‘AI സെൽഫികളുമായി’ ഗാന്ധിജി മുതൽ ചെഗുവേര വരെ ; വൈറലായി മലയാളിയുടെ AI കരവിരുത് !

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാണ് ചെഗുവേരയുടെയും മഹാത്മാ ഗാന്ധിയുടെയും മെർലിൻ മൺറോയുടെയും കിടിലൻ സെൽഫി ചിത്രങ്ങൾ. AI ഉപയോഗിച്ച് നിർമിച്ച ഈ ചിത്രങ്ങൾ ഇപ്പോൾ ദേശീയതലത്തിൽ വരെ വൻ ഹിറ്റായി മാറുകയാണ്. മലയാളിയായ ജ്യോ ജോണ്‍ മുല്ലൂർ ആണ് ഈ സെല്‍ഫി സീരിസിന് പിന്നിലെ ആർട്ടിസ്റ്റ്. മഹാത്മാഗാന്ധി, കാൾമാക്സ്, ചെഗുവേര, അംബേദ്‌കർ, നെഹ്‌റു, സ്റ്റാലിൻ, എബ്രഹാം ലിങ്കൺ, ഐൻസ്റ്റീൻ തുടങ്ങി ബോബ് മാർലിയും മെർലിൻ മൺറോയും വരെ ഈ സെൽഫി ചിത്രങ്ങളിലുണ്ട്. ഓരോ ചിത്രങ്ങളിലെയും മികച്ച ഡീറ്റൈലിംഗ് ആണ് ജ്യോ ജോണിന്റെ സെല്‍ഫി സീരീസിനെ ശ്രദ്ധേയമാക്കുന്നത്. ഏറ്റവും മികച്ച സെല്‍ഫി ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോകൾക്ക് സമാനമായ ചിത്രങ്ങളാണ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പ്രതിഭകളുടെ സെല്‍ഫി ചിത്രങ്ങളായി AI ലൂടെ ജ്യോ നിര്‍മിച്ചെടുത്തിരിക്കുന്നത്.

യഥാർത്ഥ ചിത്രങ്ങൾ ഉപയോഗിച്ച് തന്റേതായ ഭാവനയ്ക്ക് അനുസരിച്ചാണ് ജ്യോ AI യിലൂടെ ജീവൻ തുടിക്കുന്ന സെൽഫികൾ നിർമിച്ചിരിക്കുന്നത്. ഓരോ ആളുകളുടെയും അവർ ജീവിച്ചിരുന്ന കാലഘട്ടങ്ങളിലെ വസ്ത്രധാരണം മുതൽ ആളുകളുടെ ലുക്കുകൾ വരെ അതിമനോഹരമായാണ് സെൽഫികളിലൂടെ പുനർ നിർമിച്ചിരിക്കുന്നത്. മാത്രമല്ല, ഓരോ ചിത്രങ്ങളുടേയും പശ്ചാത്തലവും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണ്. ഗ്രൂപ്പ് സെൽഫികളാണ് ജ്യോ നിർമിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ചിത്രങ്ങള്‍ ഒരുക്കാന്‍ സഹായിക്കുന്ന മിഡ്‌ജേണി എന്ന AI സോഫ്റ്റ്‌വെയറും ഫോട്ടോഷോപ്പും ഉപയോഗിച്ചാണ് സെൽഫി ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇന്‍സ്റ്റന്റ് മെസേജിങ് സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ഡിസ്‌കോര്‍ഡിലും മിഡ് ജേണി ബോട്ട് ഉപയോഗിച്ച് സമാനമായ AI ചിത്രങ്ങള്‍ നിര്‍മിക്കാനാവും.

