കേരള തീരം സംരക്ഷിക്കപ്പെടണം; അവലോകനവും കര്‍മ്മപദ്ധതി നിര്‍ദ്ദേശങ്ങളും

മ്മുടെ തീരദേശങ്ങൾ സംരക്ഷിക്കപ്പെടാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ അവലംബിച്ചു വരുന്നുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും കേരളത്തിന്റെ തീരദേശത്തെ നാശത്തിലാഴ്ത്തുന്ന സാഹചര്യം എന്തുകൊണ്ടാണ് സംഭവിക്കുന്നത്, ഇതിന് ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ, കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് മേധാവി, ഡോ ബിജു കുമാര്‍ എ, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് നാച്ചുറല്‍ റിസോഴ്‌സസ് & എന്‍വിറോണ്മെന്റല്‍ മാനേജ്‌മെന്റ് മുന്‍ മേധാവി ഡോ കെ.വി. തോമസ്, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് നാച്ചുറല്‍ റിസോഴ്‌സസ് & എന്‍വിറോണ്മെന്റല്‍ മാനേജ്‌മെന്റ് മുന്‍ മേധാവി ഡോ അജയകുമാര്‍ വര്‍മ്മ, കേരള സര്‍വകലാശാല, ജിയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ & ഹെഡ് ഡോ ടി.വി. സജീവ് എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

കേരളത്തിന്റെ തീരസംരക്ഷണത്തിനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം.

പാരിസ്ഥിതികമായും സാമ്പത്തികമായും ഏറ്റവുമധികം സേവനങ്ങള്‍ മാനവരാശിക്ക് ഉറപ്പു വരുത്തുന്ന ആവാസവ്യവസ്ഥകളാണ് തീരപ്രദേശവും സമുദ്രങ്ങളും. തീരസംരക്ഷണം, പോഷക ചംക്രമണം, ചരക്കുഗതാഗതം, ഊര്‍ജ്ജ ലഭ്യത, ജലകൃഷി, ജൈവവിഭവങ്ങളും ധാതുക്കളും ഖനികളും ലഭ്യമാക്കല്‍, ഔഷധങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കല്‍ വിനോദസഞ്ചാരം പരിപോഷിപ്പിക്കല്‍, കാലാവസ്ഥാ സംരക്ഷണം, എന്നിങ്ങനെ പോകുന്നു തീരദേശ/സമുദ്ര ആവാസവ്യവസ്ഥകള്‍ നല്‍കുന്ന സേവനങ്ങള്‍. ഇത്തരം സേവനങ്ങളുടെ മൊത്തം സാമ്പത്തിക മൂല്യം വനപ്രദേശങ്ങളുടേതിലും അധികമാണ്. മാത്രമല്ല തീര സംസ്ഥാനമായ കേരളത്തില്‍ ജനങ്ങളുടെ ആഹാരത്തിലെ മാംസ്യത്തിന്റെ, പോഷക സുരക്ഷയുടെ, പ്രധാന ഉറവിടവും കടല്‍ തന്നെയാണ്. സമുദ്ര മത്സ്യബന്ധനം കേരളത്തില്‍ പ്രത്യക്ഷമായി ആറു ലക്ഷത്തിലധികം ജനങ്ങളുടെ ഉപജീവനമാര്‍ഗമാണ് എന്നതാണ് ഈ ആവാസവ്യവസ്ഥയുടെ സാമൂഹിക പ്രസക്തി. ഇത്കൂടാതെ സാമ്പത്തിക സുരക്ഷയ്ക്ക് സമുദ്രങ്ങളുടെ സാദ്ധ്യതകള്‍ (പ്രധാനമായും ഫിഷറീസ്, വിനോദസഞ്ചാരം, ചരക്ക് ഗതാഗതം, ജലകൃഷി, ഊര്‍ജ്ജം, ജൈവസാങ്കേതിക വിദ്യയ്ക്കുവേണ്ട ഉത്പന്നങ്ങള്‍, മൂലകങ്ങള്‍/ഖനിജങ്ങള്‍) മുന്നില്‍ കണ്ട് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ നീല സമ്പദ്വ്യവസ്ഥ (Blue Economy) പരിപോഷിപ്പിക്കാനുള്ള ബൃഹദ് പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. 2030 ഓടെ 40 ദശ ലക്ഷം ആളുകള്‍ സമുദ്രാധിഷ്ഠിത വ്യവസായങ്ങളില്‍ ജോലി ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു.

നരവംശാധിപത്യകാലത്തെ (Anthropocene) സമുദ്രങ്ങളും തീരപ്രദേശങ്ങളും ഇന്ന് ഏറെ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. ഇക്കാലത്തെയും ഭാവിയിലെയും കാലാവസ്ഥ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ കൂടി ഉള്‍ക്കൊണ്ടാല്‍ തീരസമൂഹത്തിന്റെ നിലനില്പിനിനെ തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് ആവാസവ്യവസ്ഥനാശം മാറിയിരിക്കുന്നു. കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് ലക്ഷദ്വീപ് സമുദ്രവുമുള്ള കേരളത്തില്‍ കരയുടെയും കടലിന്റെയും സംഗമഭൂമിയായ (ecotone) ആയ സമുദ്രതീരങ്ങളും അവിടുത്തെ അന്തേവാസികളായ മത്സ്യത്തൊഴിലാളി സമൂഹവുമാണ് ഇന്ന് ഏറ്റവും നിലനില്‍പ്പ് ഭീഷണി നേരിടുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ സത്വര ഇടപെടല്‍ അനിവാര്യവുമായിരിക്കുന്നു. നിലവിലെ പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ തീരശോഷണം കൂടുതല്‍ വ്യാപകവും രൂക്ഷവുമാക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍ തീരദേശസമൂഹത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊള്ളുന്നതും, പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഊന്നിയതും, കേരളത്തിന്റെ സമഗ്ര വികസനത്തിനും കാലാവസ്ഥാ അനുകൂലനത്തിനും കടല്‍ത്തീരങ്ങള്‍ അനിവാര്യമാണെന്ന ബോദ്ധ്യത്തിന്റെ പരിപ്രേഷ്യത്തിലും തയ്യാറാക്കപ്പെടുന്നവയാകണം തീരദേശ പരിപാലന പദ്ധതികള്‍.

കേരള തീരം: സവിശേഷതകളും പാരസ്പര്യവും

കേരളത്തിന്റെ ഭൂപ്രകൃതിയും പരിസ്ഥിതിയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും തികച്ചും വിഭിന്നമാണ്. പ്ലിയോസിന്‍ (Pliocene) കാലഘട്ടത്തിനൊടുവിലെ (ഏതാണ്ട് മൂന്ന ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ) ഭൂമിയിലെ ഒരു ഭ്രംശത്തിന്റെ (faulting) സൃഷ്ടിയാണ് കേരളം എന്ന് അനുമാനിക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും പ്ലീകാംബ്രിയന്‍ (ഏതാണ്ട് 0.5 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്) തുടങ്ങി ഹിമയുഗം (പ്ലീസ്റ്റോസിന്‍) വരെയുള്ള ഘടനാ രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. ഇക്കാലമത്രയും തീരപ്രദേശം ഉയര്‍ച്ചക്കും താഴ്ചയ്ക്കും കടലിന്റെ നിരന്തരമായ ആന്ദോളനത്തിനും വിധേയമായിട്ടുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന തീരപ്രദേശത്തെ പാരിസ്ഥിതിക ചലനാത്മകതയാണ് ഇന്നുകാണുന്ന ഉള്‍ക്കടലുകള്‍, അഴിമുഖങ്ങള്‍, ലഗൂണുകള്‍, കായലുകള്‍, ചതുപ്പുകള്‍, മണ്‍കൂനകള്‍, മണല്‍ത്തീരങ്ങള്‍ തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന ആവാസവ്യൂഹങ്ങളുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

പശ്ചിമഘട്ടത്തിലെ കുന്നുകളിലേക്കും പര്‍വതങ്ങളിലേക്കും ക്രമേണ ഉയരുന്ന നന്നായി ചരിഞ്ഞ ഭൂപ്രകൃതിയാണ് കേരളത്തില്‍ നിലവിലുള്ളത്. കേരളത്തിലെ എഴുപത് ശതമാനം പ്രദേശത്തും കടലിലേക്കുള്ള ചരിവ് 15 ശതമാനത്തില്‍ അധികമാണ്. ഏതാണ്ട് ആറുമീറ്റര്‍ ഉയരത്തില്‍നിന്ന് മുകളിലേക്ക് പശ്ചിമഘട്ടത്തിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയും കേരളത്തിന്റെ സവിശേഷതയായ ഭൂമിയുടെ വ്യക്തമായ പടിഞ്ഞാറോട്ടുള്ള ചരിവും ജലത്തിന്റെ വിതരണം, കാലാവസ്ഥ, ഭൂവിനിയോഗം, അടിസ്ഥാനസൗകര്യ വികസനം, മനുഷ്യഅധിവാസം എന്നിവയെ കാര്യമായി സ്വാധീനിക്കുന്നു.

പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകി നേരിട്ടോ അല്ലാതെയോ ലക്ഷദ്വീപ് സമുദ്രത്തില്‍ പതിക്കുന്നവയാണ്. കടലും പശ്ചിമഘട്ടവും തമ്മിലെ ശരാശരി വീതി 55-65 കിലോമീറ്ററാണ്. ഏറെക്കുറെ പരന്നതീരപ്രദേശങ്ങളില്‍ എത്തുന്ന പുഴകള്‍ അഴിമുഖത്തുനിന്നുള്ള് കടല്‍ ജലത്തിന്റെ തള്ളലില്‍ പുറകിലേക്ക് പരന്ന് ഒഴുകി താഴ്ന്ന ഭാഗങ്ങളില്‍ നിറഞ്ഞു രൂപംകൊണ്ട കായലുകള്‍ കേരളത്തിലെ തനത് സവിശേഷതയാണ്. ജലനിരപ്പിലെ ഏറ്റക്കുറച്ചിലുകളും തീരത്തിന് കുറുകെ രൂപംകൊണ്ട മണല്‍ത്തിട്ടയുമാണ് (barner beach) വേമ്പനാട് കായലിന്റെ ഉദ്ഭവത്തിന് വഴിതെളിച്ചത്. നദികളെയും അഴിമുഖങ്ങളെയും തിരക്കടലിനെയും ബന്ധിപ്പിക്കുന്ന കായലുകള്‍ സങ്കീര്‍ണ്ണമായ ചലനാത്മക ആവാസവ്യവസ്ഥകളുടെ കണ്ണിയായി മാറ്റുന്നു. പുഴകള്‍ അഴിമുഖങ്ങളിലൂടെ ഒഴുക്കി തീര്‍ക്കടലില്‍ എത്തിക്കുന്ന ജൈവവസ്തുക്കളും പോഷകങ്ങളും ആണ് തീരക്കടലിന്റെ പോഷകസമൃദ്ധിക്ക് ഒരു കാരണം. ഒപ്പം തീരക്കടലില്‍ എത്തുന്ന മണലും അവസാദങ്ങളുമൊക്ക (sediments), കടല്‍ത്തീര നിര്‍മ്മിതിയില്‍ /തീരസ്ഥിരതയില്‍ സവിശേഷമായ ഒരു പങ്കു വഹിക്കുന്നു.

