വിശ്വാസ വോട്ടില്‍ വീണ 3 സര്‍ക്കാരുകള്‍, ഇന്ത്യയുടെ അവിശ്വാസ പ്രമേയ ചരിത്രം!

വീണ്ടും ഒരു അവിശ്വാസ പ്രമേയത്തിന് പാര്‍ലമെന്റില്‍ കളമൊരുങ്ങുമ്പോള്‍ അത് ഇന്ത്യയുടെ പാര്‍ലമെന്റ് ചരിത്രത്തിലത് 28മത് അവിശ്വാസ പ്രമേയമാണ്. ഇതുവരെ ഇന്ത്യകണ്ട പ്രതിപക്ഷം കൊണ്ടുവന്ന 27 അവിശ്വാസ പ്രമേയങ്ങളില്‍ ഒന്നില്‍ മാത്രമാണ് സര്‍ക്കാര്‍ താഴെ വീണെന്ന് പറയാവുന്നത്. പ്രധാനമന്ത്രിക്ക് അവിശ്വാസ പ്രമേയ നടപടികള്‍ക്ക് ഇടയില്‍ രാജിവെയ്‌ക്കേണ്ടി വരുകയായിരുന്നു. 1979ലെ മൊറാര്‍ജി ദേശായി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലെ ചര്‍ച്ചയില്‍ ഒരു തീര്‍ച്ചയുണ്ടാവുകയോ വോട്ടെടുപ്പ് പോലുമോ നടന്നില്ല. അതിന് മുമ്പ് തന്നെ ജനതാ പാര്‍ട്ടിയുടെ പ്രധാനമന്ത്രിക്ക് രാജിവെയ്‌ക്കേണ്ടി വന്നതും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നതും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കൊണ്ടുകൂടിയാണ്. പിന്നീടെത്തിയ ജനത പാര്‍ട്ടിയുടെ പ്രധാനമന്ത്രി ചരണ്‍ സിങാവട്ടെ 23 ദിവസം മാത്രം പ്രധാനമന്ത്രിയായി, ഇന്ദിര ഗാന്ധി പിന്തുണ പിന്‍വലിച്ചതോടെ പാര്‍ലമെന്റിന്റെ വിശ്വാസവോട്ടെടുപ്പ് പോലും തേടാനാകാതെ രാജിവെയ്‌ക്കേണ്ടി വന്ന ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ പ്രധാനമന്ത്രിയായി.

ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം അനുസരിച്ച് റൂള്‍ 198 പ്രകാരം ലോക്സഭയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിക്കുന്ന കര്‍ത്തവ്യ നിര്‍ദ്ദേശമാണ് അവിശ്വാസ പ്രമേയം. ലോക്‌സഭയില്‍ നാളിതുവരെ ഇത്തരത്തില്‍ 27 അവിശ്വാസ പ്രമേയങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. പലതിലേയും ചര്‍ച്ചകള്‍ ഒരു തീര്‍പ്പുവരാതെ ഇരിക്കുകയോ പിന്നാലെ നടക്കുന്ന വിശ്വാസ വോട്ടില്‍ സര്‍ക്കാര്‍ വിജയിക്കുകയോ ആണ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷ അവിശ്വാസ പ്രമേയത്തില്‍ സര്‍ക്കാര്‍ താഴെ വീഴുക പതിവില്ലെങ്കിലും പാര്‍ലമെന്റില്‍ മൂന്ന് തവണ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരുകള്‍ താഴെ വീണിട്ടുണ്ട്.

സ്വന്തം ശക്തി തെളിയിക്കാന്‍ ഭരണപക്ഷം വിശ്വാസ വോട്ട് തേടിയ മൂന്ന് അവസരങ്ങളിലാണ് സര്‍ക്കാരുകള്‍ താഴെ പോയിട്ടുള്ളത്. 1990ല്‍ വി പി സിങ് സര്‍ക്കാരും 1997ല്‍ എച്ച് ഡി ദേവഗൗഢ സര്‍ക്കാരും 1999ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരും വിശ്വാസ വോട്ടെടുപ്പിലാണ് വീണത്.

