'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

വിമാനപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ. ബോംബാർഡിയർ എയ്‌റോസ്‌പേസ് നിർമ്മിച്ച ലോകപ്രശസ്തമായ ബിസിനസ് ജെറ്റാണ് ഇന്ന് തകർന്ന ലിയർജെറ്റ് 45. ഇതിന്റെ പരമാവധി വേഗത ഏകദേശം മണിക്കൂറിൽ 860 കിലോമീറ്റർ ആണ്. ഏകദേശം 3,650 കിലോമീറ്റർ ഒറ്റയടിക്ക് പറക്കാൻ ഇതിന് സാധിക്കും. 51,000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട്.

ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപെടുന്നത്.

ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത് പവാർ. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടു. തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വയലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അജിത് പവാറും, അജിത് പവാറിന്റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥൻ വിധിപ് ജാദവ്, ക്യാപ്റ്റൻ സുമിത്ത് കപൂർ (പൈലറ്റ് ഇൻ കമാൻഡ്), ക്യാപ്റ്റൻ സംഭവി പതക് (ഫസ്റ്റ് ഓഫീസർ) എന്നിവരാണ് മരിച്ചത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താൻ ഡിജിസിഎ അന്വേഷണം തുടങ്ങി.

Read more