“കാടുമുതല്‍ കടല്‍ വരെ തുടരുന്ന ഊര്‍ജ്ജത്തിന്റെയും ദ്രവ്യങ്ങളുടെയും ഇത്തരം പ്രവാഹങ്ങള്‍ കേരളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതക്ക് ഊടും പാവും നെയ്യുന്നു. ആലപ്പുഴയിലെ മണല്‍ത്തിട്ടയുടെ കിഴക്കുമാറി പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ അഴിമുഖത്ത് രൂപം കൊണ്ട ഒരു തുരുത്താണ് കുട്ടനാട്. ഈ നദികള്‍ മണ്‍സൂണ്‍ കാലത്ത് തിരക്കടലില്‍ എത്തിക്കുന്ന ചെളിയുടെയും ജൈവവസ്തുക്കളുടെയും സൂക്ഷ്മകണികകള്‍ വെള്ളത്തില്‍ തങ്ങിനിന്ന് തിരമാലകളുടെ ശക്തി കുറയ്ക്കുമ്പോള്‍ കേരളത്തിന്റെ തിരക്കടലിന്റെ മാത്രം സവിശേഷതയായ “ചാകര” (mudbank) രൂപം കൊള്ളുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ തീരങ്ങളുടെ ആരോഗ്യം കടലിലെ പ്രവര്‍ത്തനങ്ങളെ മാത്രം ആശ്രയിച്ചല്ല, മറിച്ച് പശ്ചിമഘട്ടത്തിലെ പുഴകള്‍ മുതല്‍ തീരദേശത്തെ കായലുകള്‍, കണ്ടല്‍ക്കാടുകള്‍, തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങിയ ആവാസവ്യസ്ഥകളുമായി കൂടി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ തീരദേശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഒരു സമഗ്ര സമീപനവും സംയോജിത പരിപാലന പരിപ്രേക്ഷ്യവും വേണ്ടിവരും.

ലോകത്തിലെ പല തീരപ്രദേശങ്ങളെയും പോലെ, തീരദേശ പ്രക്രിയകള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, ക്വര്‍ട്ടേര്‍ണി (Quaternary) കാലഘട്ടത്തിലെ നിയോടെ സ്റ്റോണിക് (Neotectonism) പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ഭൗമപ്രതിഭാസങ്ങള്‍ തുടങ്ങിയവ കാരണം കേരളത്തിന്റെ തീരപ്രദേശങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമാണ്. ആയിരക്കണക്കിനു വര്‍ഷങ്ങളായി സംഭവിക്കുന്ന പാരിസ്ഥിതിക ചലനാത്മകതയുടെ സൃഷ്ടിയാണ് ഇന്ന് നാം കാണുന്ന കേരളതീരം. അതുകൊണ്ടുതന്നെയാണ് ഭൂമിയില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന ഒരു ആവാസഭൂമിയായി തീരദേശത്തെ കണക്കാക്കുന്നത്! 1341-ല്‍ ഉണ്ടായ ചുഴലിക്കാറ്റ് സൃഷ്ടിച്ച വെള്ളപ്പൊക്കം മലബാര്‍ തീരപ്രദേശത്തെ പൂര്‍ണ്ണമായും പുനര്‍നിര്‍മ്മിച്ചു. അറബിക്കടലിലേക്ക് പെരിയാറിന്റെ ഒരു പുതിയ വഴി തുറക്കുകയും പുതുതായി സൃഷ്ടിക്കപ്പെട്ട വൈപ്പിന്‍ ദ്വീപിന്റെ നീളത്തില്‍ ഒരു കായല്‍ രൂപപ്പെടുകയും ചെയ്തു. പെരിയാര്‍ നദിയിലെ വലിയ വെള്ളപ്പൊക്കം പുരാതന തുറമുഖനഗരമായ മലബാര്‍ തീരത്തെ മുസിരിസ് പെട്ടെന്ന് അപ്രത്യക്ഷമാക്കി. ഒപ്പം, പടിഞ്ഞാറന്‍ തീരത്ത് കൊടുങ്ങല്ലൂര്‍ മുതല്‍ ആലപ്പുഴ വരെ ഇന്നുകാണുന്ന രീതിയിലുള്ള പ്രദേശത്തിന്റെ സൃഷ്ടിക്കും കൊച്ചിയിലെ അഴിമുഖം തുറക്കുന്നതിനും വേമ്പനാട് കായലിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നതിനും ഇത് കാരണമായി. ഈ പ്രദേശത്തെ ഒരു ജിയോഫിസിക്കല്‍ സര്‍വേ 200-300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരം ഇന്നത്തെ തീരത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്തിരുന്നുവെന്നും, ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് കൂടുതല്‍ കിഴക്കോട്ടും 6.5 കിലോമീറ്റര്‍ ഉള്‍നാട്ടിലും സ്ഥിതി ചെയ്തിരുന്നുവെന്നും വ്യക്തമാക്കുന്നു. അക്കാലത്ത് തൃപ്പൂണിത്തുറ, കടുത്തുരുത്തി, അതിരമ്പുഴ, കോട്ടയം, ചങ്ങനാശ്ശേരി, എടത്വ എന്നിവ തീരപ്രദേശത്തെ ചെറിയ തുറമുഖ നഗരങ്ങളായിരുന്നു. പശ്ചിമഘട്ടം വരെ നീളുന്ന പല പ്രദേശങ്ങളിലും നിന്ന് കുഴിച്ചെടുക്കപ്പെട്ടിട്ടുള്ള സമുദ്രജീവികളുടെ ശിലാദ്രവ്യങ്ങള്‍ (fossils) ചൂണ്ടിക്കാട്ടുന്നതും പഴയകാലത്തെ സമുദ്രങ്ങളുടെ സാന്നിദ്ധ്യമാണ്. പ്രദേശത്ത് നടന്ന ഭൗമശാസ്ത്രപരമായ മാറ്റങ്ങളുടെയും ഭൂമി രൂപീകരണത്തിന്റെയും വ്യാപ്തി വ്യക്തമാക്കാനാണ് ഇത്രയും സൂചിപ്പിച്ചത്.

പ്രാചീനകാലം മുതല്‍ തന്നെ വാണിജ്യത്തിനും തൊഴിലിനും ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിച്ചിരുന്നത്. തീരദേശമേഖലയെ ആണ്. വ്യവസായശാലകള്‍, വിനോദസഞ്ചാരം തുടങ്ങി നിലവില്‍ വികസനപദ്ധതികള്‍ പലതും നടപ്പിലാക്കപ്പെടുന്നതും പ്രസ്തുത പ്രദേശത്താണ്. കേരളത്തിലെ ആവാസവ്യവസ്ഥകളില്‍ ഏറ്റവും ഉദ്പാദനക്ഷമതയുള്ളതും, അതേസമയം ഏറ്റവും ഭീഷണി നേരിടുന്നതുമായ തീരദേശ സമുദ്ര ആവാസ വ്യവസ്ഥകള്‍, കായലുകള്‍, ലഗൂണുകള്‍, അഴിമുഖങ്ങള്‍, ചതുപ്പുകള്‍, മണല്‍തിട്ടകള്‍, കില്‍ക്കാടുകള്‍, തീരസമുദ്രം എന്നിവ പ്രസ്തുത പ്രദേശത്തെ ആവാസവ്യൂഹങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവ കൂടാതെ ജല തടാകങ്ങള്‍, തീരത്തോട് ചേര്‍ന്നുകിടക്കുന്ന കുട്ടനാടന്‍ പാടശേഖരങ്ങള്‍, തൃശൂരിലെ കരിനിലങ്ങള്‍ (സമുദ്രനിരപ്പിന് താഴെയുള്ള പ്രദേശങ്ങളില്‍ കൃഷിയിറക്കുന്ന ഇന്ത്യയില്‍ തന്നെ അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒന്ന് എന്നിവയും ഇതില്‍ ഉള്‍പ്പെടും.

തീരദേശവാസികള്‍

കേരളത്തിന്റെ തീരമേഖല ഏതാണ്ട് 590 കി. മീറ്ററോളം നീളമുള്ള കടല്‍ത്തീരമാണ്. ഇന്ത്യയുടെ മൊത്തം തീരദേശമേഖലയുടെ ഉദ്ദേശം 10 ശതമാനം വരും ഇത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ 77 ശതമാനവും സംസ്ഥാനത്ത ജനസംഖ്യയുടെ 30 ശതമാനവും കേരളത്തിന്റെ വിസ്തീര്‍ണ്ണത്തിന്റെ 15 ശതമാനം മാത്രം വരുന്ന തീരദേശമേഖലയില്‍ ആണ് നിവസിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടുതന്നെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും തീരപ്രദേശത്ത് നിവസിക്കുന്നവരാണ്. കേരളത്തിന്റെ പൊതുവായ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണെങ്കില്‍ തീരദേശ ജില്ലകളിലെ ശരാശരി 2022 ആണ്. സമുദ്രജലപ്രവാഹങ്ങള്‍ കാറ്റിന്റെ ഗതിക്കൊപ്പം സമുദ്രത്തിനടിയിലൂടെ കൊണ്ടുവരുന്ന പോഷകസാന്ദ്രമായ ജലം കേരള(മലബാര്‍) തീരത്ത് ഉയര്‍ന്നുപൊങ്ങുന്ന അപല്ലിങ് (upwelling) എന്ന പ്രതിഭാസമാണ് തീരസമുദ്രങ്ങളില്‍ മെച്ചപ്പെട്ട ഉത്പാദനക്ഷമതയും അതുവഴി മത്സ്യലഭ്യതയും ഉറപ്പുവരുത്തുന്നത്. ഗോത്രസമൂഹങ്ങളെല്ലാം ആവാസവ്യവസ്ഥകളില്‍നിന്ന് വിഭവസമാഹരണം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്നവരാണ്. തീരസമുദ്രങ്ങളിലെ വിഭവലഭ്യത തന്നെയാണ് കടല്‍പണിക്കാരായ മത്സ്യത്തൊഴിലാളിസമൂഹത്തെ തീരവാസികള്‍ ആക്കിയത്. അതുകൊണ്ടുതന്നെയാണ് അവരും വനവാസികളെപ്പോലെ “ആവാസവ്യവസ്ഥയിലെ അന്തേവാസികള്‍” (ecosystern people) ആകുന്നതും. 2019-20 കാലയളവിലെ കാനേഷുമാരി കണക്കുകള്‍ കേരളതീരത്ത മത്സ്യത്തൊഴിലാളികളുടെ ജനസംഖ്യ 10,44,361 ആണെന്നും അതില്‍ 77 ശതമാനം (8,00,165) കടല്‍പണിക്കാര്‍ ആണെന്നും വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളില്‍ 98 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഇവരില്‍ പകുതിയിലധികവും കുടുംബങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് (CMFRI, 2011). ഇതുകൂടാതെ തീരപ്രദേശങ്ങളില്‍ (കോള്‍, കൈപ്പാട്, പൊക്കാളി കൃഷി മേഖലകള്‍ ഉള്‍പ്പടെ തീരപ്രദേശത്ത് കാര്‍ഷികവൃത്തി നടത്തുന്ന ജനവിഭാഗവും ഉണ്ട്.

