ഉ​പ​യോ​ക്താ​ക്ക​ളുടെ വി​വ​ര​ങ്ങ​ൾ ചോ​ർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വൺ പ്ലസ്

ഉ​പ​യോ​ക്താ​ക്ക​ളുടെ ക്രെഡിറ്റ് കാർഡ് വി​വ​ര​ങ്ങ​ൾ ചോ​ർന്നിട്ടുള്ളതായി സ്ഥിരീകരിച്ച് ചൈ​നീ​സ് സ്മാ​ർ​ട്ട്ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ വൺ പ്ലസ്. വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ സം​ഭ​വി​ച്ച സു​ര​ക്ഷാ പാ​ളി​ച്ച​യു​ടെ അന്വേഷണം ഇതോടെ ഇവർ അ​വ​സാ​നി​പ്പി​ച്ചു.

വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​നി​ൽ​നി​ന്ന് പ​ണം പിൻവ​ലി​ക്ക​പ്പെ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സു​ര​ക്ഷാ വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. 2017 ന​വം​ബ​ർ പ​കു​തി മു​ത​ൽ ഈ ​മാ​സം 11 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ വ​ൺ പ്ല​സ് ഡോ​ട്ട് നെ​റ്റി​ൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് ചോ​ർ​ന്ന​ത്.

ഈ ​മാ​സം 16ന് ​പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളുടെ അടിസ്ഥാനത്തിൽ ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ൾ വ​ൺ പ്ല​സ് ബ്ലോ​ക്ക് ചെ​യ്തി​രു​ന്നു. വ​ൺ​പ്ല​സി​ന്‍റെ നാ​ല്പ​തി​നാ​യി​ര​ത്തോ​ളം വ​രു​ന്ന ഉ​പ​യോ​ക്താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും ക​മ്പ​നി വ്യക്തമാക്കി.