ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ഇന്ത്യൻ ടി-20 ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഓപണർ അഭിഷേക് ശർമ്മ. ഏത് ടീമായാലും ഭയമില്ലാത്ത അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്. ഇപ്പോഴിതാ അഭിഷേക് ശർമ്മയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

‘ സാധാരണ ഗതിയില്‍, അദ്ദേഹത്തെപ്പോലെ കളിക്കുന്ന കളിക്കാര്‍ സ്ഥിരത പുലര്‍ത്താറില്ല. ഇതുപോലുള്ള നിരവധി വലിയ കളിക്കാരെ ഞാന്‍ കണ്ടിട്ടുണ്ട്. സമാനമായ രീതിയില്‍ കളിച്ചിരുന്ന ക്രിസ് ഗെയ്ല്‍ പോലും സ്മാര്‍ട്ട് ക്രിക്കറ്റാണ് കളിച്ചിരുന്നത്. ഗെയ്ല്‍ മെയ്ഡന്‍ ഓവറുകള്‍ കളിച്ചിരുന്നു. ബാംഗ്ലൂര്‍ പിച്ചില്‍ ഗെയ്ല്‍ ആദ്യ ഓവര്‍ ശ്രദ്ധാപൂര്‍വ്വം കളിക്കുമായിരുന്നു, തുടക്കത്തിലെ ഒരു അഞ്ചെട്ട് പന്തുകള്‍, അവിടെ ബൗളര്‍മാര്‍ക്ക് തുടക്കത്തില്‍ തന്നെ സഹായം ലഭിച്ചിരുന്നു, അദ്ദേഹം ശ്രദ്ധാപൂര്‍വ്വം കളിക്കുകയും പിന്നീട് വേഗത കൂട്ടുകയും ചെയ്യുമായിരുന്നു’

‘അഭിഷേക് ശർമ്മ അത് മറികടന്നു. അയാള്‍ക്ക് അതിന്റെ ആവശ്യമില്ല. അയാള്‍ വന്ന ഉടനെ തന്നെ ആക്രമിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. കാര്യം, ഇതുപോലുള്ള ബാറ്റര്‍മാര്‍ സാധാരണയായി സ്ഥിരതയില്ലാത്തവരാണ്. ഒരു ഇന്നിങ്സിൽ അവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ അടുത്ത മൂന്ന് ഇന്നിങ്‌സില്‍ അവര്‍ ബുദ്ധിമുട്ടും, പിന്നെ ഒരു മികച്ച തിരിച്ചുവരവ് നടത്തുകയും പിന്നീട് മോശം പ്രകടനം കാഴ്ച്ചവെക്കുകയും ചെയ്യും’

Read more

‘എന്നാല്‍ അഭിഷേക് ശര്‍മയുടെ ശൈലി നോക്കൂ. എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്വയം തെളിയിക്കുന്നു. വെറും 12-14 പന്തുകള്‍ നേരിട്ടാലും അദ്ദേഹം 60-70 റണ്‍സ് നേടുന്നു. അതാണ് അവനെ ടീമിന്റെ മാച്ച് വിന്നറാക്കുന്നത്. മറ്റ് കളിക്കാര്‍ പരാജയപ്പെട്ടാലും, അഭിഷേക് ശര്‍മ്മ കളിച്ചാല്‍, ഇന്ത്യ വിജയിക്കുമെന്ന് ഉറപ്പാണ്’ മുഹമ്മദ് കൈഫ് പറഞ്ഞു.