മാറ്റത്തിന്റെ പ്രേരകശക്തികള്‍

സമുദ്രവിഭവ ലഭ്യതയും അനുബന്ധ തൊഴിലുകളും, വിനോദസഞ്ചാരം, ചെറുതും വലുതുമായ തുറമുഖങ്ങളുടെ സാന്നിദ്ധ്യം, വ്യവസായ സ്ഥാപനങ്ങള്‍ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങളാണ് തീരദേശമേഖലയില്‍ കൂടുതല്‍ മനുഷ്യവാസത്തിന് വഴിവെച്ചത്. എന്നാല്‍ 1950കളില്‍ തുടങ്ങിയ തീരശോഷണത്തിന് പ്രധാന പ്രേരകശക്തിയായി മാറിയത് തീര്‍ച്ചയായും തീരദേശത്തെ അശാസ്ത്രീയമായ നിര്‍മിതികള്‍ ആണ്. ഒരു ചലനാത്മക ഇക്കോടോണ്‍ (ecotone) എന്ന പാരിസ്ഥിതിക പ്രാധാന്യം കണക്കിലാക്കാതെയുള്ള അശാസ്ത്രീയ നിര്‍മിതികള്‍, പ്രത്യേകിച്ചും ഹാര്‍ബറുകള്‍, തീരശോഷണം വ്യാപകമാക്കി. ലോകമെമ്പാടും തുറമുഖനിര്‍മാണവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന തീരപോഷണ (coastal nourishment) സംവിധാനങ്ങള്‍ സ്വീകരിക്കാത്തത് സമീപപ്രദേശങ്ങളില്‍ തീരശോഷണം വ്യാപകമാക്കി. ദൃഡ നിര്‍മിതിയായ (hard armouring) കടല്‍ഭിത്തികള്‍ തീരശോഷണം തടയാനുള്ള ഏക പരിഹാരമാര്‍ഗമായി അവതരിച്ചപ്പോള്‍, കൂടുതല്‍ കൃത്രിമ നിര്‍മിതികള്‍ തീരദേശ മേഖലയില്‍ (നിലവില്‍ ഒരുലക്ഷത്തിലധികം തീരദേശ നിയമലംഘനങ്ങള്‍ അടക്കം) നിലവില്‍ വന്നപ്പോള്‍ തീരശോഷണം കൂടുതല്‍ വ്യാപകമായി. കൂടാതെ തീരപ്രദേശത്തേക്ക് അനസ്യൂതമായി മണലും, അവസാദങ്ങളും ജൈവവസ്തുക്കളും എത്തിച്ചേരുന്ന പുഴകളുടെ അപചയവും നൈസര്‍ഗിക കടല്‍ത്തീരനിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചു. തീരദേശവാസികളുടെ ജീവിതം കടലിനും കരയ്ക്കും ഇടയ്ക്കുള്ള ഞാണില്‍മേല്‍ കളിയായി എന്നുമാത്രമല്ല ആയിരക്കണക്കിന് ജനങ്ങള്‍ക്ക് കിടപ്പാടവും തൊഴിലിടങ്ങളും നഷ്ടമായി. ഒപ്പം, തീരദേശ വിനോദസഞ്ചാരംകൊണ്ട് ഏറ്റവുമധികം സാമ്പത്തികലാഭം നേടിയിരുന്ന “തീരമില്ലാത്ത കേരളത്തില്‍ വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു. വരുന്നവര്‍ തന്നെ നാടന്‍ ജലാശയങ്ങളും പശ്ചിമഘട്ടവുമാണ് ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത്.

സംസ്ഥാനത്തെ മറ്റേതൊരു ഭൂപ്രദേശത്തേക്കാളും വികസനം പരിമിതപ്പെടുത്തുകയോ തീരത്ത് മനുഷ്യ ഇടപെടലുകളില്‍ നിയന്ത്രണ നടപടികള്‍ ഏര്‍പ്പെടുകയോ ചെയ്യുന്നത് തീരപ്രദേശങ്ങളില്‍ കൂടുതല്‍ വെല്ലുവിളിയാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഏറ്റവും ജനസാന്ദ്രമായതും വികസിതവുമായ പ്രദേശം തീരമേഖലയാണെന്നതുകൊണ്ടും അത് തീരദേശവാസികളായ ജനങ്ങളുടെ ജീവനും ജീവന്ധാരണ മാര്‍ഗങ്ങളുമായും ബന്ധപ്പെട്ടുനില്‍ക്കുന്നതുകൊണ്ടും തീരദേശപരിസ്ഥിപ്രശ്‌നങ്ങളില്‍ ശ്രദ്ധാപൂര്‍വ്വമായ സത്വരനടപെടലുകള്‍ ആവശ്യപ്പെടുന്ന പ്രധാന വിഷയം വര്‍ധിച്ചുവരുന്ന തീരശോഷണം ആണ്. പരിണാമപരമായി തന്നെ തീരത്തിന്റെ അസ്ഥിരതയും താഴ്ചയും കേരളത്തിന്റെ ഭൗമസവിശേഷതയായതിനാലും, കാലാവസ്ഥാമാറ്റം വരും കാലങ്ങളില്‍ സവിശേഷ വെല്ലുവിളികള്‍ (അറബിക്കടലിലെ വര്‍ധിച്ചുവരുന്ന ചുഴലിക്കാറ്റുകളും തദ്വാരായുണ്ടാകുന ഉയര്‍ന്ന തിരമാലകളും കടല്‍ക്ഷോഭവും, സമുദ്ര ജലനിരപ്പിലെ വര്‍ദ്ധനയും ഉയര്‍ത്തുമെന്നതിനാലും തീരസംരക്ഷണത്തിന് കൂടുതല്‍ ശാസ്ത്രീയ കര്‍മ്മപദ്ധതികള്‍ അനിവാര്യമായി വരും.

കടല്‍ത്തീരം: ശാസ്ത്രം, തല്‍സ്ഥിതി

കരയും കടലും പരസ്പരം ബന്ധപ്പെടുന്ന ഒരു ഇടനാഴിയാണ് തിരകളെ നിരന്തരം പുണരുന്ന തീരപ്രദേശം. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും ചലനാത്മകമായ പ്രദേശങ്ങളില്‍ ഒന്നാണിത്. ഭൂമിശാസ്ത്രപരമായി തീരഘടനയില്‍ ഏറെ വൈജാത്യങ്ങള്‍ ഉണ്ടാകാം. ഇതില്‍ കേരളതീരത്ത് കിഴക്കാംതൂക്കായ മലഞ്ചെരിവുകള്‍ (cliffs), മുനമ്പുകള്‍ (headlands), മണല്‍ത്തീരങ്ങള്‍, ലഗൂണുകള്‍, കായലുകള്‍, ചതുപ്പുകള്‍, മണ്‍തിട്ടകള്‍, അഴിമുഖങ്ങളുമായി ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ എന്നിവ കാണാന്‍ കഴിയും. നിരന്തരം തിരകളെ ഏറ്റുവാങ്ങുന്ന ചലനാത്മകമായ തീരപ്രദേശങ്ങള്‍ എങ്ങനെയാണ് സുസ്ഥിരമായി നിലനില്‍ക്കുന്നത് എന്ന് പരിശോധിക്കാം.

കടല്‍ത്തീരത്ത് തുടരുന്ന പ്രക്രിയകളായ കരവെയ്പ്പും (accretion) കരയെടുപ്പും തീരശോഷണം (erosion) ആണ് തീരത്തെ നിലനിറുത്തുന്നത്. കാറ്റിന്റെ ഗതിക്കനുസരിച്ച് തീരത്തിന് സമാന്തരമായി ഒരു മണല്‍ പുഴ” കൂടി ഒഴുകുന്നുണ്ട്. സാങ്കേതികമായി ഇതിനെ അനുദൈര്‍ഘ്യ ഒഴുക്ക് (longitudinal drift) എന്നുപറയാം. ഈ മണല്‍ പുഴയില്‍ പ്രദേശത്തെയും പാരിസ്ഥിതിക സവിശേഷതകള്‍ക്കും അനുസരിച്ച്, തീരത്തുനിന്നും തിരമാലകള്‍ ഒഴുക്കി കൊണ്ടുവരുന്ന മണലും, കടലോരയൊഴുക്കിലൂടെ (coastal drift) എത്തുന്നവയും, അഴിമുഖങ്ങളിലൂടെ എത്തിച്ചുനല്‍കുന്ന മറ്റ് അവസാദങ്ങളും ഉണ്ടാകാം. മണ്‍സൂണ്‍കാറ്റുകള്‍ക്ക് അനുസരിച്ച് “മണല്‍പുഴ കേരളതീരത്ത് തെക്കോട്ടും വടക്കോട്ടും സഞ്ചരിക്കും. മണ്‍സൂണിനുശേഷം എടുത്തുപോകുന്ന മണല്‍തീരം പിന്നീട് വെള്ളത്തിന്റെ തിരിച്ചൊഴുക്കില്‍ തീരത്തുതന്നെ എത്തിപ്പെടുമ്പോള്‍ കടല്‍തീരം പുനഃസൃഷ്ടിക്കപെടുന്നു. കേരളതീരത്ത് സാധാരണയായി മെയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെ തിരശോഷണവും നവംബര്‍ മാസം മുതല്‍ മാര്‍ച്ച് വരെ തീരപുനര്‍നിര്‍മാണവും നടക്കുന്നു. ഇതാണ് തീരത്തിന്റെ ചലനശാസ്ത്രം,.

