ലോകത്ത് കോവിഡ് ബാധിതർ രണ്ടേകാൽ കോടി കവിഞ്ഞു; മരണം 7.89 ലക്ഷം

Advertisement

കോവിഡ് രോ​ഗബാധിതരുടെ എണ്ണം ലോകത്ത് ഉയർന്നു കൊണ്ടേയിരിക്കുന്നു. ദിനംപ്രതി രോ​​ഗികളുടെ എണ്ണം ഉയരുന്നതോടെ ലോകത്ത് നിലവിൽ കോവിഡ് ബാധിതർ രണ്ടേകാൽ കോടി കവിഞ്ഞു.

ഇതുവരെ ലോകത്ത് 7.89 ലക്ഷത്തിലധികം പേരാണ് രോ​ഗബാധ മൂലം മരിച്ചത്. ഇന്ത്യയിൽ പ്രതിദിന കോവിഡ് റിപ്പോർട്ട് ഉയരുകയാണെങ്കിലും നേരത്തെ കൂടുതൽ രോ​ഗം റിപ്പോർട്ട് ചെയ്തിരുന്ന വിവിധ രാജ്യങ്ങളിൽ രോ​ഗവർദ്ധനയിൽ കുറവുണ്ടായി.

ഒരു ഘട്ടത്തിൽ പ്രതിദിനം 70,000 ത്തോളം രോഗികൾ ഉണ്ടായിരുന്ന അമേരിക്കയിൽ അത് 42,000 മായി കുറഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. 56.98 ലക്ഷം പേരാണ് അമേരിക്കയിൽ കോവിഡ് ബാധിതർ. മരണം ഒന്നേമുക്കാൽ ലക്ഷം പിന്നിട്ടു.

റഷ്യയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോൾ 5000 മാത്രമാണ്. ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിൽ വെറും 17 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് രോഗികൾ ഉണ്ടായിരുന്ന ഇറ്റലിയിൽ ഇന്നലെ വെറും 600 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.