'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ഇക്കഴിഞ്ഞ കുറച്ചുനാളുകളായി പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷയും നടനും കോമഡി താരവുമായ ഹരീഷ് കണാരനും തമ്മി അസ്വാരസ്യങ്ങൾ ഏറെയാണ്. ആരോപണ പ്രത്യാരോപണങ്ങൾ ഇടയ്ക്കിടെ ഇരുവരും ഉയർത്തുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസവും അത്തരത്തിൽ ആരോപണങ്ങളുമായി എൻ എം ബാദുഷ വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി ചർച്ചകളും ഉടലെടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് എൻ എം ബാദുഷ.

താൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലയിടത്തുനിന്നും ഉണ്ടായ സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചതെന്ന് എൻ എം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു താനെന്നും അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും എൻ എം ബാദുഷ പറഞ്ഞു.

സത്യവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ലെന്നും ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ എന്നും ബാദുഷ പറഞ്ഞു. ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ലെന്നും എല്ലാവരോടും സ്നേഹം മാത്രമാണ് ഉള്ളതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബാദുഷ പറയുന്നു. ഹരീഷ് കണാരന്റെയും വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബാദുഷ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.
ആർട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ celebrity management വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്. എൻ്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്.
നടൻ്റെ അല്ലെങ്കിൽ നടിയുടെ Date മാനേജ്മെൻ്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും.
എൻ്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിൻ്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?
അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡ. കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിൻ്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽക്കിയിട്ടുണ്ട്.ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയതിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എൻ്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.
അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്.
പ്രതികരിക്കാൻ വൈകിയത്
വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല.
ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ എന്നെ ഞെട്ടിച്ചു. എൻ്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.
സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.
ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..
ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.
എല്ലാവരോടും സ്നേഹം മാത്രം..
-ബാദുഷ

Read more