് പിന്നീട് പലയിടങ്ങളിലും നടന്നത്.  ചില വലതുമാദ്ധ്യമങ്ങൾ അവരുടെ സമ്മേളനത്തെ കൊറോണ ജിഹാദ് ആയും അവർ കൊറോണ പടർത്താനായി സമ്മേളിച്ചതാണെന്നുവരെയും  പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ സംഭവം ഉന്തുവണ്ടിയിൽ  പച്ചക്കറിക്കച്ചവടവും മറ്റും നടത്തുന്ന പല മുസ്ലിങ്ങളെയും ഹൗസിംഗ്  സൊസൈറ്റികൾ പ്രവേശിപ്പിക്കാത്ത അവസ്ഥ വരെയാണുണ്ടാക്കിയത്. ലക്ഷ്യമിട്ട് വേട്ടയാടാൻ കാത്തിരിക്കുന്നവരുടെ ഇടപെടൽ  ഈ സംഭവവുമായി വിദൂരബന്ധം പോലുമില്ലാത്ത മനുഷ്യരുടെ  തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ പോലും  ഹനിക്കുന്ന സംഭവങ്ങൾ  മറ്റു പലയിടങ്ങളിലും  സംഭവിച്ചു.

രോഗം പടർന്നു കൊണ്ടിരിക്കുമ്പോൾ മുറിവിൽ ഉപ്പുതേയ്ക്കുന്നതു പോലെ രോഗവിമുക്തകരുടെ രൂപത്തിൽ  ചില പ്രച്ഛന്നവേഷങ്ങളെയും കാണാം. കച്ചവടക്കാരനായി മാറിയ യോഗഗുരു ബാബാരാംദേവ്  കോവിഡിന് ഔഷധം കണ്ടുപിടിച്ചിരിക്കുന്നു എന്നവകാശപ്പെടുകയും ഗവേഷകർ ഉപയോഗിക്കുന്ന വാക്കുകൾ എടുത്തു പ്രയോഗിച്ച് അതെല്ലാം  തന്റെ ഔഷധത്തിന്റെ  നേട്ടമാണെന്നും മറ്റും അവകാശപ്പെട്ടു. യുഎൻ തന്നെ അംഗീകരിച്ചിരിക്കുന്നു എന്നവകാശപ്പെട്ട അദ്ദേഹം താമസിയാതെ അവകാശവാദം പിൻവലിച്ച് കുഴപ്പത്തെ ഒഴിവാക്കിയതും നമ്മൾ കണ്ടു.  ഇപ്പോൾ മെഡിക്കൽ സംഘങ്ങൾ കഴിവിന്റെ പരമാവധി  ഊർജ്ജമാണ്  ലോകക്ഷേമത്തിനായി ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. ധിക്കാരികളായ രാഷ്ട്രീയക്കാരും വിശ്വാസക്കച്ചവടക്കാരും മനുഷ്യവിദ്വേഷികളും ഇനിയെങ്കിലും നിയമത്തെ അനുസരിക്കുമെന്നും കുറഞ്ഞപക്ഷം രോഗമുക്തിക്കു വേണ്ടി പ്രവർത്തിക്കുന്നവരെ മാനിക്കുമെന്നും പ്രതീക്ഷിക്കാം.

(ഡോ. റാം പുനിയാനി ഐ. ഐ. ടി ബോംബെയിലെ മുൻ ബയോ മെഡിക്കൽ എന്‍ജിനീയറിംഗ്  പ്രൊഫസറും ഗ്രന്ഥകാരനും സാമൂഹിക നിരീക്ഷകനുമാണ്. )

സ്വതന്ത്ര വിവർത്തനം : സാലിഹ് റാവുത്തർ