സ്പീക്കര്‍മാര്‍ തഴയപ്പെടുമ്പോള്‍

സെബാസ്റ്റ്യന്‍ പോള്‍

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് സീറ്റില്ലെന്നുറപ്പായി. ഇന്‍ഡോറില്‍ അനൗദ്യോഗികമായി പ്രചാരണപ്രവര്‍ത്തനം ആരംഭിച്ച മഹാജന്‍ തന്റെ പിന്‍മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചു.  സീറ്റ് നിഷേധിച്ച് അപമാനിക്കുന്നതിനു പകരം സ്വമേധയാ പിന്‍വാങ്ങുന്നതിന് അവസരം നല്‍കിയത് ബിജെപിയുടെ മഹാമനസ്‌കത. എല്ലാവര്‍ക്കും ഇങ്ങനെ അവസരം കിട്ടാറില്ല. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിക്കുന്ന പലരും പട്ടിക പുറത്തുവരുമ്പോള്‍ അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യും.

ഭരണകക്ഷിയുടെ ആളായാണ് സ്പീക്കറാകുന്നയാള്‍ സഭയിലെത്തുന്നതെങ്കിലും സ്പീക്കറുടെ കസേരയില്‍ അദ്ദേഹം ഇരിക്കുന്നത് നിഷ്പക്ഷത ഭാവിച്ചു കൊണ്ടായിരിക്കണം. നല്ല സ്പീക്കര്‍മാര്‍ യഥാര്‍ത്ഥത്തില്‍ നിഷ്പക്ഷരായിരിക്കും. നിഷ്പക്ഷതയുടെ പ്രതിഫലം ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സില്‍ സ്പീക്കര്‍ക്ക് ലഭിക്കാറുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയുള്ള തിരഞ്ഞെടുപ്പാണ് ഔദ്യോഗികകാലത്തെ നിഷ്പക്ഷതയ്ക്ക് ലഭിക്കുന്ന പ്രതിഫലം.

 

ആരോഗ്യകരവും അനുകരണീയവുമായ കീഴ്‌വഴക്കമാണിത്. സ്പീക്കറായിരിക്കേ ജനപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യത്തിനുള്ള പ്രതിഫലമാണിത്. എന്നാല്‍ നമ്മുടെ നാട്ടില്‍ അങ്ങിനെയൊരു കീഴ്‌വഴക്കമില്ല. അതുകൊണ്ട് ഭരണകക്ഷിയോട് അകന്നുള്ള അടുപ്പം നിലനിര്‍ത്തി കൊണ്ടാണ് സ്പീക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. ഈ ദ്വന്ദ്വഭാവത്തില്‍ പലര്‍ക്കും നല്ല സ്പീക്കറാകാന്‍ കഴിയുന്നില്ല; നല്ല ജനപ്രതിനിധിയാകാനും കഴിയുന്നില്ല.
പ്രധാനമന്ത്രിയുടെ ഇംഗിതത്തിനു വഴങ്ങി സ്പീക്കര്‍ എന്ന പദവിയെ അവമതിച്ചയാളാണ് സുമിത്ര മഹാജന്‍. രാജ്യസഭ എന്ന വൈതരണി ഒഴിവാക്കുന്നതിന് ആധാര്‍ ബില്‍ ധനബില്ലാണെന്ന് സാക്ഷ്യപ്പെടുത്തിയ സ്പീക്കറാണവര്‍. സ്പീക്കര്‍ ഒപ്പിട്ടാല്‍ ഏതു ബില്ലും രാജ്യസഭയുടെ അംഗീകാരം ആവശ്യമില്ലാത്ത ധനബില്ലായി പരിഗണിക്കപ്പെടും. സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനത്തിനു വിധേയമായ വിഷയമാണിത്. സുമിത്ര മഹാജന്റെ അപചയങ്ങളില്‍ ഒന്നു മാത്രമാണിത്.

യുപിഏയ്ക്ക് സിപിഐ-എം നല്‍കിയ മഹത്തായ സംഭാവനയായിരുന്നു സോമനാഥ് ചാറ്റര്‍ജി. സ്പീക്കറെന്ന നിലയില്‍ അദ്ദേഹം ആ സര്‍ക്കാരിനെ ഫലപ്രദമായി സംരക്ഷിച്ചു. സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോഴും പാര്‍ട്ടി നിര്‍ദേശം വകവെയ്ക്കാതെ അദ്ദേഹം സ്പീക്കറായി തുടര്‍ന്നു. മന്‍മോഹന്‍ സിങ്ങിന്റെ വിശ്വാസവോട്ട് പാസാക്കിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായകമായ പങ്കു വഹിച്ചു. രണ്ടാം യുപിഏ സര്‍ക്കാരിന്റെ കാലത്ത് അതിനുള്ള പ്രതിഫലം അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഒരു ഗവര്‍ണര്‍ പദവിപോലും അദ്ദേഹത്തിനു നല്‍കാന്‍ യുപിഏ തയാറായില്ല.

1969ല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ എന്‍ സഞ്ജീവ റെഡ്ഡി ലോക്‌സഭയില്‍ സ്പീക്കറായിരുന്നു. നാമനിര്‍ദേശപത്രിക ഒപ്പിട്ടതിനു ശേഷം ഇന്ദിര ഗാന്ധി അദ്ദേഹത്തെ കാലുവാരി. റെഡ്ഡി തോറ്റു; ഗിരി ജയിച്ചു. 1977ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം മൊറാര്‍ജി ദേശായ് പ്രധാനമന്ത്രിയായപ്പോള്‍ സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതിയാക്കി കൊണ്ടാണ് ആ തെറ്റിന് പരിഹാരമുണ്ടാക്കിയത്.
ആവശ്യത്തിന് ഉപയോഗിക്കുകയും ആവശ്യം കഴിയുമ്പോള്‍ അവഗണിക്കപ്പെടുകയും ചെയ്യാനുള്ളവരാണ് സ്പീക്കര്‍മാര്‍.