മത്സ്യബന്ധനം, കൃഷി, തുറമുഖങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍, മനുഷ്യവാസം, കൃത്രിമ നിര്‍മിതികള്‍ എന്നിവയാണ് കേരളത്തിലെ തീരദേശ മേഖലയിലെ ഭൂവിനിയോഗ രീതികള്‍. കടല്‍ത്തീരത്തിന്റെ സ്ഥിരതയെ പ്രതികൂലമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ഇതില്‍ പ്രധാനം തീരത്തിന്റെ സുസ്ഥിരതയും പാരിസ്ഥിതിക പ്രാധാന്യവും ഉള്‍ക്കൊള്ളാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ (പുലിമുട്ടുകള്‍, തുറമുഖങ്ങള്‍ അടക്കം) ആണ്. അണക്കെട്ടുകള്‍, ജലസേചന സംവിധാനങ്ങള്‍, അവസാദങ്ങളുടെ ഒഴുക്ക്, വനനശീകരണം ഉള്‍പ്പടെ പുഴകളുടെയും കായലുകളുടെയും നിര്‍ത്തടങ്ങളില്‍ വരുത്തുന്ന മാറ്റങ്ങള്‍, കണ്ടല്‍ക്കാടുകളുടെ നാശം തുടങ്ങിയവയും തീരനിര്‍മിതിയെ സ്വാധീനിക്കുമെന്നും ആഗോളതലത്തിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചാകര പ്രതിഭാസത്തിന്റെ ഏറ്റക്കുറച്ചിലുകളും പ്രാദേശികമായി തീരപ്രക്രിയകളുടെ അസന്തുലിതാവസ്ഥക്കു കാരണമാകാറുണ്ട്. ആലപ്പാട് മേഖലയില്‍ നടക്കുന്ന കരിമണല്‍ ഖനനം പ്രസ്തുതപ്രദേശത്തെ തീരത്തെ ഏറെ അസ്ഥിരമാക്കിയിട്ടുണ്ട്. ശാസ്ത്രീയ പരിസ്ഥിതി ആഘാതപഠനത്തിന്റെ അഭാവത്തില്‍ നടക്കുന്ന അഴിമുഖങ്ങളിലെ മണല്‍വാരലും തീരശോഷണം വര്‍ധിപ്പിച്ചിട്ടുണ്ട്. സുനാമി, കൊടുങ്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ തീരദേശത്തെ മണ്ണൊലിപ്പിന്റെ തോത് ക്രമാതീതമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ തീരദേശത്തെ മണ്ണൊലിപ്പിനെയും കരവയ്പ്പിനെയും കുറിച്ചുള്ള ദീര്‍ഘകാലനിരീക്ഷണങ്ങള്‍ നടത്തിയ ലോറെന്‍സോ മെന്റാഷിയും സംഘവും അടുത്തിടെ സയന്‍സ് റിപ്പോര്‍ട്ട് ഗവേഷണമാസികയില്‍ പ്രസിദ്ധീകരിച്ച പഠനം തീരശോഷണം ഒരു ആഗോള പ്രതിഭാസമാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഏതാണ്ട് 590 കിലോമീറ്റര്‍ നീളമുള്ള കേരളത്തിന്റെ തീരപ്രദേശത്തിന്റെ അവസ്ഥ പരിശോധിക്കാം. 1960-കളില്‍ കടലാക്രമണവും തീരദേശശോഷണവും വര്‍ദ്ധിധിച്ചു വന്നതോടെയാണ് തീരസുരക്ഷയ്ക്കായി കടല്‍ഭിത്തി നിര്‍മാണം വ്യാപകമാകുന്നത്. ഇക്കാലയളവിലാണ് മത്സ്യബന്ധനരീതികളും അനുബന്ധ ഭൗതിക സാഹചര്യങ്ങളും ആധുനികവത്കരിക്കാന്‍ 1953ല്‍ കേരളത്തില്‍ ആരംഭിച്ച ഇന്‍ഡോ-നോര്‍വെജില്‍ പ്രൊജക്റ്റിന്റെ അനന്തരനടപടികളായ ഹാര്‍ബറുകള്‍ നിലവില്‍ വരുന്നത്. തീരപ്രദേശത്തെ മനുഷ്യനിര്‍മിതികള്‍ വര്‍ധിച്ചുവന്നതോടെ തീരശോഷണം വ്യാപകമാവുകയും തിരംവയ്പ്പും തീരശോഷണവും തമ്മില്‍ നിലനിന്നിരുന്ന സംതുലനാവസ്ഥ നഷ്ടപ്പെടുകയും ചെയ്തു. തീരത്ത് കടല്‍ഭിത്തി വ്യാപകമായതോടെ ബാക്കിവന്ന നൈസര്‍ഗ്ഗികതീരങ്ങള്‍ക്ക് കടല്‍ത്തിരകളുടെ സമ്മര്‍ദ്ദം ഏല്‍ക്കേണ്ടി വരികയും തീരശോഷണം വ്യാപകമാവുകയും ചെയ്തു. നാഷണല്‍ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ കോസ്റ്റല്‍ മാനേജ്‌മെന്റ് (എന്‍.സി.എസ്.സി.എം) ദേശീയതലത്തില്‍ ഇന്ത്യയുടെ തീരദേശസ്ഥിരതയെപ്പറ്റി നടത്തിയ പഠനറിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ തീരദേശത്തിന്റെ 53 ശതമാനം മനുഷ്യനിര്‍മ്മിതിയായ കടല്‍ഭിത്തിയാണ്. കടല്‍ഭിത്തിയുടെ സഞ്ചയശതമാനം 63 ആണ്; ഏറ്റവും സ്ഥിരതയുള്ള തീരം എട്ടുശതമാനം മാത്രമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് (എന്‍.സി.സി.ആര്‍) 1990-2016 കാലയളവില്‍ രാജ്യത്തെ കടല്‍ത്തീരങ്ങളുടെ സ്ഥിരതയെപ്പറ്റി നടത്തിയ പഠനങ്ങള്‍ കേരളത്തില്‍ തീരശോഷണവും തീരംവയ്പ്പും, യഥാക്രമം 45 ശതമാനവും 21 ശതമാനവും ആണെന്ന് വ്യക്തമാക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് (എന്‍.സി.ഇ.എസ്.സ്), ഇന്ത്യയിലെ മറ്റ് പ്രമുഖ ഭൗമശാസ്ത്രഗവേഷകരുടെ പഠനങ്ങള്‍ എന്നിവയൊക്കെ കടല്‍ഭിത്തികള്‍ ഉള്‍പ്പടെയുള്ള തീരദേശ നിര്‍മിതികള്‍ തീരദേശശോഷണം തടയുന്നതില്‍ ഫലപ്രദമായില്ല എന്നുമാത്രമല്ല പലയിടങ്ങളിലും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കിയെന്നും വ്യക്തമാക്കുന്നു. (മറിച്ചുമുള്ള ഗവേഷണഫലങ്ങള്‍ ഒന്നുംതന്നെയില്ല എന്നതാണ് സത്യം!). കേരളതീരത്ത് നേരിട്ടുള്ള പരിശോധനയില്‍ തുറമുഖ പുലിമുട്ടുകള്‍, കടല്‍ ഭിത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും തീരശോഷണം വ്യാപകമായിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. വര്‍ധിച്ചുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും, കാലാവസ്ഥാമാറ്റത്തിന്റെ അനന്തരഫലമായി അറബിക്കടലില്‍ രൂപം കൊള്ളുന്ന കൂടുതല്‍ ശക്തമായ കൊടുങ്കാറ്റുകളും വര്‍ദ്ധിക്കുന്ന കടല്‍നിരപ്പും തീരദേശത്തിന്റെ ആരോഗ്യത്തെയും സ്ഥിരതയേയും ശക്തമായി ബാധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍, കൃഷിക്കാര്‍ ഉള്‍പ്പടെയുള്ള തീരദേശസമൂഹങ്ങളുടെ നിലനില്‍പ്പും ജീവസന്ധാരണ മാര്‍ഗ്ഗങ്ങളും പ്രതിസന്ധി നേരിടുകയാണ്. കൂടാതെ വര്‍ധിക്കുന്ന തീരശോഷണവും കടല്‍ഭിത്തി നിര്‍മാണവും വംശനാശഭീഷണി നേരിടുന്ന കടലാമകള്‍ തീരത്ത് മുട്ടയിടാന്‍ എത്തുന്നതിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രങ്ങളെയും മനുഷ്യവാസകേന്ദ്രങ്ങളെയും കൂടി ഗുരുതരമായി ബാധിക്കുകയാണ് തീരശോഷണം.

മനുഷ്യനിര്‍മ്മിതികളും തീരസ്ഥിരതയും

തീരശോഷണം രൂക്ഷമായ പ്രദേശങ്ങളില്‍ തീരസുരക്ഷയ്ക്കായി തീരകവചങ്ങള്‍ (coastal armouring) അനിവാര്യമാണ്. ഇതില്‍ നൈസര്‍ഗികതീരങ്ങളെ വീണ്ടെടുക്കാനുള്ള മൃദുകവചങ്ങളും (soft amouring), ദൃകവചങ്ങളും (hard armouring) ഉള്‍പ്പെടും. (കടല്‍ഭിത്തി കോണ്‍ക്രീറ്റ്, ടെട്രാപോഡുകള്‍, കരിങ്കല്ല് തുടങ്ങിയവ), അലതാങ്ങി/ പുലിമുട്ടുകള്‍ (breakwater), ചെറുപുലിമുട്ടുകള്‍ (groins), എന്നിവയാണ് കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ദൃഢതയുള്ള തീരപ്രതിരോധസംവിധാനങ്ങള്‍. മത്സ്യബന്ധനയാനങ്ങള്‍ക്ക് സുരക്ഷിതമായ ഒരു തുറമുഖം, അല്ലെങ്കില്‍ നങ്കൂരമിടാനുള്ള സംവിധാനം എന്നിവ ഒരുക്കാനാണ് പുലിമുട്ടുകള്‍ നിര്‍മിക്കുന്നത്. പൊതുവെ തീരത്തിന് സമാന്തരമോ അല്ലെങ്കില്‍ ലംബമോ ആയി വലിയ ഗ്രാനൈറ്റ് പാറകള്‍/ട്രാപോഡുകള്‍ എന്നിവ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുക. കേരളത്തില്‍ തുറമുഖപുലിമുട്ടുകളില്‍ മിക്കവയിലും വടക്കുഭാഗത്ത് രൂക്ഷമായ തിരശോഷണവും തിരംവയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പുലിമുട്ടുകള്‍ക്കെല്ലാം പ്രതീക്ഷിക്കാത്ത വിപരീത ഫലങ്ങള്‍ ഉണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പുലിമുട്ടുകള്‍ തീരംവയ്പ്പിനേക്കാള്‍ തീരശോഷണത്തിന് കാരണമായിട്ടുണ്ട്.

കടല്‍തീരത്തിന് ലംബമായി നിര്‍മ്മിക്കുന്ന നിര്‍മ്മിതിയാണ് ചെറുപുലിമുട്ടുകള്‍ ലോംഗ്‌ഷോര്‍ ഡ്രിഫ്റ്റ് (അനുദൈര്‍ഘ്യ ഒഴുക്ക് ) കൊണ്ടുവന്ന മണല്‍ പിടിച്ചുവയ്ക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ശ്രേണിയായാണ് ഇത്. നിര്‍മ്മിച്ചിരിക്കുന്നത്. കടല്‍ഭിത്തി നിര്‍മാണം അതിനു തൊട്ടുപിന്നില്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളെ സംരക്ഷിച്ചേക്കാമെങ്കിലും ഇരുവശങ്ങളിലും തീരശോഷണം രൂക്ഷമാക്കും (ഇതിനെ അഗ്രശോഷണം അഥവാ എന്‍ഡ് ഇറോഷന്‍ എന്ന് പറയാം). ഇത്തരം നിര്‍മിതികള്‍ക്ക്പുറകില്‍ മണ്ണടിച്ചില്‍ സംഭവിക്കുകയും
കടലെടുത്തുപോവുകയും ചെയ്യുന്നത് കേരളത്തില്‍ പലയിടങ്ങളിലും കാണാം. കൂടാതെ തിരയടിച്ച് കടലിന് അഭിമുഖമായി കടല്‍ഭിത്തി താഴ്ന്നുപോകുന്നതിനാല്‍ തീരത്തിന്റെ ആഴം വര്‍ദ്ധിക്കുകയും വീണ്ടും കല്ലിടേണ്ട സ്ഥിതി സംജാതമാവുകയും ചെയ്തിട്ടുണ്ട്.

കേരളതീരത്തെ ചില ഉദാഹരണങ്ങള്‍ ഇപ്പോള്‍ രൂക്ഷമായ തീരശോഷണം നേരിടുന്ന പ്രദേശമാണ് കേരളത്തിന്റെ തെക്കേയറ്റത്തെ നെയ്യാറിന്റെ അഴിമുഖപ്രദേശമായ പൊഴിയൂര്‍. ഇപ്പോള്‍ പ്രസ്തുതപ്രദേശത്ത് തീരശോഷണം വ്യാപകമായത് തെക്ക് തമിഴ്‌നാട്ടില്‍ കുളച്ചല്‍, തേങ്ങാപട്ടണം തുറമുഖങ്ങളിലെ പുലിമുട്ടുകളും അവയുടെ നിര്‍മാണത്തിനുശേഷം രൂക്ഷമായ തീരശോഷണം തടയാനായി നിര്‍മിച്ച ചെറുപുലിമുട്ടുകളും ആണ്. തിരുവനന്തപുരം ജില്ലയില്‍ കോവളം തീരം മുതല്‍ ശംഖുംമുഖം വരെയുള്ള പ്രദേശത്ത് തീരശോഷണം രൂക്ഷമാക്കിയിരിക്കുന്നത് വിഴിഞ്ഞത്തെ പുലിമുട്ടുകളും ഹാര്‍ബര്‍ നിര്‍മ്മാണവുമാകാം. മുതലപ്പൊഴിയിലെ ഹാര്‍ബറും മറ്റ് കൃത്രിമനിര്‍മ്മിതികളും അഞ്ചുതെങ്ങ് മേഖലയില്‍ തീരശോഷണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുതപ്രദേശത്ത് കണ്ടല്‍തുരുത്തുകള്‍ ബാക്കി നില്‍ക്കുന്ന പ്രദേശത്ത് മനുഷ്യവാസമേഖലകളില്‍ കടല്‍കയറിയിട്ടില്ലെന്നും കാണാന്‍ കഴിയും. കൃത്രിമ നിര്‍മ്മിതികള്‍ ഉള്ള പ്രദേശങ്ങളിലെല്ലാം അഗ്രശോഷണം രൂക്ഷമാണെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കടല്‍ഭിത്തി ഒഴിവാക്കിയിരിക്കുന്ന പ്രദേശത്ത് (fishing gaps) തീരശോഷണം രൂക്ഷമാണെന്നുമാണ് കേരളതീരത്ത് ശോഷണ ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിഞ്ഞ നൗജാസും തോമസും (2015) അഭിപ്രായപ്പെടുന്നത്. കേരളതീരത്ത് തുറമുഖ പുലിമുട്ട് കടല്‍ഭിത്തി വിമുക്തമായ പ്രദേശങ്ങളില്‍ തീരശോഷണം കുറവാണെന്ന് കാണാന്‍ കഴിയും.

