'ജീസസ് ക്രൈസ്റ്റ്' ട്വിറ്ററില്‍ വെരിഫൈഡായി!; നീല ടിക്ക് ബാഡ്ജിന് ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞ് 'ദൈവം'

യേശുക്രിസ്തുവിന്റെ പേരില്‍ തുടങ്ങിയ അക്കൗണ്ടിന് വെരിഫൈഡ് ബാഡ്ജ് നല്‍കി ട്വിറ്റര്‍. ഇലോണ്‍ മസ്‌കിനും ടീമിനും സംഭവിച്ച ആദ്യ അബദ്ധമെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. ‘ജീസസ് ക്രൈസ്റ്റ്’ എന്ന പ്രൊഫൈലിനാണ് നീല ടിക്ക് ലഭിച്ചിരിക്കുന്നത്. ഈ പ്രൊഫൈലിന് ഏഴ് ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് ഉള്ളത്. ജീസസ് ക്രൈസ്റ്റിന്റെ വെരിഫൈഡ് അക്കൗണ്ട് ഇടുന്ന ട്വീറ്റുകള്‍ക്ക് ആയിരക്കണക്കിന് ആളുകളാണ് റീട്വീറ്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് വെരിഫൈഡ് ബാഡ്ജ് നല്‍കിയതിന് ‘ജീസസ് ക്രൈസ്റ്റ്’ എന്ന അകൗണ്ട് ട്വിറ്ററിന് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ട്വിറ്ററിന്റെ പുതിയ ഉടമയായ ഇലോണ്‍ മസ്‌ക് മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമില്‍ ദിവസേനയെന്നോണം പുത്തന്‍ മാറ്റങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും വിവാദമായ മാറ്റം ‘വെരിഫൈഡ് അക്കൗണ്ടുകളു’മായി ബന്ധപ്പെട്ടുള്ളതാണ്. അത്തരം അക്കൗണ്ടുകള്‍ക്ക് നല്‍കിവന്നിരുന്ന ‘ബ്ലൂ ടിക്’ വെരിഫിക്കേഷന് ഇനിമുതല്‍ 7.99 ഡോളര്‍ ഈടാക്കുമെന്ന് മസ്‌ക് അറിയിച്ചിരുന്നു.

ട്വിറ്റര്‍ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം മസ്‌ക് വ്യക്തമാക്കിയിരുന്നു. മസ്‌ക് ട്വിറ്റര്‍ വാങ്ങി ആഴ്ചകള്‍ക്കകമാണ് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യാഴാഴ്ച ട്വിറ്ററിലെ മുഴുവന്‍ ജീവനക്കാരുമായും മസ്‌ക് ആദ്യമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അടുത്ത വര്‍ഷത്തേക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നും അറിയിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവെച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി അദ്ദേഹം അറിയിച്ചു. മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ ട്വിറ്ററില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. അതിനു പുറമെ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ലിയ കിസ്നര്‍, മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളായ യോയെല്‍ റോത്ത്, റോബിന്‍ വീലര്‍, ചീഫ് പ്രൈവസി ഓഫിസര്‍ ഡാമിയന്‍ കീറന്‍, ചീഫ് കംപ്ലയന്‍സ് ഓഫിസര്‍ മരിയാനെ ഫൊഗാര്‍ട്ടി തുടങ്ങിയവരുടെ രാജി പ്രതിസന്ധി രൂക്ഷമാക്കി.

കമ്പനിയിലെ ജീവനക്കാരെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നേരത്തെ തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു. 75 ശതമാനം ആളുകളെ വെട്ടി കുറച്ചാല്‍ ചെലവ് കുറയുന്നതിനോടൊപ്പം ലാഭക്ഷമത ഉയരുമെന്നും ഇത് കൂടുതല്‍ നിക്ഷേപകരെ കമ്പനിയിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌ക് പണിതുടങ്ങിയിരിക്കുന്നത്.