'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്ത് പവാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അജിത് പവാറിന്റെ മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടേ നേതാവായിരുന്നു അജിത് പവാർ എന്നും എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്നു അജിത് പവാറെന്നും മോദി കുറിച്ചു.

അതേസമയം അജിത് പവാറിന്റെ മരണം അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നുവെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് കുറിച്ചു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ എന്നും രാജനാഥ് സിംഗ് കൂട്ടിച്ചേർത്തു. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അജിത് പവാറിന് ഉണ്ടായിരുന്നുവെന്നും രാജനാഥ് സിംഗ് കുറിച്ചു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാജ്നാഥ് സിംഗ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അതിനിടെ അജിത്ത് പവാറിന്റെ വിയോഗം നികത്താൻ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചിച്ചു. അജിത്ത് പവാറിന്റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിച്ച നേതാവായിരുന്നും അജിത്ത് പവാർ. വ്യക്തിപരമായും എൻഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എൻഡിഎ അജിത് പവാറിന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു.

Read more

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടു. അജിത് പവാർ ബാരാമതിയിൽ ഒരു റാലി യിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടു. തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വയലില്‍ ഇടിച്ചിറങ്ങുകയായിരുന്നു.