ടെക്‌നോളജി 2017: ഈ വര്‍ഷത്തെ ഏറ്റവും മോശം സ്മാര്‍ട്ട്‌ഫോണുകള്‍

ടെക്‌നോളജി ലോകത്ത് ഐഫോണ്‍ പത്ത് ഉള്‍പ്പെടെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തുകയും ഉപഭോക്തൃപ്രീതി പിടിച്ചുപറ്റുകയും ചെയ്ത വര്‍ഷമാണ് കടന്നുപോകുന്നത്. മികച്ച ഫോണുകള്‍ക്കൊപ്പം ‘ചവറുകള്‍’ എന്ന് വിളിക്കാവുന്ന ഫോണുകളും ഈ വര്‍ഷം എത്തി. അത്തരത്തില്‍ ടെക്ക് രംഗത്തെ വിദഗ്ധാഭിപ്രായത്തിലുള്ള മോശം അഞ്ച് ഫോണുകള്‍.

പിക്‌സല്‍ 2 എക്‌സ്എല്‍

ഫോണ്‍ സ്‌പെസിഫിക്കേഷന്‍സിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും ഈ ഫോണിന് നേരിട്ട തിരിച്ചടികള്‍ നിരവധിയായിരുന്നു. ഗൂഗിള്‍ പിക്‌സല്‍ പ്രോഗ്രാമിന്റെ പോരായ്മകള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി വെളിവാക്കുന്ന ഫോണായിരുന്നു ഇത്. ഫോണിന്റെ ഡിസ്‌പ്ലേയ്്ക് തന്നെ പരിമിതികള്‍ ഏറെയുണ്ടായിരുന്നു. ഫോണ്‍ റിവ്യുവേഴ്‌സ് ഈ ഫോണ്‍ മേടിക്കരുത് എന്ന് തുറന്നെഴുതിയപ്പോള്‍ ഉപയോഗിച്ചവര്‍ പറഞ്ഞത് സ്‌ക്രീന്‍ കത്തിപോയ സംഭവങ്ങള്‍ വരെ ഉണ്ടായി എന്നാണ്. ഡിസ്‌പ്ലേയുടെ കളറിംഗിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി ഗൂഗിള്‍ സോഫ്റ്റുവെയര്‍ അപ്‌ഡേറ്റ് ഇറക്കിയെങ്കിലും ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന പാനലിന്റെ നിലവാരക്കുറവ് കമ്പനിക്ക് തിരിച്ചടിയായി.

ഐഫോണ്‍ 8

വലിയ ഹൈപ്പോടെയാണ് ആപ്പിള്‍ ഐഫോണ്‍ എട്ട് പുറത്തിറക്കിയത്. പക്ഷെ, പ്രതീക്ഷിച്ച ഇംപാക്റ്റ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കാന്‍ ഫോണിന് സാധിച്ചില്ല. ഐഫോണ്‍ സെവനില്‍നിന്ന് 8 നെ വ്യത്യസ്തമാക്കാന്‍ ആപ്പിളിന് സാധിച്ചില്ല എന്നിടത്താണ് ഫോണ്‍ പരാജയപ്പെട്ടത്. തന്നെയുമല്ല ഐഫോണ്‍ പത്ത് പുറത്തിറങ്ങുന്നു എന്ന വാര്‍ത്തകളും എട്ടു വാങ്ങുന്നതില്‍നിന്ന് ആളുകളെ പിന്‍തിരിപ്പിച്ചു. എട്ടിന്റെ പോരായ്മകള്‍ മനസ്സിലായിട്ട് ആകണം ആപ്പിളില്‍നിന്ന് പോലും കാര്യമായ പ്രമോഷന്‍ ഈ ഫോണിന് ലഭിച്ചില്ല.

എച്ച്ടിസി യു അള്‍ട്രാ

ഡിസൈനുകളുടെ കാര്യത്തില്‍ എച്ച്ടിസി ഫോണുകള്‍ക്ക് എന്നും അവരുടേതായ സ്ഥാനമുണ്ട്. ഗുണമേന്മയുള്ളതാണ് എച്ച്ടിസി ഡിസൈനുകള്‍. അള്‍ട്രയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല. ലുക്ക് അല്ലാതെ മറ്റൊന്നും ഈ ഫോണില്ല എന്നതാണ് ദുഖകരമായ സത്യം. വിലയ്‌ക്കൊത്ത സ്‌പെക് ഇല്ലാത്തത് എച്ച്ടിസി വാങ്ങിയവര്‍ക്ക് കടുത്ത നിരാശയുണ്ടാക്കി. വാട്ടര്‍ റെസിസ്റ്റന്‍സ്, കട്ടിയുള്ള ഗ്ലാസ്, ഹെഡ്‌ഫോണ്‍ ജാക്ക് തുടങ്ങിയ ഫീച്ചറുകള്‍ ഇല്ലാത്തത് ഫോണിന് ചീത്തപ്പേരുണ്ടാക്കി. 59,000 രൂപയ്ക്ക് മുകളില്‍ വില ഈടാക്കുന്ന ഈ ഫോണ്‍ അഴിയാചരക്കായി മാറി.

നോക്കിയാ 2

എച്ച്എംഡി ഗ്ലോബല്‍ ലീഡര്‍ഷിപ്പിന് കീഴില്‍ നോക്കിയക്ക് ഇതൊരു മികച്ച വര്‍ഷമായിരുന്നു. നോക്കിയ കമ്പനി നോക്കിയ എട്ടിലൂടെ വന്‍തിരിച്ചുവരവ് നടത്തിയ വര്‍ഷം കൂടിയാണിത്. സ്‌പെക്‌സിലും ഉപയോക്താക്കളുടെ റിവ്യുവിലും ഫോണിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. വിന്നര്‍ ഓഫ് ദ് ഇയര്‍ നോക്കിയാ 8 ആയിരുന്നെങ്കില്‍ ഡിസപ്പോയിന്‍മെന്റ് ഓഫ് ദ് ഇയറായിരുന്നു നോക്കിയാ 2. ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ റെഡ്മി 5എ പോലുള്ള എതിരാളികള്‍ക്ക് മുന്നില്‍ നോക്കിയാ 2 വിന് പകച്ചുനില്‍ക്കാന്‍ മാത്രമെ സാധിച്ചുള്ളു.

എല്‍ജി ജി6

ഈ വര്‍ഷം തുടക്കത്തിലാണ് എല്‍ജി ജി6 അവതരിപ്പിച്ചത്. 5.7 ഇഞ്ച് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ ആയിരുന്നു ഫോണിന്. 14എന്‍എം ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 821 എസ്ഒസി എന്ന ഔഡ്‌ഡേറ്റഡ് ടെക്‌നോളജി ഫോണിന് തിരിച്ചടിയായി. എന്നാല്‍, പ്രധാന പ്രശ്‌നം ഇതായിരുന്നില്ല. 50000 രൂപയ്ക്ക് മുകളിലായിരുന്നു ഫോണിന്റെ വിലയെങ്കിലും ബഗ്ഗുകളുടെ ഘോഷയാത്രയായിരുന്നു ഫോണില്‍. ആപ്പുകള്‍ നിരന്തരമായി ക്രാഷ് ആയതും ഫോണ്‍ സ്ലോ ആയതും ആളുകളില്‍ പ്രിയം കുറച്ചു.

DailyO