ജനതാദളിന്റെ വി പി സിങിന്റെ കൂട്ടുമന്ത്രിസഭ വീണത് അയോധ്യ രാമക്ഷേത്ര പ്രശ്‌നത്തിലാണ്. ബിജെപി അയോധ്യ വിഷയത്തില്‍ പിന്തുണ പിന്‍വലിച്ചതോടെ 1990 നവംബര്‍ 7ന് വി പി സിങ് സര്‍ക്കാര്‍ വീണു. 142 വോട്ടിനെതിരെ 346 വോട്ടിലാണ് വി പി സിങിന് വിശ്വാസം നഷ്ടമായത്.

അടുത്തത് 1997ല്‍ എച്ച് ഡി ദേവഗൗഢ വീണതാണ്. ആക്‌സിഡന്റല്‍ പി എം എന്ന വിളിപ്പേര് ഗൗഢയ്ക്ക് ചാര്‍ത്തി നല്‍കിയത് അത്രയ്ക്ക് അപ്രതീക്ഷിതമായിരുന്നു ദേവഗൗഢയുടെ പ്രധാനമന്ത്രി പദമെന്നതിനാലായിരുന്നു. 1996ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് യുണൈറ്റഡ് ഫ്രണ്ടായി. കോണ്‍ഗ്രസും പിന്തുണച്ചതോടെ നമ്പരായി. പക്ഷേ 1997 എപ്രില്‍ 11ന് 10 മാസം പ്രായമുള്ള ദേവഗൗഢ സര്‍ക്കാര്‍ വീണു. 292 എംപിമാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ദേവഗൗഢയ്‌ക്കെതിരെ വന്നപ്പോള്‍ 158 പേരിടെ പിന്തുണ മാത്രമാണ് പ്രധാനമന്ത്രി ഗൗഢയ്ക്ക് കിട്ടിയത്. നയങ്ങളില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായം മാനിക്കുന്നില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതാണ് ഗൗഢ സര്‍ക്കാര്‍ വീഴാന്‍ കാരണം. കോണ്‍ഗ്രസ് അധ്യക്ഷനായ സീതാറാം കേസരിയുടെ ഹിന്ദി ബെല്‍റ്റ് കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുത്തതോടെ തെക്കേ ഇന്ത്യക്കാര്‍ക്ക് കോണ്‍ഗ്രസിലുള്ള പിടുത്തം അയഞ്ഞതും ദേവഗൗഢ എന്ന കര്‍ണാടകക്കാരന്‍ പ്രധാനമന്ത്രിയുടെ വീഴ്ചയ്ക്ക് കാരണമായി.

അടുത്തതായി വിശ്വാസ വോട്ടില്‍ വീണത് 1998ല്‍ അധികാരത്തിലെത്തിയ വാജ്‌പേയ് ആണ്. 1999 ഏപ്രില്‍ 17ന് ഒറ്റ വോട്ടിനാണ് ബിജെപി സര്‍ക്കാര്‍ വീണത്. ജയലളിതയാണ് വാജ്‌പേയ് സര്‍ക്കാരിനെ വീഴ്ത്തിയത്. സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ അണ്ണാഡിഎംകെ പിന്തുണ പിന്‍വലിച്ചതോടെ ബിജെപി നേതൃത്വം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ ഒറ്റ വോട്ടില്‍ വീണു.

ഇനി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളുടെ കണക്ക് നോക്കിയാല്‍ ഏറ്റവും കൂടുതല്‍ അവിശ്വാസ പ്രമേയം നേരിട്ടത് ഇന്ദിരാ ഗാന്ധിയാണ്. 15 അവിശ്വാസ പ്രമേയങ്ങളാണ് ഇന്ദിര ഗാന്ധിയുടെ സര്‍ക്കാരുകള്‍ക്ക് നേരെ പ്രതിപക്ഷം കൊണ്ടുവന്നത്. ഒന്നിലും ഇന്ദിര കുലുങ്ങിയില്ല.

ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ ആദ്യ അവിശ്വാസ പ്രമേയം മൂന്നാം ലോക്‌സഭയിലാണ് അവതരിപ്പിക്കപ്പെടുന്നത്. 1963 ആഗസ്ത് 1ന് പ്രധാനമന്ത്രി ജവര്‍ഹലാല്‍ നെഹ്‌റുവിനെതിരെ കോണ്‍ഗ്രസ് നേതാവ് ആചാര്യ കൃപാലിനിയാണ് അവിശ്വാസം കൊണ്ടുവന്നത്. 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിലെ പരാജയമാണ് അവിശ്വാസ പ്രമേയത്തിന് കാരണമായത്. 4 ദിവസം ചര്‍ച്ച നീണ്ടു, ഒടുവില്‍ 62 എംപിമാര്‍ മാത്രം പിന്തുണച്ച അവിശ്വാസ പ്രമേയത്തില്‍ 347 പേര് എതിര്‍ത്തതോടെ പ്രമേയം പരാജയപ്പെട്ടു.

2മത് അവിശ്വാസ പ്രമേയം ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കെതിരെ 1964 സെപ്തംബറില്‍ എന്‍സി ചാറ്റര്‍ജി കൊണ്ടുവന്നതാണ്. 307 പേര്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ പിന്തുണച്ചത് 50 പേര്‍ മാത്രം. സര്‍ക്കാരിനെതിരായ ആ അവിശ്വാസവും പരാജയപ്പെട്ടു.

3മത്തേതും 4മത്തേതും ലാല്‍ ബഹദൂര്‍ ശാസ്ത്രി സര്‍ക്കാരിനെതിരെ തന്നെ. 1965 മാര്‍ച്ചില്‍ എസ് എന്‍ ദ്വിവേദിയുടെ പ്രമേയം 44ന് എതിരെ 315ന് പരാജയപ്പെട്ടു. 1965 ആഗസ്തിലേത് 66നെതിരെ 318 വോട്ടിലും പരാജയപ്പെട്ടു.

പാര്‍ലമെന്റിലെ 5ാംമത് അവിശ്വാസ പ്രമേയം തൊട്ട് അങ്ങോട്ട് ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെതിരെ ഉണ്ടായ അവിശ്വാസ പ്രമേയങ്ങളുടെ ഒരു നീണ്ട നിരയാണ്. 1966ല്‍ രാജ്യസഭ എംപിയായിരുന്ന ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായതോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. സിപിഐ എംപി ഹിരേന്ദ്രനാഥ് മുഖര്‍ജിയുടെ അവിശ്വാസ പ്രമേയം 61 എംപിമാര്‍ പിന്തുണച്ചപ്പോള്‍ 270 പേര്‍ എതിര്‍ത്തു. അങ്ങനെ ആ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.

അതേ വര്‍ഷം തന്നെ അടുത്ത അവിശ്വാസ പ്രമേയവും ഇന്ദിരയ്‌ക്കെതിരെ ഉണ്ടായി. യുഎം ത്രിവേദിയുടെ അവിശ്വാസ പ്രമേയവും വോട്ടെടുപ്പില്‍ തോറ്റു.

പാര്‍ലമെന്റിലെ 7ാമത് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് 1967ല്‍ അടല്‍ ബിഹാരി വാജ്‌പേയി ആണ്. 162ന് എതിരെ 257 വോട്ടിന് ഇന്ദിര ഗാന്ധി ആ അവിശ്വാസവും പരാജയപ്പെടുത്തി.

