അറസ്റ്റ് വാറന്റും ലക്ഷങ്ങളുടെ പിഴയും ഒഴിവാക്കി; വെള്ളാപ്പള്ളി നടേശനെതിരായ ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കി; പരാതിക്കാരനെ എടുത്ത് കുടഞ്ഞ് ഹൈക്കോടതി

കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രിബ്യൂണലിനെതിരെയുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിയമ പേരാട്ടം വിജയിച്ചു. വെള്ളാപ്പള്ളിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റും പ്രോസിക്യൂഷന്‍ നടപടികളും ഹൈക്കോടതി റദ്ദാക്കി. അഞ്ചുലക്ഷം രൂപ പിഴയും ഒഴിവാക്കി.

സസ്‌പെന്‍ഷനിലുള്ള അധ്യാപകനെ തിരിച്ചെടുക്കാനുള്ള ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് വര്‍ക്കല നെടുങ്കണ്ട എസ്എന്‍ ട്രെയിനിങ് കോളേജ് മാനേജര്‍കൂടിയായ വെള്ളാപ്പള്ളിക്കെതിരെ ട്രിബ്യൂണല്‍ നടപടി എടുത്തിരുന്നത്. എല്ലാ ആനുകൂല്യങ്ങളോടെയും മൂന്നു മാസത്തിനകം സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അസോസിയറ്റ് പ്രൊഫസര്‍ ഡോ. പ്രവീണായിരുന്നു പരാതിക്കാരന്‍. അച്ചടക്കലംഘനത്തിന് പ്രവീണിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെ, ചാര്‍ജ് മെമ്മോയും സസ്പെന്‍ഷനും റദ്ദാക്കി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട ട്രിബ്യൂണല്‍ നടപടി അസാധുവാണെന്ന് ജസ്റ്റിസ് വി എം ശ്യാംകുമാര്‍ ഉത്തരവിട്ടത്.

Read more

കോളേജ് സ്ഥിതിചെയ്യുന്ന മേഖലയുടെ അധികാരമുള്ള സബ് കോടതിയാണ് ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കേണ്ടതും. ഇതൊന്നും പരിഗണിക്കാതെയാണ് കോളേജ് മാനേജര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ട്രിബ്യൂണല്‍ മുതിര്‍ന്നതെന്നും കോടതി വ്യക്തമാക്കി.