നിര്‍മ്മിതിയുടെ എണ്ണം കൂടുകയും കാലാവസ്ഥാമാറ്റം കൊണ്ട് കടല്‍ക്ഷോഭവും ചുഴലിക്കാറ്റുകളും വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ കേരളതീരത്ത് തിരശോഷണവും തീരംവെയ്പ്പും തമ്മിലെ അനുപാതം നഷ്ടമാവുകയും ശോഷണം വ്യാപകമാവുകയും ചെയ്തു. ഇതിനോടൊപ്പം പുലിമുട്ടുകളും ഹാര്‍ബറുകളും രൂപകല്‍പനയിലെയും അശാസ്ത്രീയത അപകടങ്ങളുടെ നിര്‍മിക്കുന്നതിലെയും കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മുതലപ്പൊഴി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു അപകടമുനമ്പ് ആയതും അപ്രകാരം തന്നെ.

കേരളത്തില്‍ തീരശോഷണം സംഭവിക്കുന്നത് കൃത്രിമ നിര്‍മിതികള്‍കൊണ്ടുമാത്രമാണെന്ന് ധരിക്കരുത്. പ്രാദേശിക പരിസ്ഥിതിയ്ക്കും മറ്റ് ഇടപെടലുകള്‍ക്കും അനുസൃതമായി ഇതിന് വ്യതിയാനം സംഭവിക്കാം. ഉദാഹരണത്തിന് എറണാകുളത്ത് കടലാക്രമണം രൂക്ഷമായി ചെല്ലാനത്ത് ചാകര നഷ്ടമായതും, കടലൊഴുക്കില്‍ (ittoral diff) മണലിന്റെയും അവസാദങ്ങളുടെയും അളവ് കുറഞ്ഞതും വേമ്പനാട്ടുകായലിലേക്ക് അവിടെയെത്തുന്ന പുഴകളില്‍ നിന്നും (പ്രത്യേകിച്ച് പെരിയാര്‍), പിന്നീട് അവിടെനിന്ന് കടലിലേക്കും അവസാദങ്ങളുടെയും ജൈവവസ്തുക്കളുടെയും ഒക്ക കുറഞ്ഞതും സമീപപ്രദേശങ്ങളില്‍ തീരശോഷണം കൂടിയതിന് പരോക്ഷമായ കാരണങ്ങള്‍ പശ്ചിമഘട്ടത്തിലെ പുഴകളിലെ കണ്ടല്‍ക്കാടുകളുടെ നാശവും ഇത്തരം പ്രവാഹങ്ങളെ എപ്രകാരം സ്വാധീനിച്ചുവെന്ന് തിട്ടപ്പെടുത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായി വരും. വടക്കന്‍ തീരത്ത് പുഴകളുടെ രൂക്ഷമാക്കിയിരിക്കുന്നത്. കൃത്രിമ നിര്‍മിതികളുമാണ് തീരദേശശോഷണം രൂക്ഷമാക്കിയിരിക്കുന്നത്.

ദൃഢഘടനകള്‍ തിരമാലകളിലെ ഊര്‍ജ്ജം വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഉത്തരം നിര്‍മിതികള്‍ക്ക് ഒരു പ്രത്യേക ഉയരത്തിലുള്ള തിരമാലകളെ മാത്രമേ പ്രതിരോധിക്കാന്‍ കഴിയും വലിയ തിരകള്‍ ഇവയ്ക്കുമുകളിലൂടെ തീരത്തേക്ക് കയറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഓരോ പ്രദേശത്തിന്റെയും ഭൗമ-പാരിസ്ഥിതിക സവിഷേതകള്‍ അനുസരിച്ചു വേണം തീരസംരക്ഷണം എന്ന വാദത്തിന് ഇത്തരുണത്തില്‍ ഏറെ പ്രസക്തിയുണ്ട്. ഇന്ത്യയുടെ പ്രഥമ കാലാവസ്ഥ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അനുസരിച്ച് 1901-2004 കാലയളവില്‍ സമുദ്രജലനിരപ്പ് ഓരോ വര്‍ഷവും 1,06-175 മില്ലിമീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. 2004 മുതല്‍ വാര്‍ഷിക വര്‍ധന 3.3 മില്ലിമീറ്റര്‍ ആണ്. താരതമ്യേന താപനില കുറഞ്ഞിരുന്ന അറബിക്കടലില്‍ ആഗോളതാപനം വഴി ചൂടുകൂടിയതിനാല്‍ 2014 മുതല്‍ എല്ലാവര്‍ഷവും ഒരു കൊടുങ്കാറ്റെങ്കിലും ഉണ്ടാവുന്നുണ്ട്. അറബിക്കടലില്‍ 1951-2018 കാലഘട്ടത്തില്‍ ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ കൊടുകാറ്റുകളുടെ എണ്ണം 52 ശതമാനം വര്‍ധിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ കാലാവസ്ഥാ പഠനങ്ങള്‍ എല്ലാം വ്യക്തമാക്കുന്ന രണ്ടു കാര്യങ്ങള്‍ ഇവയാണ്. 1. അറബിക്കടലില്‍ ചൂട് കൂടുന്നതുകൊണ്ടുതന്നെ വരും നാളുകളില്‍ ശക്തമായ ചുഴലിക്കാറ്റുകളും കടല്‍ക്ഷോഭവും പ്രതീക്ഷിക്കാം.;തീരശോഷണത്തിനും അനുബന്ധപ്രശ്‌നങ്ങള്‍ക്കും പുറമെ സമുദ്രോല്‍പ്പന്ന ലഭ്യതയേയും, തീരദേശജനതയുടെ ആരോഗ്യത്തെയും ബാധിച്ചേക്കാം; 2 നൂറ്റാണ്ടിന്റെ അവസാനത്തോടെ സമുദ്രജലനിരപ്പ് ഒരു മീറ്റര്‍ വരെയോ അതിലധികമോ ഉയരാന്‍ സാധ്യതയുണ്ട്. കൊച്ചി, കുട്ടനാട് പ്രദേശങ്ങളില്‍ ഇത് ദൂരവ്യാപകമായ പ്രതിസന്ധികള്‍ സൃഷിച്ചേക്കാം. അതുകൊണ്ടുതന്നെ കാലാവസ്ഥാമാറ്റവും കൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമഗ്രതീരദേശപരിപാലന പദ്ധതികള്‍ അനിവാര്യമാണ്.

തീരശോഷണവും മത്സ്യത്തൊഴിലാളികളും

തീരശോഷണം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സംസ്ഥാനത്തെ ആറുലക്ഷത്തില്‍പരം മത്സ്യത്തൊഴിലാളികളെയാണ്. കാലാവസ്ഥ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍ കാലവര്‍ഷത്തിന്റെ സമയം മാത്രമല്ല വര്‍ഷം മുഴുവന്‍ കടല്‍കയറ്റ ഭീഷണിയിലാണ് ഇവര്‍. തിരഭിത്തി വ്യാപകമാവുമ്പോള്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വള്ളവും വലയും സൂക്ഷിക്കാനുള്ള സ്ഥലവും ഇവര്‍ക്ക് നഷ്ടമായിട്ടുണ്ട്. ചിലയിടങ്ങളില്‍ മത്സ്യബന്ധന ഗ്രാമങ്ങളിലേക്ക് കയറാന്‍ കടല്‍ഭിത്തി ഒഴിവാക്കിയ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ കടല്‍ കയറ്റം രൂക്ഷമായിരിക്കുന്നത്. കൂടാതെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്ന ദിവസങ്ങളില്‍ തൊഴിലും നഷ്ടപ്പെടുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്. ഒപ്പം കടലില്‍ മത്സ്യവിഭവങ്ങളുടെ ക്ഷാമവും ഇവരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലും വരുമാനനഷ്ടത്തിലും എത്തിച്ചിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ പഠന റിപ്പോര്‍ട്ട് അനുസരിച്ചു സമുദ്ര തീരത്തു (high tide line) നിന്ന് 10 മീറ്ററിനുള്ളില്‍ 3,367 വീടുകള്‍ ഉണ്ട്. ഇവയില്‍ ഭൂരിഭാഗവും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ്. 50 മീറ്ററിനുള്ളില്‍ 18685 വീടുകളുണ്ട് എന്നാണ് കണക്ക്. തീരദേശത്തെ ജനസാന്ദ്രത മറ്റുപ്രദേശങ്ങളുടെ ഇരട്ടിയാണ്. ഒമ്പത് തീരദേശ ജില്ലകളില്‍ ആലപ്പുഴയിലെ തീരദേശത്താണ് ഏറ്റവും ഉയര്‍ന്ന ജനസാന്ദ്രത (1,492), ഏറ്റവും കുറവ് കാസറഗോഡ് ആണ്. അതുകൊണ്ടുതന്നെ തീരശോഷണം ഏറ്റവുമധികം ജനങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ളത് ആലപ്പുഴയിലും തിരുവനന്തപുരം ജില്ലയിലും ആണ്. ആലപ്പുഴ ജില്ലയോട് ചേര്‍ന്ന് കിടക്കുന്ന കുട്ടനാടിനും അപകട ഭീഷണി കൂടുതലാണ്. 1,100 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവുള്ള കുട്ടനാടിന്റെ 304 ചതുരശ്രകിലോമീറ്റര്‍ സമുദ്രനിരപ്പിനു താഴെയാണ്. നിലവില്‍ ജനങ്ങള്‍ താമസിക്കുന്നത് വെള്ളക്കെട്ട് നിറഞ്ഞ പ്രദേശങ്ങളിലാണ്. അവരുടെ കൃഷിയും മറ്റ് ഉപജീവന മാര്‍ഗങ്ങളും എപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലും ഉപ്പുവെള്ളം കയറലിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഒരുജലത്തിന്റെ സാന്നിധ്യം ശുദ്ധജല ലഭ്യതയില്‍ വരുത്തിയിരുന്ന കുറവ് പ്രസ്തുത പ്രദേശത്തെ മറ്റൊരു പ്രശ്‌നമാണ്. കടല്‍കയറ്റവും അതോടൊപ്പം ഉണ്ടാകുന്ന ഓരുവെള്ളത്തിന്റെ സാന്നിധ്യവും നെല്‍കൃഷിയും മത്സ്യകൃഷിയും നടത്തുന്ന കര്‍ഷകരെയും ബാധിച്ചിട്ടുണ്ട്.

