മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്. അപകട സ്ഥലത്തെ അവശിഷ്ടങ്ങൾ സൂക്ഷമമായി പരിശോധിച്ചുവെന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ വ്യോമയാന മന്ത്രാലയം, ഡിജിസിഎയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം അജിത് പവാറിന്റെ മരണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെ പ്രമുഖർ അനുശോചനം അറിയിച്ചു. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ ബരാമതിയിലേക്ക് പവാറും അനുയായികളും സ്വകാര്യവിമാനത്തിൽ യാത്ര ചെയ്തത്. അപകടത്തിൽ പെട്ടതോടെ വിമാനം പൂർണ്ണമായും കത്തിനശിച്ചു. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം അപകടത്തിൽപെടുന്നത്.
ബാരാമതിയിൽ ഒരു റാലിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത് പവാർ. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി. വിമാനം ലാൻഡിംഗിനിടെ വയലിൽ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം ലാന്‍ഡിങ് ചെയ്യുന്നതിനിടെ സാങ്കേതിക തകരാര്‍ നേരിട്ടു. തുടര്‍ന്ന് പൈലറ്റ് ക്രാഷ് ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വയലില്‍ ഇടിച്ചിറങ്ങുകയായിരുന്നു. വിമാനം കത്തി വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.