1967ല്‍ തന്നെ മധു ലിമയേ കൊണ്ടുവന്ന അവിശ്വാസവും 1968 ഫെബ്രുവരിയിലെ ബല്‍രാജ് മധോകിന്റേയും നവംബറിലെ ജന സംഘത്തിന്റെയും അവിശ്വാസ പ്രമേയവും ഇന്ദിര ഗാന്ധി സര്‍ക്കാര്‍ എളുപ്പത്തില്‍ മറികടന്നു. സഭയിലെ 10ാംമത് അവിശ്വാസ പ്രമേയമായിരുന്നു ജനസംഘത്തിന്റേത്.

ലോക്‌സഭയിലെ അഞ്ചാമത് അവിശ്വാസ പ്രമേയം തൊട്ട് 16മത് അവിശ്വാസ പ്രമേയം വരെ ഇന്ദിര ഗാന്ധി സര്‍ക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയങ്ങളാണ്. 11ാമത് അവിശ്വാസ പ്രമേയം കൊണ്ടുവന്നത് സിപിഎമ്മാണ്. 1969 ഫെബ്രുവരിയില്‍ സിപിഎം നേതാവ് പ രാമമൂര്‍ത്തിയുടേതായിരുന്നു ആ അവിശ്വാസം. 1970ല്‍ മധു ലിമയെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ശേഷം ഇന്ദിര ഗാന്ധി സര്‍ക്കാരിനെതിരെ വന്ന 4 അവിശ്വാസ പ്രമേയങ്ങളും സിപിഎമ്മിന്റെ ജ്യോതിര്‍മയ് ബസു കൊണ്ടുവന്നതാണ്. അതില്‍ 1975 മേയില്‍ കൊണ്ടുവന്ന ലോക്‌സഭയിലെ 16ാമത് അവിശ്വാസ പ്രമേയം ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു. ഇത് ശബ്ദ വോട്ടിലൂടെയാണ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരിനെതിരെയാണ് ലോക്‌സഭയിലെ 17ാം അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവ് സിഎം സ്റ്റീഫന്‍ കൊണ്ടുവന്ന പ്രമേയം ശബ്ദ വോട്ടിലൂടെ പരാജയപ്പെട്ടു.

ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ കുലുക്കിയ അവിശ്വാസ പ്രമേയമാണ് 18ാമത്തെ ലോക്‌സഭയിലെ അവിശ്വാസ പ്രമേയം. മൊറാര്‍ജി ദേശായി സര്‍ക്കാരിനെതിരെ വന്ന വൈ ബി ചവാന്റെ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയില്‍ തീര്‍പ്പാവുകയോ വോട്ടെടുപ്പ് നടക്കുകയോ ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി ദേശായി രാജിവെച്ചു. ജനത പാര്‍ട്ടിക്കുള്ളിലെ വടംവലിയാണ് പുതിയ പ്രധാനമന്ത്രി വരാനിടയാക്കിയത്.

വീണ്ടും ഇന്ദിര ഗാന്ധി അധികാരത്തില്‍ വരുന്നു, തുടരെ മൂന്ന് അവിശ്വാസ പ്രമേയം പാര്‍ലമെന്റില്‍ ഇന്ദിരയ്‌ക്കെതിരെ. അവിശ്വാസ പ്രമേയം, നമ്പര്‍ 19, 20, 21 എന്നിവ ഇന്ദിര സര്‍ക്കാരിനെതിരെ 1981 മേയ്, സെപ്തംബര്‍ 1982 ഓഗസ്റ്റ് എന്നിവയില്‍ വന്നതാണ്. 81 മേയിലേത് ജോര്‍ജ് ഫെര്‍ണാണ്ടസും സെപ്തംബറിലേത് സിപിഎമ്മിന്റെ സമര്‍ മുഖര്‍ജിയും കൊണ്ടുവന്നു. 82ലേത് എച്ച് എന്‍ ബഹുഗുണ കൊണ്ടുവന്നതും. ഇവയിലെല്ലാം ഇന്ദിര ഗാന്ധി വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു പോന്നു.

