വീണാ ജോര്‍ജിനെ വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിക്ക് സിപിഎം; മൂന്ന് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്കൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം. ഇന്ന് ചേര്‍ന്ന പത്തനംതിട്ട ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മൂന്നു ദിവസത്തിനകം നടപടിയെടുത്ത് റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറിയേറ്റിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റി അംഗം എന്‍ രാജീവ്, ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പിജെ എന്നിവരാണ് വീണാ ജോര്‍ജിനെ പരിഹസിച്ചും വിമര്‍ശിച്ചും പോസ്റ്റിട്ടത്. ഈ മാസം 10ന് എല്‍ഡിഎഫ് വിശദീകരണ യോഗം ചേരും. ആരോഗ്യമന്ത്രിക്കെതിരായ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ആറന്‍മുള മണ്ഡലത്തില്‍ എല്‍ഡിഎഫ് യോഗം ചേരും.

Read more

എല്ലാ പഞ്ചായത്തുകളിലും റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ആരോഗ്യമേഖലയെ യുഡിഎഫും ബിജെപിയും ചേര്‍ന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് എല്‍ഡിഎഫ് ആരോപിച്ചു. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് ചൊവ്വാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നില്‍ എല്‍ഡിഎഫ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.