തീരശോഷണവും വിനോദസഞ്ചാരവും

“കൂനിന്മേല്‍ കുരു” എന്നതാണ് സംസ്ഥാനത്തെ തീരദേശ വിനോദസഞ്ചാരത്തിന്റെ അവസ്ഥ. കൊവിഡുമായി ബന്ധപ്പെട്ട യാത്രാവിലക്കുകള്‍ക്ക് മുമ്പുതന്നെ കേരളതീരത്തേയ്ക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞുതുടങ്ങിയിരുന്നു. തീരങ്ങള്‍ നഷ്ടമാവുന്നതും വൃത്തിഹീനമായ തീരപ്രദേശവും ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒരുകാലത്ത് കേരളത്തിന്റെ പെരുമയായിരുന്ന മണല്‍ത്തീരങ്ങള്‍ സംരക്ഷിക്കുന്നത് വിനോദസഞ്ചാര വികസനത്തിനും അനിവാര്യമാണ്. നഷ്ടമാകുന്ന തീരങ്ങള്‍ കേരളത്തിന്റെ വിനോദസഞ്ചാര വരുമാനത്തിനുണ്ടാകുന്ന ഭീകരമായ നഷ്ടം കൃത്യമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

തീരസംരക്ഷണ കർമ്മപദ്ധതികള്‍

കഴിഞ്ഞ ഏതാനും ദശകങ്ങളായി തിരദേശശോഷണം അടിക്കടി കേരളത്തില്‍ വര്‍ദ്ധിച്ചു വരികയും ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തുകയുമാണ് ഉണ്ടായിരിക്കുന്നത്. തീരശോഷണം തടയാന്‍ പല കര്‍മ്മപദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. കേരളതീരത്ത് നിലവില്‍ 370 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരം വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്നുവെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനായി “കിഫ്ബി” ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ നിന്ന് സാമ്പത്തികവിഹിതവും വിലയിരുത്തിയിട്ടുണ്ട്. ഇതില്‍ എക്കാലത്തും മുന്‍ഗണന നല്‍കി നടപ്പിലാക്കിയത് കടല്‍ഭിത്തി/പുലിമുട്ട് നിര്‍മാണമാണ്. വിവിധ ഗവേഷണസംഘടനകളുടെ നിര്‍ദ്ദേശം അനുസരിച്ച് ജിയോ ട്യൂബ് (geotextile tube) അനുസരിച്ചുള്ള സംരക്ഷണ മാര്‍ഗങ്ങളും ചിലയിടങ്ങളില്‍ നടപ്പിലാക്കാക്കിയിട്ടുണ്ട്. എന്നാല്‍ ചെല്ലാനം പ്രദേശത്ത് ജിയോ ട്യൂബ് സംവിധാനം പരീക്ഷിച്ചു നോക്കിയ പ്രദേശത്ത് കടലേറ്റം ഇപ്പോള്‍ രൂക്ഷമാണ്.

തീരശോഷണം ഉള്ളയിടങ്ങളില്‍ ഉയര്‍ന്ന വേലിയേറ്റരേഖയില്‍ (hightide line) നിന്നും 50മീറ്റര്‍ ഗ്രീന്‍ബെല്‍റ്റ് മേഖല സൃഷ്ടിക്കണം നിര്‍ദ്ദേശവും പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കാനുള്ള കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ കേരളതീരത്തെ തീരദേശശോഷണത്തെയും തീരസംരക്ഷണത്തെയും പറ്റി പഠിക്കാന്‍ നിരവധി സംസ്ഥാന-ദേശീയ ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടും ഉണ്ട്. എന്നാല്‍ പ്രസ്തുത പഠനങ്ങള്‍ സമയബന്ധിതമായി തീര്‍ക്കുന്നുവെന്നും ഗവേഷണഫലങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ഇച്ഛാശക്തിയും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കാനുള്ള ഒരു ഏകോപന സംവിധാനവും നിലവില്‍ വരേണ്ടതുണ്ട്. അതിനായുള്ള ഹ്രസ്വകാല ദീര്‍ഘകാല നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഹ്രസകാല കര്‍മ്മപദ്ധതികള്‍

  1. “തീരത്തിന്റെ ഇടം” (room for seashore) ഒരു മുദ്രാവാക്യമായി ഉള്‍ക്കൊണ്ട് 50 മീറ്റര്‍ തീരപ്രദേശം കടലിനു തന്നെ വിട്ടുനല്‍കാനുള്ള തീരുമാനം ഉണ്ടാകണം.
  2. ഇന്ന് കേരളം അഭിമുഖീകരിക്കുന്ന തീരശോഷണത്തിനും അനുബന്ധപ്രശ്‌നങ്ങള്‍ക്കും ഏകമുഖപരിഹാരം അസാധ്യമാണ്. പ്രാഥമികമായി വേണ്ടത് ലഭ്യമായ തീരശോഷണപഠനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെ സ്ഥലപരിശോധന (field verification) റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ തിരശോഷണ ഹോട്ട്‌സ്‌പോട്ടുകളുടെ (hotspots) പട്ടിക തയാറാക്കുക എന്നതാണ് ശോഷണത്തിന്റെ തീവ്രതയനുസരിച്ച് തീരത്തെ അതിരൂക്ഷ തീരശോഷണമേഖല (അതിരൂക്ഷ ശോഷണം നേരിടുന്നതും പരിപാലനം നിലവില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ സാധ്യമല്ലാത്തതുമായ മേഖല), “രൂക്ഷതീരശോഷണമേഖല (രൂക്ഷമായ ശോഷണമുള്ളതും എന്നാല്‍ സംരക്ഷണം സാധ്യമായതുമായ പ്രദേശം, “മധ്യമതീരശോഷണമേഖല (ഇടത്തരം തിരശോഷണം ഉള്ള പ്രദേശം), തീരശോഷണം കുറഞ്ഞതും സാധ്യതയുള്ളതുമായ മേഖല തീരശോഷണവിമുക്ത മേഖല എന്നിങ്ങനെ തരംതിരിക്കുക.
  3. അതിരൂക്ഷ തീരശോഷണം നടക്കുന്ന പ്രദേശങ്ങളില്‍ സംഭരിക്കേണ്ട മേഖലയുടെ പ്രധാന്യം വിലയിരുത്തി ദൃഡനിര്‍മിതികള്‍ അനിവാര്യമാവും. എന്നാല്‍ ഇതിനായി പശ്ചിമഘട്ടത്തിലെ കരിങ്കല്ലിനെ മാത്രം ആശ്രയിക്കുന്നത് കാടുമുതല്‍ കടല്‍ വരെ തുടരുന്ന നാശങ്ങളുടെ തുടര്‍ച്ചയാവും സൃഷ്ടിക്കുക. അതിനാല്‍ തന്നെ തിരകളുടെ ശക്തി കടലില്‍ തന്നെ കുറയ്ക്കാനായി പാരുകള്‍ (reefs) ആഴം കുറഞ്ഞ കടല്‍ ഭാഗങ്ങളില്‍ നിക്ഷേപിക്കുകയും (പ്രൈമറി ഡിഫന്‍സ്) തീരത്ത് കോണ്‍ക്രീറ്റ് മതില്‍, ടെട്രാപോഡുകള്‍, ജിയോടെക്‌സ്‌റ്റൈല്‍ ടൂബുകള്‍, പുലിമുട്ടുകള്‍ എന്നിവ ഉപയോഗിച്ചുള്ള സംരക്ഷണസംവിധാനങ്ങളും, തീരപരിപോഷണ സംവിധാനങ്ങളും ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയ്ക്കും, പാരിസ്ഥിതിക സവിശേഷതകള്‍ക്കും അനുസൃതമായി, രൂപശാസ്ത്ര ആഘാത പഠനങ്ങള്‍ക്ക് ശേഷം (Morphological Impact Assessment) നടപ്പിലാക്കണം. മത്സ്യത്തൊഴിലാളി ഭവനങ്ങളുടെ സാന്ദ്രത ഏറിയ പ്രദേശങ്ങള്‍ക്ക് ഇതില്‍ മുന്‍ഗണന നല്‍കണം.
  4. നിലവിലെ പുലിമുട്ട് നിര്‍മാണ രീതികള്‍ തീരശോഷണം രൂക്ഷമാക്കിയ സത്യം തിരിച്ചറിഞ്ഞ് തീരദേശസമുദ്ര പരിസ്ഥിതിയിലെ തല്‍സ്ഥിതി വിലയിടി മെച്ചപ്പെട്ട രീതികള്‍ അവലംബിക്കണം. നിലവില്‍ തുറമുഖങ്ങളില്‍ പുലിമുട്ടുകളുടെ വടക്ക് ഭാഗത്ത് രൂക്ഷമായ തീരശോഷണമാണുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ മണലിന്റെ ലഭ്യതയും പ്രാദേശികപരിസ്ഥിതിയും പഠനവിധേയമാക്കി പരിപോഷണ പ്രക്രിയയോ ബീച്ച് പുനര്‍ നിര്‍മ്മാണ ഇടപെടലോ അടിയന്തിരമായി നടപ്പിലാക്കേണ്ടതാണ്. പോണ്ടിച്ചേരിയില്‍ ഇത്തരം നടപടികള്‍ തീരങ്ങളെ പരിപോഷിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ഇതോടൊപ്പം സാന്‍ഡ് ബൈപാസിക് (sand bypassing) സംവിധാനവും ഇതോടൊപ്പം ആലോചിക്കേണ്ടതാണ്.
  5. അതിരൂക്ഷ തീരശോഷണമേഖലയില്‍ പരമാവധി വേലിയേറ്റ നിരപ്പില്‍ നിന്നും 50 മീറ്റര്‍ ദൂരത്തിനുള്ളില്‍ അധിവസിക്കുന്ന തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തീരപ്രദേശത്തുനിന്നും അധികം ദൂരത്തല്ലാതെയും അവരുടെ ഉപജീപനത്തൊഴിലിന് തടസ്സമുണ്ടാകാതെയും മാറ്റിപാര്‍പ്പിക്കാനുള്ള കൃത്യമായി പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ഫിഷറീസ് വകുപ്പ് ഇതിനായി തയ്യാറാക്കിയിരിക്കുന്ന പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം. മത്സ്യത്തൊഴിലാളികളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ആശയവിനിമയങ്ങള്‍ക്കും ശേഷം തൊഴിലിടങ്ങളിലേക്കുള്ള യാത്രക്കും മറ്റുമുള്ള ക്രമീകരണങ്ങള്‍ക്കും ശേഷമാവണം ഇത് നടപ്പിലാക്കേണ്ടത്. തിരുവനന്തപുരത്ത് മുട്ടത്തറയില്‍ നടപ്പിലാക്കിയ പദ്ധതിയിലെ നേട്ടവും കോട്ടവും സോഷ്യല്‍ ആഡിറ്റിങ്ങിനു വിധേയമാക്കി മറ്റു പദ്ധതികള്‍ ഏറ്റെടുക്കേണ്ടതാണ്.
  6. തീരശോഷണം വ്യാപകമാകാന്‍ സാധ്യതയുള്ള മേഖലകളില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ പുതുതായി വീടുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കാന്‍ പാടുള്ളൂ.
  7. കടല്‍ഭിത്തി നിര്‍മാണം ആണ് കേരളത്തില്‍ ബാക്കിനില്‍ക്കുന്ന ആരോഗ്യമുള്ള തീരങ്ങളിലും തീരശോഷണം രൂക്ഷമാക്കിയിരിക്കുന്നത്. അതിനാല്‍ പ്രകൃതിദത്ത പരിഹാരമാര്‍ഗങ്ങള്‍ തീരദേശശോഷണം മിതമായതും ഇല്ലാത്തതുമായ കേരളതീരത്തിന്റെ മൂന്നില്‍ ഒന്ന് ഭാഗത്ത് അടിയന്തിരമായി നടപ്പിലാക്കണം. മണല്‍ തിട്ടകള്‍ (sand dunes) കണ്ടല്‍ക്കാടുകള്‍, തദ്ദേശീയ തീരസസ്യങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത കവചങ്ങളിലൂടെ കടല്‍ത്തീരങ്ങള്‍ പുനസ്ഥാപിക്കുന്നതും കടല്‍ത്തീരത്തെ സംരക്ഷിക്കുന്നതും നൈസര്‍ഗികപ്രതിരോധ സംവിധാനങ്ങള്‍ ആണ്. “ജീവനുള്ള തീരം” (living shoreline) എന്ന ആശയത്തിന് ലോകമെമ്പാടും പ്രചാരം വര്‍ധിക്കുകയാണ്. സസ്യങ്ങള്‍, മണല്‍ അല്ലെങ്കില്‍ പാറ പോലുള്ള പ്രകൃതിദത്ത വസ്തുക്കളാല്‍ നിര്‍മ്മിച്ച ഒരു സംരക്ഷിത സ്ഥിരതയുള്ള തീരപ്രദേശമാണ് “ജീവനുള്ള തീരം”. സസ്യങ്ങളുടെയും ജന്തുക്കളുടെയും വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന കോണ്‍ക്രീറ്റ് കടല്‍ത്തീരമോ മറ്റു കഠിന ഘടനയോ പോലെയല്ലാതെ ജീവിച്ചിരിക്കുന്ന തീരങ്ങള്‍ കാലക്രമേണ വളരുന്നു. പതിനഞ്ച് അടി ചതുപ്പിന് തിരമാലയുടെ ഊര്‍ജം 50 ശതമാനം വരെ ആഗിരണം ചെയ്യാന്‍ കഴിയുമെന്നും, 330 അടി കണ്ടല്‍ മരങ്ങള്‍ക്ക് തിരമാലയുടെ ഊര്‍ജം 66 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം പ്രദേശങ്ങളില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കാനും ഏകോപിപ്പിക്കാനും പ്രാദേശിക സമൂഹങ്ങളുടെ സഹായം ചേര്‍ത്തുള്ള സംവിധാനങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ വഴി നടപ്പിലാക്കപ്പെടണം.

