ട്വിറ്ററില്‍ ഇനി കഞ്ചാവ് പുകയും; ഈ നീക്കം നടത്തുന്ന ആദ്യ സോഷ്യല്‍ മീഡിയ

കഞ്ചാവ് ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്വിറ്റര്‍. യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ഇനി മുതല്‍ ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാം. ഇതോടെ കഞ്ചാവിന് പരസ്യാനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയയായി ട്വിറ്റര്‍ മാറി.

ലൈസന്‍സുള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. എന്നാല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നം വിതരണം നടത്താന്‍ അനുമതിയുള്ള പ്രദേശത്ത് മാത്രമേ പരസ്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കൂ. മാത്രവുമല്ല ഈ പരസ്യങ്ങള്‍ 21 വയസില്‍ താഴെയുള്ളവരെ ലക്ഷ്യമിടാനും പാടില്ല.

നേരത്തെ കഞ്ചാവില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന വിവിധ ആവശ്യങ്ങള്‍ക്കുള്ള ബാം, ലോഷന്‍ പോലുള്ള ക്രീമുകളുടെ പരസ്യങ്ങള്‍ ട്വിറ്റര്‍ അനുവദിച്ചിരുന്നു.

Read more

അതേസമയം, മറ്റ് പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് എന്നിവ ‘കഞ്ചാവ് പരസ്യം’ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന നയം തുടരുകയാണ്.