എന്റെ പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ, പഴയകാല സുഹൃത്തുക്കൾ എനിക്ക് അയച്ചുതന്ന സെൽഫികളുടെ ഒരു നിധി ഞാൻ കണ്ടെത്തി എന്ന അടികുറിപ്പോടെയാണ് ജ്യോ സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ആദ്യമായല്ല ഇത്തരത്തിൽ സെൽഫികളും ചിത്രങ്ങളും പങ്കുവച്ച് ശ്രദ്ധ നേടുന്നത്. ഡിജിറ്റല്‍ കലാകാരനായ ജ്യോ ജോണ്‍ നിര്‍മിച്ച സീരീസുകൾ നേരത്തെയും ശ്രദ്ധേയമായിട്ടുണ്ട്. പച്ചപ്പിൽ മഞ്ഞ് പെയ്യുന്ന യുഎഇയും മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ബുര്‍ജ് ഖലീഫയും കാട്ടിലൂടെ പോവുന്ന മെട്രോയുമെല്ലാം ജ്യോ ഇതിനു മുൻപ് പങ്കുവെച്ചിട്ടുണ്ട്. ഒരിക്കൽ സപ്നത്തിൽ ദുബൈയില്‍ മഞ്ഞു പെയ്യുന്ന ദൃശ്യം കണ്ടതോടെയാണ് ആ ദൃശ്യം യാഥാർഥ്യമാക്കാനുള്ള വഴിയായി നിര്‍മിത ബുദ്ധി ഉപയോഗിക്കുന്ന ടൂളുകളിലേക്ക് എത്തിയതെന്നും ജ്യോ ജോണ്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അന്യഗ്രഹ ജീവികളുടെയും അന്യഗ്രഹ ജീവികൾ മനുഷ്യർക്കൊപ്പം ഉള്ള സെൽഫികളും പല കാലഘട്ടങ്ങളിലെയും രാജ്യങ്ങളിലെയും മനുഷ്യരുടെയും സെൽഫികളും ജ്യോ ഇതിന് മുൻപ് നിർമിച്ചിട്ടുണ്ട്.

മനുഷ്യന്റെ തലയുടെ രൂപത്തിലുള്ള ഹെൽമെറ്റുകൾ, പാദങ്ങളുടെ രൂപത്തിലുള്ള ചെരുപ്പുകൾ, പാല്‍തൂ ജാന്‍വര്‍ എന്ന സിനിമയെ ആധാരമാക്കി പക്ഷികളുടെയും മൃഗങ്ങളുടെയും കിടിലൻ ചിത്രങ്ങൾ എല്ലാം ജ്യോ നിർമിച്ചിട്ടുണ്ട്. മാത്രമല്ല, മോഹൻലാൽ, രജനികാന്ത്, മൈക്കിൾ ജാക്സൺ, മെസി തുടങ്ങി ഉസൈൻ ബോൾട്ടിന്റെയും സച്ചിൻ ടെണ്ടുൽക്കറുടെ കുട്ടികാലത്തെ രൂപങ്ങളും ജ്യോ പങ്കുവച്ചിട്ടുണ്ട്.

2012 മുതലാണ് ജ്യോ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചുള്ള ഡിജിറ്റല്‍ ചിത്രങ്ങളും വീഡിയോയോകളും നിര്‍മിക്കാന്‍ തുടങ്ങുന്നത്. ഇക്കാലയളവിൽ നിരവധി ചിത്രങ്ങളും സെല്‍ഫി സീരീസും ഹിറ്റായതോടെ ജ്യോ ജോണിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ കൂടിയിരിക്കുകയാണ്. ചിത്രങ്ങൾ വൈറൽ ആയതോടെ നിരവധി ആളുകളാണ് ജ്യോ ജോണിനെ പ്രശംസിച്ച് എത്തിയത്. AI യുടെ കടന്നു വരവോടെ നിരവധി ആർട്ടിസ്റ്റുകളാണ് ഇത്തരത്തിൽ ചിത്രങ്ങളും മറ്റും പങ്കുവെക്കുന്നത്. നമ്മുടെ ഭാവനകൾക്കും അപ്പുറത്തുള്ള പല തരത്തിലുള്ള ചിത്രങ്ങളാണ് പലരും AI യിലൂടെ നിർമിച്ചെടുക്കുന്നത്.