പ്രകൃതിദത്ത പരിഹാരമാര്‍ഗങ്ങള്‍

  1. തിരശോഷണം കുറഞ്ഞതും സാധ്യതയുള്ളതുമായ മേഖലകളിലും തിരശോഷണവിമുക്ത മേഖലകളിലും പ്രകൃതിദത്ത പരിഹാരങ്ങള്‍ തന്നെ നടപ്പിലാക്കണം, കരിങ്കല്‍ മാത്രമുള്ള കടല്‍ഭിത്തിക്ക് ഒരു കിലോമീറ്ററിന് നാലുകോടി രൂപയാണ് ചിലവ്. മറ്റു കവചങ്ങള്‍കൂടി ചേര്‍ന്ന കടല്‍ഭിത്തിക്ക് പത്തിരട്ടിയെങ്കിലും ചെലവ് പ്രതീക്ഷിക്കാം. കോവിഡാനന്തര സാമ്പത്തിക ക്രമത്തില്‍ സര്‍ക്കാര്‍ തീര്‍ച്ചയായും ബദല്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍ ചെലവുകുറഞ്ഞ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തീരദേശസമൂഹങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാനുള്ള ആര്‍ജവം അനിവാര്യമാണ്.

ദീര്‍ഘകാല കര്‍മപദ്ധതികള്‍

  • തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളുടെ സഹായത്തോടെ, പ്രാദേശിക സമൂഹങ്ങളുടെയും ശാസ്ത്രസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ കേരളതീരത്തിന്റെ തീരശോഷണ രേഖാചിത്രങ്ങള്‍ തയാറാക്കണം. തീരദേശസംരക്ഷണം തദ്ദേശസ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം വേണ്ട, അവരുടെ കൂടി ഉത്തരവാദിത്തമുള്ള പ്രവര്‍ത്തനം ആവുകയും പങ്കാളിത്ത തീരസംരക്ഷണപ്ലാനുകള്‍ പ്രാദേശികപരിസ്ഥിതി വിഭവലഭ്യത, ശോഷണത്തിന്റെ തോത് കാലാവസ്ഥാ ഭീഷണി, ജനസാന്ദ്രത, തീരദേശത്തിന്റെ പാരിസ്ഥിതിക സേവനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെടുകയും വേണം.
  • സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജ്ഞാന സമൂഹം എന്ന ആശയം പ്രായോഗിക തലത്തില്‍ എത്തിക്കാനുള്ള ഒരു സംരംഭമായി ജനകീയാസൂത്രണ പരിപാടിയുടെ തന്നെ ഭാഗമായി സമഗ്രമായ കടല്‍ത്തീര സംരക്ഷണ നയം രൂപീകരിക്കണം.
  • തീരപ്രദേശങ്ങളുടെ തീരസംരക്ഷണ പാരിസ്ഥിതിക സവിശേഷതകള്‍ക്ക് അനുസരിച്ച മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് പങ്കാളിത്ത ഗവേഷണ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക. നാടിന് സത്വരം ആവശ്യമുള്ള പ്രോജക്റ്റുകള്‍ നടപ്പിലാക്കാന്‍ വൈദഗ്ധ്യമുള്ള പ്രാദേശിക മാനവിഭവശേഷി പൂര്‍ണമായും പ്രയോജനപ്പെടുത്തുകയും സംസ്ഥാനത്തിന്റെ
    മുന്‍ഗണനാടിസ്ഥാനത്തിലുള്ളതും സമൂഹനന്മയ്ക്ക് ഉതകുന്നതുമായ ഗവേഷണപദ്ധതികള്‍ കൃത്യമായി ഗവേഷണകേന്ദ്രങ്ങള്‍ക്ക് ഏല്പിച്ചുനല്‍കുകയും വേണം.
  • വില്ലേജ് തലത്തിലുള്ള മറൈന്‍ സ്‌പെഷ്യല്‍ പ്ലാനിംഗ് വഴി തീരദേശപരിപാലന പദ്ധതി നടപ്പിലാക്കുകയും, നിലവിലെ മത്സ്യത്തൊഴിലാളികളെ ഇക്കോസിസ്റ്റം പീപ്പിള്‍ ആയി കണ്ടുകൊണ്ട് അവരുടെ വാസസ്ഥലങ്ങള്‍ തീരശോഷണത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. ഇത്തരം പ്രദേശങ്ങളെ മറ്റ് വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കണം.
  • രാജ്യത്ത് തിരപരിപാലനത്തിന് സംയോജിതീരദേശ പരിപാലന പദ്ധതിയാണ് (Integrated Coastal Zone Muragement) ഇപ്പോള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസ്തുത പദ്ധതിയുടെ ഭാഗമായി പ്രാദേശികാടിസ്ഥാനത്തിനു പങ്കാളിത്ത തീരസംരക്ഷണ പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ജില്ലാതലത്തീരദേശ പരിപാലന സമിതികള്‍ ഇതിന് ചുക്കാന്‍ പിടിക്കുകയും വേണം. നിലവില്‍കേന്ദ്ര / സംസ്ഥാന തീരദേശ അതോറിറ്റികള്‍ തീരദേശനിര്‍മാണപ്രവര്‍ത്തങ്ങള്‍ക്ക് അനുമതി നല്‍കുന്ന ധര്‍മം മാത്രമാണ് നിറവേറ്റുന്നത്. എന്നാല്‍ തീരനിയമത്തിലെ ഉദ്ദേശലക്ഷ്യങ്ങളില്‍ തീരദേശ പരിപാലനവും സംരക്ഷണവും ഉള്‍പ്പെടുന്നുണ്ട് എന്നതിനാല്‍ തീരസംരക്ഷണ പദ്ധതികളിലും കൂടി സമിതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കണം.
  • തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയാത്തത് വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലായ്മ കൊണ്ടാണ്. അതിനാല്‍ തന്നെ തീരസംരക്ഷണം നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഏകോപന സമിതി നിലവില്‍ വരണം.
  • കില പോലുള്ള സ്ഥാപനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റി, ദേശീയൗമശാസ്ത്രപഠനകേന്ദ്രം, കേരള വന ഗവേഷണ കേന്ദ്രം (KFRI), കേരള ജലവിഭവ വികസന കേന്ദ്രം (CWRDM), സര്‍വ്വകലാശാലകള്‍, തുടങ്ങിയ സ്ഥാപനങ്ങളെയും ജിയോളജിസ്റ്റുകള്‍, സമുദ്രശാസ്ത്രജ്ഞര്‍, പരിസ്ഥിതി ശാസ്ത്രജ്ഞര്‍, തുടങ്ങിയ വിദഗ്ധരെ ഉള്‍പ്പെടുത്തി പരിശീലന ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കാം. സന്നദ്ധസംഘടനകള്‍, ഗ്രീന്‍ ആര്‍മി ജൈവവൈവിധ്യ പരിപാലന സമിതികള്‍, പൗരശാസ്ത്രജ്ഞര്‍ തുടങ്ങിയവയുടെ സേവനം അതുപോലെ തന്നെ തീരസംരക്ഷണപ്ലാനുകള്‍ തയാറാക്കാന്‍ പ്രാദേശിക പ്രയോജനപ്പെടുത്താം. മത്സ്യബന്ധനസമൂഹങ്ങളുടെയും തീരസമൂഹങ്ങളുടെയും സമ്പന്നമായ പരമ്പരാഗത അറിവില്‍ നിന്ന് സൂചനകള്‍ എടുത്ത് തീരസംരക്ഷണ ശ്രമങ്ങള്‍ ശക്തിപ്പെടുത്തണം.
  • തീരദേശപരിപാലനനിയമത്തിന്റെ ലംഘനം നിരീക്ഷിക്കുന്നതിനും നിയമം നടപ്പാക്കുന്നതിന്റെ പുരോഗതി ഉറപ്പുവരുത്തുന്നതിനും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുടെയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ എല്ലാ തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഒരു കോസ്റ്റല്‍ സോണ്‍ മോണിറ്ററിംഗ് നെറ്റ്വര്‍ക്ക് സ്ഥാപിക്കണം.
  • തീരദേശ, സമുദ്ര ആവാസ വ്യവസ്ഥാടെ പരിസ്ഥിതി സേവനങ്ങള്‍ സംയോജിത ഗവേഷണത്തിലൂടെ പ്രത്യേകമായി വിശലനം മാനേജ്‌മെന്റിന്റെ ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍ദേശിക്കുകയും വേണം. കൂടാതെ സംയോജിത തീരമേഖല മാനേജ്‌മെന്റ് പദ്ധതികള്‍ തയ്യാറാക്കുകയും നടപ്പാക്കുകയും വേണം.
  • തന്ത്രപരമായി പ്രധാനപ്പെട്ട കരിമണല്‍ ഖനനം നിയന്ത്രിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവിഷ്‌കരിക്കുകയും ഖനനം പൊതുമേഖലയില്‍ മാത്രമായി പരിമിതപ്പെടുകയും വേണം. മഡ്ഫ്‌ലാറ്റുകള്‍, തീരപ്രദേശത്തെ തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, മണല്‍ത്തീരങ്ങള്‍ എന്നിവയെ പരിസ്ഥിതിലോല പ്രദേശങ്ങളായി പരിഗണിക്കുകയും എല്ലാ പൈതൃക സ്ഥലങ്ങളെയും റിസര്‍വ് വനങ്ങളെയും CRZ മേഖല ആയി തരംതിരിക്കണം.
  • തുറമുഖങ്ങളില്‍ നിശ്ചിതസമയങ്ങളില്‍ ആഴംകൂട്ടല്‍ ആവശ്യം തന്നെയാണ്. എന്നാല്‍ ഈ പ്രക്രിയയില്‍ നിന്ന് ലഭിക്കുന്ന മണ്ണും ചെളിയും തുറമുഖത്തോടു ചേര്‍ന്ന പ്രദേശങ്ങള്‍ നികത്താന്‍ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. തുറമുഖകവാടങ്ങളിലെ നിരേറ്റത്തിന് തടസം ഉണ്ടാകുമെന്നതിലാണിത്. കൂടാതെ, മോഡലിംഗ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി ആഘാതപഠനത്തിനുശേഷം മാത്രമേ ഡ്രഡ്ജ് ചെയ്‌തെടുത്ത വസ്തുക്കള്‍ എവിടെ നിക്ഷേപിക്കണം എന്ന് തീരുമാനിക്കാവൂ.
  • നിയന്ത്രിത മേഖലകളില്‍ മണല്‍ ജനനം നിരോധിക്കണം. നിരോധനം നടപ്പാക്കുന്നതിന് ഫലപ്രദമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ സജ്ജീകരിക്കേണ്ടതുണ്ട്.
  • കേരള തീരത്ത് കടലാമകള്‍ മുട്ടയിടാനെത്തുന്ന തീരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കടലാമഹാച്ചറികള്‍ക്ക് എല്ലാം വനം വന്യജീവി വകുപ്പ് സാമ്പത്തികസഹായം ഉറപ്പുവരുത്തണം.
  • വിശമായ പഠനങ്ങള്‍ക്കും പ്രാദേശിക സമൂഹങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷം മാത്രം പുതിയ തുറമുഖങ്ങള്‍ അനുവദിക്കുക. നിലവിലുള്ളവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് മാതൃകാ കേന്ദ്രങ്ങള്‍ ആക്കുകയും വേണം.
  • കാലാവസ്ഥാ വ്യതിയാനം വിവിധ തീരദേശപരിസ്ഥിതി വ്യവസ്ഥകളിലുണ്ടാക്കുന്ന ആഘാതം വിലയിരുത്തുന്നതിനും പ്രവചിക്കുന്നതിനും പ്രാദേശികതല പഠനങ്ങളിലൂടെ വിജ്ഞാന അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡിജിറ്റല്‍ എലവേഷന്‍ മോഡല്‍ ഉപയോഗിച്ച് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകാനിടയുള്ള പ്രദേശങ്ങളെ തിട്ടപ്പെടുത്താം. ഇതിനൊപ്പം തീരപ്രദേശത്തെ വെള്ളപ്പൊക്ക ഭൂപടനിര്‍മാണം, വെള്ളപ്പൊക്ക പ്രവചനം. ഇതിനുവേണ്ട ചട്ടക്കൂട് വികസിപ്പിക്കല്‍, കാലാവസ്ഥാ വ്യതിയാന പ്രൊജക്ഷന്‍ മോഡലിംഗ് എന്നിവ ആവശ്യമാണ്.
  • കൂടുതല്‍ മെച്ചപ്പെട്ട മെച്ചപ്പെട്ട പരിപാലനരീതികള്‍ രൂപീകരിക്കുന്നതിന് ആദ്യപടിയായി പ്രവചനമാതൃകകള്‍ വഴിയുള്ള പഠനങ്ങള്‍ ആരംഭിക്കണം. വിശദ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തിരസമൂഹത്തിനുള്ള കാലാവസ്ഥ അനുകൂലന സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തണം.
  • കടല്‍കയറ്റത്തെ അതിജീവിക്കുന്ന ഭവനനിര്‍മ്മാണരീതികള്‍ തീരദേശത്ത് എത്രകണ്ട് പ്രയോഗികമാണെന്ന് വിലയിരുത്തപ്പെടണം, ഇത്തരത്തിലുള്ള പഠനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക. സ്ഥിരമായി കടല്‍കയറ്റമുള്ള മേഖലകളില്‍ വിവിധോദ്ദേശ്യ വെള്ളപ്പൊക്ക അഭയകേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികളും അനുരൂപീകരണത്തിന് അനിവാര്യമാണ്.
  • കാലാവസ്ഥാ വ്യതിയാന സാധ്യത. സംസ്ഥാനത്തിന്റെ ദുരന്തനിവാരണനയത്തില്‍ സമന്വയിപ്പിക്കുന്നതിലൂടെ മാത്രമേ മാറുന്ന കാലാവസ്ഥയില്‍ ഇണങ്ങി ജീവിക്കാനുള്ള സാധ്യതകള്‍ നടപ്പില്‍ വരുത്താനാകൂ. കാലാവസ്ഥാമാറ്റം തീരദേശങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാന്‍ സഹായകമാവുന്ന മാര്‍ഗങ്ങള്‍ നടപ്പിലാക്കാനും പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി തദ്ദേശസമൂഹങ്ങളുമായി ചര്‍ച്ചചെയ്ത് പ്രാട്ടോക്കോള്‍ തയ്യാറാക്കുകയും വേണം.
  • ഇത്തരം പ്രദേശങ്ങളില്‍ ഭാവിയില്‍ ലഭ്യമാകാനിടയുള്ള ക്ലൈമറ്റ് അഡാപ്‌റ്റേഷന്‍ ഫണ്ട് അടക്കമുള്ള സഹായങ്ങള്‍ സ്വീകരിച്ച് ജൈവപ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം. കണ്ടല്‍ക്കാടുകള്‍ക്ക് പുറമേ, വാണിജ്യപ്രാധാന്യമുള്ള സസ്യങ്ങളായ പുന്ന, നോനി എന്നിവയും ഉള്‍പ്പെടുന്ന ഹരിത് തീരദേശത്ത് കാര്‍ബണ്‍ പ്രതിരോധത്തിന്റെ ഇഗമായി പ്രോത്സാഹിപ്പിക്കാം. സംരക്ഷണ-പ്രതിരോധ പ്രവര്‍ത്തങ്ങള്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധിപ്പിക്കാം. അഴിമുഖങ്ങളോട് ഭാഗങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കുകയും സര്‍ക്കാര്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയില്‍ തീരദേശത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും വേണം.