പിന്നീട് ഒരു അവിശ്വാസം ലോക്‌സഭയില്‍ വരുന്നത് ഇന്ദിര ഗാന്ധിയുടെ കൊലയ്ക്ക് ശേഷം ഇന്ത്യ കണ്ട സിഖ് കൂട്ടക്കൊലയ്ക്ക് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്.

1987 ഡിസംബറില്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെതിരെ സി മാധവ് റെഡ്ഡി കൊണ്ടുവന്നത് സഭയിലെ 22മത് അവിശ്വാസ പ്രമേയമായിരുന്നു. ശബ്ദ വോട്ടില്‍ ഇത് പരാജയപ്പെട്ടു.

നമ്പര്‍ 23, 24, 25 അവിശ്വാസ പ്രമേയങ്ങള്‍ പി വി നരസിംഹറാവു സര്‍ക്കാരിനെതിരെ. 1992 ജൂലൈയില്‍ ബിജെപിയുടെ ജസ്വന്ത് സിങ് കൊണ്ടുവന്ന പ്രമേയത്തിലെ വോട്ടെടുപ്പ് കടുത്തതായിരുന്നു. 225ന് എതിരെ 271 എന്ന കണക്കില്‍ റാവു സര്‍ക്കാര്‍ ബന്ധപ്പൈട്ടാണ് കടന്നു കൂടിയത്. 92 ഡിസംബറിലെ പ്രമേയം വാജ്‌പേയാണ് കൊണ്ടുവന്നത്. വലിയ പ്രതിസന്ധി നരസിംഹ റാവുവിനെ ഉണ്ടായില്ല. എന്നാല്‍ റാവു സര്‍ക്കാരിനെതിരെ അജോയ് മുഖോപാധ്യ കൊണ്ടുവന്ന മൂന്നാമത് അവിശ്വാസം 18 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 251ന് എതിരെ 265 പേരുടെ വോട്ടില്‍ കഷ്ടിച്ചാണ് സര്‍ക്കാര്‍ രക്ഷപ്പെട്ടത്.

ലോകസ്ഭയിലെ 26ാമത് അവിശ്വാസ പ്രമേയം അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിനെതിരെ സോണിയ ഗാന്ധിയാണ് കൊണ്ടുന്നത്. 2003 ആഗസ്തില്‍ 19ല്‍ 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 189 അംഗങ്ങളുടെ പിന്തുണയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 314 പേര്‍ എതിര്‍ത്തതോടെ പരാജയപ്പെട്ടു.

2018 ജൂലൈയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ടിഡിപിയുടെ ശ്രീനിവാസ് കേസിനേനി കൊണ്ടുവന്ന 27 അവിശ്വാസ പ്രമേയമാണ് ലോകസഭയില്‍ ഒടുവിലായി വന്നത്. 135ന് എതിരെ 330 പേരുടെ പിന്തുണയില്‍ മോദി സര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി.

Read more

ഇനി വരുന്നത് ഇന്ത്യ മുന്നണി ലോക്‌സഭയില്‍ അവതരണാനുമതി നേടിയെടുത്തിരിക്കുന്ന 28ാമത് അവിശ്വാസ പ്രമേയമാണ്. 543 അംഗ ലോക്സഭയില്‍ എന്‍ഡിഎയ്ക്ക് 331 അംഗങ്ങളാണുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് 144 അംഗങ്ങളും. അവിശ്വാസ പ്രമേയം വോട്ടെടുപ്പിലേക്ക് കടന്നാല്‍ പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷകള്‍ക്കൊന്നും വകയില്ല. എങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പാര്‍ലമെന്റില്‍ സംസാരിപ്പിക്കാന്‍ നിര്‍ബന്ധിതനാക്കുക മാത്രമാണ് പ്രതിപക്ഷം ലക്ഷ്യം വെയ്ക്കുന്നത്.