ഉപസംഹാരം

ഭാവിതലമുറയുടെ സുസ്ഥിരമായ ഭാവി ലക്ഷ്യം വച്ച് ഐക്യരാഷ്ട്രസഭ 2030-ല്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ ഉദ്ദേശിച്ച് മുന്നോട്ടുവച്ചിട്ടുള്ള സുസ്ഥിരവികസനലക്ഷ്യങ്ങള്‍ക്ക് മൂന്നു കാതലായ ഘടകങ്ങളാണ് ഉള്ളത്. ഒന്ന്, സാമ്പത്തിക വികസനം, രണ്ട്, സാമൂഹികമായ പങ്കാളിത്തവും ഇടപെടലുകളും, മൂന്ന്, പരിസ്ഥിതി സംരക്ഷണം. ഇതില്‍ വികസന ലക്ഷ്യങ്ങള്‍ 1. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, 2 (വിശപ്പില്ലാത്തവ), 13 (കാലാവസ്ഥാ പ്രവര്‍ത്തനം), 14 ജലത്തിന് താഴെയുള്ള ജീവിതം) എന്നിവയെ സമുദ്ര തീരദേശ ആവാസവ്യവസ്ഥകളുമായി നേരിട്ട് ബന്ധപ്പെടുത്താം. ഇതുകൂടാതെ സാമ്പത്തികസുരക്ഷയ്ക്ക് സമുദ്രങ്ങളുടെ സാധ്യതകള്‍ പ്രധാനമായും ഫിഷറീസ്, ചരക്ക് ഗതാഗതം, ജലകൃഷി ഊര്‍ജം, വിനോദസഞ്ചാരം, ജൈവസാങ്കേതികവിദ്യക്കുവേണ്ട ഉത്പന്നങ്ങള്‍, മൂലകങ്ങള്‍ ഖനിജങ്ങള്‍ മുന്നില്‍ കണ്ട് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ നീലസമ്പദ്വ്യവസ്ഥ (Blue Economy) പരിപോഷിപ്പിക്കാനുള്ള ബൃഹത്പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ ഊര്‍ജം പകരാന്‍ വേണ്ട ധൈഷണിക പശ്ചാത്തലം ക്കാനും സമുദ്രരോഗ്യം വീണ്ടെടുക്കാനും, സമുദ്രശാസ്ത്രത്തിന്റെ പരിപ്രേഷ്യത്തില്‍ സമുദ്രത്തിന്റെ സുസ്ഥിരവികസനത്തിനുള്ള മെച്ചപ്പെട്ട വ്യവസ്ഥകള്‍ വികസിപ്പിച്ചെടുക്കാന്‍ രാജ്യങ്ങ ലോബോട്ടമുള്ള സമുദ്രഗുണഭോക്താക്കളെ പൊതുവായ സഹായിക്കാന്‍ കൊണ്ടുവരുവാനും ഉദ്ദേശിച്ച് എൊസ ഘടന സമുദ്രശാസ്ത്രം സുസ്ഥിരവികസനത്തിന് എന്ന ദശകം (Decade of Ocean Science for Sustainable Development) (2021-2030) പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. കൂടാതെ ഇ കാലയളവ് പാരിസ്ഥികനാം സംഭവിച്ച ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനത്തിനു മകമായും ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ തന്നെ തീരദേശ-സമുദ്ര ആവാസവ്യവസ്ഥകളുടെ പ്രധാന്യം ബോദ്ധ്യപ്പെടുകയും, മനുഷ്യനിര്‍മ്മിതികളും കാലാവസ്ഥാമാറ്റവും തീരദേശപരിസ്ഥിതിയിലും ജനജീവിതത്തിലും സൃഷ്ടിക്കാനിടയുള്ള പ്രതികൂലമാറ്റങ്ങളും കണ്ടറിഞ്ഞ് ഇടപെടുകയും ചെയ്യേണ്ടത് ഏതു പുരോഗനസമൂഹത്തിന്റെയും ഭരണവ്യവസ്ഥയുടെയും ഉത്തരവാദിത്വവും കൂടിയാണ്.

തയ്യാറാക്കിയത്.

ഡോ ബിജു കുമാര്‍ എ.
(പ്രൊഫസര്‍ & ഹെഡ്, അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ്, കേരള സര്‍വകലാശാല, തിരുവനന്തപുരം-695581)

ഡോ കെ.വി. തോമസ്
(ചീഫ് സയന്റിസ്റ്റ് & ഹെഡ് (റിട്ട.), (തിരപഠന വിഭാഗം), നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ്, തിരുവനന്തപുരം)

ഡോ അജയകുമാര്‍ വര്‍മ്മ,
(ചീഫ് സയന്റിസ്റ്റ് & ഹെഡ് (റിട്ട.) (നാച്ചുറല്‍ റിസോഴ്‌സസ് & എന്‍വിറോണ്മെന്റല്‍ മാനേജ്‌മെന്റ് ), നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ്, തിരുവനന്തപുരം)

ഡോ ടി.വി. സജീവ്,
(സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്, കേരള വനഗവേഷണ കേന്ദ്രം, പീച്ചി, തൃശ്ശൂര്‍ ഡോ. ഷാജി ഇ., അസോസിയേറ്റ് പ്രൊഫസര്‍ & ഹെഡ്, ജിയോളജി വകുപ്പ്, കേരള സര്‍വകലാശാല, തിരുവനന്തപുരം-695581)